ന്യൂല്‍ദഹി: അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ദയാഹര്‍ജിയെ ബാധിക്കില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു. സരബ്ജിത്തിന്റെ ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ ഇന്ത്യയോടു പ്രതികാരനടപടി സ്വീകരിക്കില്ലെന്ന സൂചനകളാണ് പാക് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നു ലഭിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയിലെ നിയമസംവിധാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ കഴിഞ്ഞ രാഷ്ട്രപതിയുടെ കാലത്ത് സമര്‍പ്പിക്കപ്പെട്ട നിരവധി പേരുടെ ദയാഹര്‍ജികള്‍ പോലും മാറ്റിവച്ച് കസബിന്റെ ദയാഹര്‍ജിയില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും പാക്കിസ്ഥാന് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ പ്രതികാര നടപടിയ്ക്കു മുതിരില്ലെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു. 1990കളില്‍ പാക് നഗരങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയെന്നാണ് സരബ്ജിത്തിനെതിരായ കുറ്റം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സരബ്ജിത് ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് ഉള്ളത്. ഇതിനോടകം തന്നെ നിരവധി തവണ സരബ്ജിത് പാക്ക് പ്രസിഡന്റിന് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാക് സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: