മുംബൈ: മുംബൈ ഭീകരാക്രമണം നടന്ന് നാല് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തിന്റെ സുരക്ഷാ വലയം ഭേദിച്ച് ഏത് നിമിഷവും ഭീകരര്‍ക്ക് എത്തിപ്പെടാവുന്ന സാഹചര്യം തെന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. തീരദേശ സുരക്ഷ സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് പ്രധാന വസ്തുത. നാല് വര്‍ഷം മുമ്പ് കടല്‍ മാര്‍ഗ്ഗമാണ് ഭീകരര്‍ ഇന്ത്യയിലെത്തി ആക്രമണം നടത്തിയതെന്ന കാര്യം വ്യക്തമായിരുന്നിട്ടും തീര ദേശ സുരക്ഷ ശക്തമാക്കുന്നതില്‍ കേന്ദ്രം കാട്ടുന്ന അലംഭാവം മുംബൈ ഇപ്പോഴും സുരക്ഷിതമല്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തീരദേശ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് കഴിഞ്ഞ ദിവസം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈ പോലീസ് നടത്തിയ മോക് ഡ്രില്ലിലൂടെയാണ് സാമ്പത്തിക തലസ്ഥാനമായ മുംബൈ ഒട്ടുംതന്നെ സുരക്ഷിതമല്ലയെന്ന വസ്തുത വെളിച്ചത്തുവന്നത്. അന്ന് നടത്തിയ മോക് ഡ്രില്ലില്‍ ഭീകരര്‍ക്ക് തീര സുരക്ഷാ സംവിധാനം ലംഘിച്ച് മൂന്നിടത്തുകൂടി മുംബൈ നഗരത്തില്‍ പ്രവേശിക്കാന്‍ സാധിച്ചു. യാതൊരുവിധത്തിലുമുള്ള തടസ്സവും കൂടാതെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ഗേറ്റ് വേ ഓഫ് ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ്, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ മോക് ഡ്രില്‍ നടത്തിയ പോലീസ് സംഘത്തിന് കഴിഞ്ഞതായും സിംഗ് വ്യക്തമാക്കി.
2009 ല്‍ മുംബൈ പോലീസ് വാങ്ങിയ നാല് സീലെഗ്സ് പട്രോള്‍ ബോട്ടുകള്‍ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ മൂലം അടിയ്ക്കടി ഉണ്ടാകുന്ന ബ്രേക്ക്ഡൗണ്‍ തകരാറും മറ്റൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും ഏത് സംഭവത്തേയും നേരിടുന്നതിന് പോലീസ് സജ്ജമാണെന്നും സിംഗ് പറയുന്നുണ്ടെങ്കിലും മുംബൈ നഗരത്തിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക ഒഴിയുന്നില്ല.
2010 നും 2012 നും ഇടയിലുള്ള കാലയളവില്‍ നിരവധി മാസങ്ങള്‍ നാല് ബോട്ടുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്ത തീരദേശ സുരക്ഷാ പദ്ധതിയില്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക, പട്രോള്‍ ബോട്ടുകള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടപ്പാക്കേണ്ട പദ്ധതിയായിരുന്നു ഇത്.
അതേസമയം ഏത് സാഹചര്യത്തേയും നേരിടുന്നതിന് രാജ്യം സജ്ജമാണെന്ന് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുമ്പോഴും സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പതിനൊന്നില്‍ അധികം കൊടും കുറ്റവാളികളെ ഇപ്പോഴും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുമുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിം മുതല്‍ ലഷ്കര്‍ ഭീകരന് ഹഫീസ് മുഹമ്മദ് സയീദ് വരെ ഉള്‍പ്പെടുന്നു.
ദാവൂദ് ഇബ്രാഹിം
മുംബൈ അധോലോകത്തിന്റെ തലവന്‍ എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിം ലോകത്തെമ്പാടുമായി നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1993 ലെ ബോംബെ ബോംബാംക്രമണവുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരയുന്നത്. ബോളിവുഡുമായും ബന്ധമുണ്ടെന്ന് കരുതുന്നു. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചു.
മൗലാന മസൂദ് അഷര്‍
ജയിഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവന്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പടെ ഇന്ത്യയ്ക്കകത്ത് നിരവധി ഭീകര പ്രവര്‍ത്തനങ്ങളാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. 1994 ല്‍ അഷര്‍ അറസ്റ്റിലായെങ്കിലും 1999 ല്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് വേണ്ടി ഇയാളെ വിട്ടുകൊടുക്കേണ്ടി വന്നു.
ഹഫീസ് മുഹമ്മദ് സയീദ്
ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ സ്ഥാപകന്‍. 2008 ലെ മുംബൈ ഭീകരാക്രണം ഉള്‍പ്പടെ ഒട്ടനവധി കേസുകളിലാണ് ഇയാളെ തിരയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനും സയീദാണ്. നിരവധി തവണ പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. 2012 ഏപ്രിലില്‍ യുഎസ് ഇയാളുടെ തലയ്ക്ക് 10 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സകിയൂര്‍ റഹ്മാന് ലക്വി
2008 ലെ മുംബൈ ഭീകരാക്രമണം, 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര എന്നിവയുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലക്വിയ്ക്കെതിരെ ഇന്റര്‍പോളും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സന്ദീപ് ദാങ്കെ
2007 ഫെബ്രുവരി 18 ന് ഉണ്ടായ സംജോധ എക്സ്പ്രസ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇയാളെ തിരയുന്നത്. സ്ഫോടനത്തില്‍ 68 പേര് കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സന്ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് എന്‍ ഐ എ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെയിഖ് ഷക്കീല്‍
(ഛോട്ടാ ഷക്കീല്‍)
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളില്‍ ഒരാള്‍. മാഫിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലാണ് ഛോട്ടാ ഷക്കീലിന്റെ പ്രധാന ചുമതല.
സൈയ്യിദ് സലാഹുദ്ദീന്
ഹിസ്ബുള്‍ മുജാഹിദീനിന്റെ സ്ഥാപകന്‍. ജമ്മു കാശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പണം എത്തിക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് എന്‍ഐഎ ഇയാളെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2011 സപ്തംബര്‍ ഏഴിന് ദല്‍ഹി ഹായ് കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടത്തിയതിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണെന്നാണ് ആരോപണം. സ്ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
രാമചന്ദ്ര കല്‍സന്‍ഗ്ര
സംജോധ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാളെയും തിരയുന്നത്. 10 ലക്ഷം രൂപയാണ് കല്സന്ഗ്രയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം.
ഇബ്രാഹിം മേമന്
(ടൈഗര്‍ മേമന്)
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന് 1993 ലെ ബോംബെ ബോംബ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ്. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തരില്‍ ഒരാളയ ടൈഗര്‍ മേമനാണ് മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
സുരേഷ് നായര്‍
2007 ഒക്ടോബര്‍ 11 ന് അജ്മീര്‍ ദര്‍ഗ ഷറീഫ് ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരയുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ പറ്റി എന്തെങ്കിലും വിവരം നല്കുന്നവര്ക്കായി രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
സജീദ് മിര്‍(സജീദ് മജീദ്)
മുന്‍ പാക് മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്ന സജീദ് മിറാണ് കറാച്ചിയിലിരുന്ന് 26/11 മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത്. ബന്ദികളാക്കപ്പെട്ട നിരവധി പേരെ വധിക്കാനും ഇയാള്‍ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: