പെരുമ്പാവൂര്‍: വെങ്ങോല പുതുപ്പാറ ഭഗവതിക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി കവര്‍ച്ച നടന്നു. ക്ഷേത്രത്തിലെ ഒരു ശ്രീകോവിലും ഓഫീസ് മുറിയും ഭണ്ഡാരവും കുത്തിതുറന്നു. ഓഫീസിലെ അലമാരയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും, ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. കൂടാതെ ശ്രീകോവിലുകളുടെ താക്കോല്‍കൂട്ടം എടുത്തുകൊണ്ട് പോവുകയും ചെയ്തു. ഇതേ തുടര്‍ന്ന് വൈകിയാണ് നടതുറന്ന് പുജ നടത്താന്‍ കഴിഞ്ഞത്. ഇന്നലെ രാവിലെ നടതുറക്കാന്‍ എത്തിയ മേല്‍ശാന്തി ഹരിദാസന് എമ്പ്രാന്തിരിയും, ശാന്തിക്കാരായ വിനോദ്, മധു എന്നിവരുമാണ് കവര്‍ച്ചയെക്കുറിച്ച് അറിഞ്ഞത്. ഓഫീസ് മുറിക്കുള്ളിലെ സേഫില്‍ ദേവിക്ക്ചാര്ത്തുന്നതിനുള്ള സ്വര്‍ണ താലികള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സേഫ് കുത്തിതുറന്നെങ്കിലും അത് എടുക്കാന്‍ കഴിഞ്ഞില്ല. മേല്‍ശാന്തിയുടെ മുറി കുത്തിതുറന്ന നിലയിലായിരുന്നു. എന്നാല്‍ അതിനുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടറും നഷ്ടപ്പെട്ടിട്ടില്ല.
മേപ്രത്ത് പടി മാങ്കുഴി റോഡില്‍ നെല്പ്പാടത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വെങ്ങോലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്. ചുറ്റുമതിലും, നാലമ്പലവും ഉള്ള ഈക്ഷേത്രത്തില്‍ ഗണപതി, ദുര്‍ഗ്ഗ, വിഷ്ണു, ശിവന് എന്നീ ദേവതകളുടെ ശ്രീകോവിലുകള്‍ ഉണ്ട്. കൂടാതെ റോഡിന് കിഴക്ക് വശത്തായി ഭദ്രകാളി ക്ഷേത്രവും ഉണ്ട്. എല്ലാ ശ്രീകോവിലുകളിലും വാതില്‍ കൂടാതെ ഇരുമ്പ് ഗേറ്റ് കൂടി പിടിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രം വിജനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ നിന്നും എത്രവലിയ ശബ്ദം കേട്ടാലും പുറംലോകം അറിയില്ല. ഇതിന് മുമ്പ് പല പ്രവശ്യവും ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഓരോ കവര്‍ച്ച നടക്കുമ്പോഴും പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് പോവുകയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഈ ക്ഷേത്രത്തിന് സമീപം ഉള്ള മുടപ്ലാപ്പിള്ളി തൃക്ക ക്ഷേത്രത്തില്‍ രണ്ടാഴ്ച മുമ്പ് കവര്‍ച്ച നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: