മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഇന്ന് നാല് വയസ്. 2008 നവംബര്‍ 26 നാണ് പാക്കിസ്ഥാനില്‍നിന്നുള്ള പത്തോളം ഭീകരര്‍ മുംബൈയിലെത്തി ഭീകരാക്രമണം അഴിച്ചുവിട്ടത്. അറുപത് മണിക്കൂര്‍ നീണ്ടുനിന്ന ഭീകരാക്രമണത്തില്‍ നമുക്ക് നഷ്ടപ്പെട്ടത് 166 ജീവനുകള്‍. കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഏക പ്രതി അജ്മല്‍ അമീര്‍ കസബിനെ കഴിഞ്ഞ 21 ന് പൂനെയിലെ യേര്വഡ ജയിലില്‍ തൂക്കിലേറ്റി. ഇതുതന്നെയാണ് നാലാം വാര്‍ഷികത്തില്‍ ഓരോ ഇന്ത്യക്കാരനും ആശ്വസിക്കാനുള്ളത്.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മുംബൈയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. കസബിനെ തൂക്കിലേറ്റിയതിന് ശക്തമായ മറുപടി നല്‍കുമെന്ന് താലിബാന് മുന്നറിയിപ്പ് നല്‍കിയത് കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം മുംബൈയില്‍ പല സ്ഥലങ്ങളിലായി നിരവധി പരിപാടികളും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആസൂത്രിതമായ പത്ത് ഭീകരാക്രമണങ്ങളാണ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ വാണിജ്യ നഗരത്തില്‍ ലഷ്കര്‍ ഭീകരര്‍ അഴിച്ചുവിട്ടത്. 26-ാം തീയതി തുടങ്ങിയ ആക്രമണം 60 മണിക്കൂറാണ് നീണ്ടുനിന്നത്. നവംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുന്നതുവരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു.
22 വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനല്‍, ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള താജ്മഹല്‍ പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നീ സ്ഥലങ്ങളിലാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ബോംബേറിലൂടെയും വെടിവെപ്പിലൂടെയുമാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ കണ്ട്രോള് റൂമിലിരുന്നാണ് മുംബൈയിലെ ഭീകരാക്രമണം നിയന്ത്രിച്ചത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സയിദ് ഉള്‍പ്പെടെയുള്ള ഭീകരരാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് ഇന്നത്തെ ദിവസം. ഇവരാണ് യഥാര്‍ത്ഥ ഹീറോ. ഇവരെ ഓര്‍മിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ദിവസമെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍ ഇന്നലെ ദല്‍ഹിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: