ഛണ്ഡീഗഡ്: ഹരിയാനയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുകള്‍ സ്ഥാപിക്കുന്നു. ദല്‍ഹി, ഛണ്ഡീഗഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്നുള്ള 30 തോളം ചെക്പോസ്റ്റുകളിലാണ് സ്കാനറുകള്‍ സ്ഥാപിക്കുന്നത്.
ചെക്ക്പോസ്റ്റില്‍ എത്തുന്ന സന്ദര്‍ശകരോട് ടെസ്റ്റിന് വിധേയരാകാന്‍ നിര്‍ദ്ദേശിക്കും. ഇവരുടെ വിരലടയാളം അയല്‍ സംസ്ഥാനങ്ങളിലെ കുറ്റവാളികളുടെ ഡാറ്റാബേസുമായി ഒത്തുനോക്കുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് ഒരു സ്കാനറിന്റെ വില. കുറ്റവാളികളുടെ ചിത്രങ്ങള്‍, വിരല്‍ അടയാളം, ക്രിമിനല്‍ റെക്കോഡ്, മറ്റ് സുപ്രധാന വിവരങ്ങള്‍ എല്ലാം അടങ്ങിയ ഡാറ്റാബേസാണ് ഈ സ്കാനറില്‍ ശേഖരിച്ചിട്ടുള്ളതെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡയറക്ടര്‍ എല്‍.ആര്.ദബാസ് പറഞ്ഞു. ഒരു ലക്ഷത്തോളം സജീവ കുറ്റവാളികളുടെ വിവരങ്ങള്‍ ഇത് പ്രകാരം ലഭ്യമാണ്.
സംശയകരമായ സാഹചര്യത്തില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവരിലായിരിക്കും വിരല്‍ അടയാള പരിശോധന നടത്തുകയുള്ളുവെന്ന് അധികൃതര്‍ പറയുന്നു. ഈ പദ്ധതിയുടെ ഭാഗമായി നാലിടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കും. പദ്ധതി വിജയകരമായി നടപ്പാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഹരിയാനയിലേയും അതേപോലെതന്നെ അയല്‍ സംസ്ഥാനങ്ങളിലേയും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: