കോതമംഗലം: കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും വിദഗ്ധ ചികിത്സാര്‍ത്ഥം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത പട്ടികജാതിക്കാരിയായ വേട്ടാമ്പാറ സ്വദേശിനി ലിജ രാജേഷ് എന്ന പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ആംബുലന്‍സില്‍ കൊണ്ടുപോകുവാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. താക്കോലില്ലെന്നും ഡീസലില്ലെന്നും മുടന്തന്‍ ന്യായം പറഞ്ഞ് മണിക്കൂറുകളോളം താമസിപ്പിച്ചു. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലെ ഹെഡ്നഴ്സ് അയിരം രൂപ ഡീസലടിക്കാന്‍ ഡ്രൈവര്‍ക്ക് നല്കാന് തയ്യാറായിട്ടും ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരും മറ്റ് നാട്ടുകാരും ഉടന്‍തന്നെ മൂവാറ്റുപുഴയില്‍ നിന്നും ആംബുലന്‍സ് വരുത്തി രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ സമാനമായ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. സംഭവത്തിനുത്തരവാദിയായ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കണ്‍വീനര്‍ സന്തോഷ്പത്മനാഭന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: