ന്യൂദല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണത്തിനുള്ള നിയമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ലോക്സഭാസ്പീക്കര്‍ മീരാകുമാറിനെയും സമീപിക്കും. ശീതകാലസമ്മേളനത്തിന് മുമ്പായി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നും ഈ സമ്മേളനത്തില്‍ തന്നെ വനിതാസംവരണ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ മമത ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് ഇക്കാര്യം ഉന്നയിച്ച് മുന്‍രാഷ്ട്രപതി പ്രതിഭാപാട്ടീലിന് നിവേദനം നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയത് വഴി പരിഗണനാര്‍ഹമായ രീതിയില്‍ ശാക്തീകരണം നടന്നിട്ടുണ്ടെന്നും ഈ മാറ്റം മുകള്‍ത്തട്ടിലും പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും മമത ശര്‍മ്മ പറഞ്ഞു. പെണ്‍ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വനിതാകമ്മീഷന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് സ്വാഗതാര്‍ഹമല്ലെന്നും മമത ശര്‍മ്മ ചൂണ്ടിക്കാട്ടി. സ്ത്രീകളുമായി ബന്ധപ്പെട്ട 13 നിയമങ്ങള്‍ വനിതാ കമ്മീഷന് പുനരവലോകനം ചെയ്തുവരികയാണെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: