കൊച്ചി: കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയുടെയും പുരോഗതിയുടെയും അളവുകോല്‍ പുസ്തകങ്ങളാണെന്ന് സംസ്ഥാന എക്സൈസ്-തുറമുഖ വകുപ്പ്മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു.സാമൂഹ്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ പുസ്തകങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് 16-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വേര്‍തിരിച്ച് വായിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സാംസ്കാരിക ദൗത്യമാണ് പസ്തകങ്ങള്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാരം കൊണ്ടുവന്നത് പുസ്തകങ്ങളാണെന്ന് പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. എഴുത്തും പുസ്തകങ്ങളും മാറുന്നതിനനുസരിച്ചാണ് ലോകത്തെ എല്ല മാറ്റങ്ങളും ഉണ്ടാകുന്നത്. വായനയുടെ കാര്യത്തില്‍ ലോകത്ത് മലയാളികളാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പ്രസിഡന്റ് ജസ്റ്റിസ് കെ. പത്മനാഭന്നായര് അധ്യക്ഷത വഹിച്ചു. ബുള്ളറ്റിന്റെ പ്രകാശനം മേയര്‍ ടോണി ചമ്മണി ഹൈബി ഈഡന് എംഎല്‍എക്ക് നല്കി നിര്‍വഹിച്ചു. പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഡയറക്ടര്‍ ഇ.എന്‍.നന്ദകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഡോ.സി.പി. താര സ്വാഗതവും അഡ്വ. എം. ശശിശങ്കര്‍ നന്ദിയും പറഞ്ഞു. എറണാകുളം ഭാരതീയ വിദ്യാഭവന് വിദ്യാര്‍ത്ഥികള്‍ ‘അറിവിന്റെ ജ്യോതി’ എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. കാവില്‍ ഉണ്ണികൃഷ്ണവാര്യരുടെ സോപാനസംഗീതവും അമൃത ടിവി സൂപ്പര്‍ഡാന്‍സര്‍ മത്സരാര്‍ത്ഥികളുടെ സ്റ്റേജ് ഷോയും തുടര്‍ന്ന് അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: