കൊല്ലം: ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ)യുടെ കായികമേഖലയോടുള്ള അനാസ്ഥ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ആക്ഷേപം. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റിലാണ് സിബിഎസ്ഇയോടുള്ള ആക്ഷേപം കായിക വിദ്യാര്‍ത്ഥികളും കായിക അധ്യാപകരും രക്ഷിതാക്കളും പങ്കുവച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കായികശേഷി വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി നിരവധി വേദികളുണ്ട്. സബ്ജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന മീറ്റുകളില്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക ഗ്രേഡ് മാര്ക്കുകളുമുണ്ട്. സിബിഎസ്ഇ ഇത് നല്‍കുന്നില്ല. വെറും പരീക്ഷാ നടത്തിപ്പു കേന്ദ്രമായി മാത്രം സിബിഎസ്ഇ അധഃപതിച്ചു കഴിഞ്ഞതായി രക്ഷിതാക്കളും ആരോപിക്കുന്നു.
സ്കൂളുകളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ നേരിട്ട് സംസ്ഥാന മീറ്റുകളില്‍ പങ്കെടുക്കുന്നതുമൂലമുള്ള സംഖ്യാ ബാഹുല്യം മീറ്റിന്റെ നടത്തിപ്പിനെ ബാധിക്കുന്നതിനാലും ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ളതിനാലും സ്വകാര്യ സിബിഎസ്ഇ സ്കൂളുകള്‍ കായികമേള ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വന്തം നിലയ്ക്ക് നടത്തട്ടെ എന്നതാണ് സിബിഎസ്ഇയുടെ നിലപാട്. അതേസമയം ചുരുക്കം ചില മാനേജ്മെന്റുകള്‍ അക്കാദമികമായ പഠനത്തോടൊപ്പം കായിക മേഖലയ്ക്കും ഊന്നല്‍ നല്‍കുന്നത് പ്രതീക്ഷ നല്‍കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കായിക അധ്യാപകര്‍ പറഞ്ഞു. സിബിഎസ്ഇയുടെ സിലബസ് അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സ്കൂളുകളാണ് ഇന്ന് കേരളത്തിലുള്ളത്. സിബിഎസ്ഇ സ്പോര്‍ട്സ് അധ്യാപകര്‍ക്ക് സ്പോര്‍ട്സ് കമ്മറ്റികളോ കൂട്ടായ്മ ഇല്ലാത്തതും മൂലം കേരളാ കായികരംഗം ഇന്ന് അപചയത്തിലാണെന്ന് എറണാകുളം ചിന്മയ വിദ്യാലയത്തിലെ കായിക അധ്യാപകന് ബിനു ജോസഫ് പറഞ്ഞു. സിബിഎസ്ഇ സ്പോര്‍ട്സ് മീറ്റിനായി തുച്ഛമായ ഗ്രാന്റ് മാത്രമേ സ്കൂളുകള്‍ക്ക് നല്കുന്നുള്ളു എന്നും സ്വകാര്യ സ്കൂളുകളെ ഇതിനായി നിര്‍ബന്ധിക്കാന്‍ അധികാരമില്ലാത്തതും പ്രശ്നം സങ്കീര്‍ണമാകുന്നതായും ഒരുപതിറ്റാണ്ടിലേറെക്കാലമായി കായിക പരിശീലന രംഗത്തുള്ള ബിനു പറഞ്ഞു. കേന്ദ്ര മാനവശേഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിബിഎസ്ഇയെ സര്‍ക്കാര്‍ ഒരു പരീക്ഷാ നടത്തിപ്പുകേന്ദ്രം മാത്രമായി ഒതുക്കിയതില്‍ പരിഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: