കോട്ടയം: കുടുംബശ്രീപോലെ പഞ്ചായത്ത് കേന്ദ്രമാക്കി രൂപീകരിച്ച പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ മടിക്കുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിച്ച കുടുംബശ്രീ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. ഈ മുന്നേറ്റം ലക്ഷ്യംവച്ചാണ് സംസ്ഥാനത്ത് പുരുഷ സ്വാശ്രയസംഘങ്ങള്‍ രൂപീകൃതമായത്.
ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് കേന്ദ്രീകരിച്ച് ഒട്ടേറെ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചു. പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രാഥമിക അംഗീകാരം നല്‍കുന്നത് ബ്ലോക്ക് ഓഫീസിലാണ്. പുരുഷ സ്വാശ്രയസംഘങ്ങളെ നിരീക്ഷിക്കുന്നത് ബിഡിഒയുടെ ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രാമസേവകനും പുരുഷ സ്വാശ്രയസംഘങ്ങളെ നിരീക്ഷിക്കുന്നു.
പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് പുതിയ സംരംഭം ആരംഭിക്കുവാന്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്കു നല്കുന്നതുപോലെ കുറഞ്ഞ പലിശ നിരക്കില്‍ ലിങ്കേജ് വായ്പ അനുവദിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥന്മാര് പറഞ്ഞിരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ ഇത് നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല.
സുവര്‍ണ്ണ ജയന്തി ഗ്രാമസുരക്ഷാ യോജന പദ്ധതിപ്രകാരം പുരുഷസ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ പദ്ധതി പ്രകാരം ചില സ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി മൂന്നുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു പകരം ദേശീയ ഗ്രാമീണ ഉപജീവന മിഷന് എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിക്കുമെന്നായിരുന്നു നിര്‍ദ്ദേശം. ഒന്നരവര്‍ഷമായി ഈ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.
സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ പുരുഷ സ്വാശ്രയ സംഘങ്ങളുണ്ട്. ഇവരുടെ നിക്ഷേപത്തിന്റെ ഈടില്‍ ബാങ്കുകള്‍ നല്കിയ വായ്പകൊണ്ടാണ് പുരുഷ സ്വാശ്രയസംഘങ്ങള്‍ സംരംഭങ്ങള്‍ തുടങ്ങിയത്. ലക്ഷങ്ങളുടെ നിക്ഷേപമുള്ളവയാണ് ഈ സ്വാശ്രയസംഘങ്ങള്‍. സ്വയപ്രയത്നം കൊണ്ടും സംഘശക്തികൊണ്ടുമാണ് ഇവര്‍ വിജയിക്കുന്നത്. പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ സഹായം കൊണ്ടല്ല. സര്‍ക്കാരിന്റെ യാതൊരു പരിഗണനയും ഇവര്‍ക്ക് ലഭിക്കുന്നില്ല.
ചിട്ടികള്‍, ബസ്സ് സര്‍വ്വീസുകള്‍, ആംബുലന്‍സ് സര്‍വ്വീസ്, ചെണ്ടമേളം, മൈക്ക് സെറ്റ്, കേറ്ററിംഗ് സര്‍വ്വീസ് എന്നിങ്ങനെ ഒട്ടേറെ തൊഴില്‍സംരംഭങ്ങള്‍ പുരുഷ സ്വാശ്രയസംഘങ്ങള്‍ നടത്തിവരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. കുടുംബശ്രീയ്ക്കൊപ്പം പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്കും സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്നാണ് സ്വാശ്രയസംഘങ്ങളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു പുരുഷ സ്വാശ്രയ സംഘങ്ങള്‍ സംഘടിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സ്വാശ്രയസംഘം സംസ്ഥാന കോര്‍ഡിനേറ്ററുമായ എന്‍.ജെ.പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: