കീറോ: അധികാരവിപുലീകരണത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി രാജ്യത്തെ മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്തെ അധികാരം മുഴുവന്‍ പിടിച്ചെടുത്ത് നീതിന്യായ വ്യവസ്ഥയുടെ അധികാരങ്ങളെ ലംഘിക്കില്ലെന്ന് മുര്‍സി കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു. പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ഈജിപ്തിലെ ജനങ്ങളുടെ വന്‍ പ്രതിഷേധത്തിനിടയിലാണ് മുര്‍സി ജഡ്ജിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ നാല് ദിവസമായി മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് ഈജിപ്തിലെ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറുകയാണ്. മുര്‍സിക്കെതിരെ ദേശീയ സമരം പ്രഖ്യാപിച്ചാണ് ജഡ്ജിമാര്‍ പ്രതിഷേധിച്ചത്.
മുസ്ലീം ബ്രദര്‍ഹുഡിനെതിരായ പ്രതിഷേധത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെയാണ് നിലവിലെ നിയമമെന്നും മറിച്ച് രാജ്യത്തെ അധികാരം പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും മുര്‍സി പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ഉത്തരവുകളെ ലംഘിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുര്‍സി ഉറപ്പ് നല്‍കിയതായും അദ്ദേഹത്തിന്റെ വക്താവ് യാസര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ രാജിവെക്കാനോ ഭരണഘടനാ ഭേഗഗതി വേണ്ടെന്നുവെക്കാനോ മുര്‍സി തയ്യാറല്ലെന്നും അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഭരണഘടനാഭേദഗതിയുടെ പ്രഖ്യാപനവുമായി മുര്‍സി രംഗത്തെത്തിയത്.
മുര്‍സിയുടെ നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെങ്കിലും വിഷയത്തില്‍ ജനഹിതപരിശോധന നടത്തണമെന്ന് മുസ്ലീം ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനം താല്‍ക്കാലികമാണെന്നും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മുര്‍സി പ്രതികരിച്ചു. ഇതിനിടെ രാജ്യത്തെ തൊഴില്‍ നിയമം മുര്‍സി ഭേദഗതി ചെയ്തു. രാജ്യത്തെ ഏക ട്രേഡ് യൂണിയന് ഫെഡറേഷന്റെ കേന്ദ്രസ്ഥാനങ്ങളിലേക്ക് സര്‍ക്കാരിന് ഇതുപ്രകാരം നിയമനം നടത്താം.
അതേസമയം, ഈജിപ്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് പരസ്യ പ്രകടനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. മുര്‍സിയുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രതിഷേധം നിര്‍ത്തുകയാണെന്ന് മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വം അറിയിച്ചു. അതേസമയം, വിപ്ലവം സംരക്ഷിക്കാനായി കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കാനും കോടതികള്‍ക്ക് അതീതനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുര്സിയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനു മുന്‍തൂക്കമുള്ള ഭരണഘടനാ അസംബ്ലി പിരിച്ചുവിടരുത്, താന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവാണ് കഴിഞ്ഞ ബുധനാഴ്ച്ച മുര്‍സി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: