സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നും 40 വര്‍ഷത്തെ സേവനത്തിന് ശേഷം പോള്‍ ഒട്ടലിനി വിടവാങ്ങുന്നു. മെയ് മാസത്തോടെ സിഇഒ സ്ഥാനത്തുനിന്നും വിടവാങ്ങുമെന്ന കാര്യം ഒട്ടലിനി തന്നെയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. കമ്പനിയില്‍ നിന്നും പിരിയാന്‍ മൂന്ന് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ഈ പ്രഖ്യാപനം. ഒട്ടലിനി വിടവാങ്ങുന്നുവെന്ന വാര്‍ത്ത സാങ്കേതിക ലോകത്ത് ഏറെ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.
ഒട്ടലിനി കമ്പനി വിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരക്കിലാണ് തങ്ങളെന്ന് ഇന്റല്‍ അധികൃതര്‍ പറഞ്ഞു. 2005 മെയിലാണ് ഒട്ടലിനി ഇന്റലിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഇന്റലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കമ്പനിയുടെ വരുമാനം 57 ശതമാനം ഉയര്‍ത്തി 55 ബില്യണ്‍ ഡോളറിലെത്തിക്കുന്നതിനും ഒട്ടലിനിയ്ക്ക് സാധിച്ചിരുന്നു. അതേസമയം ഇന്റലിന്റെ ഓഹരി വില ഇദ്ദേഹത്തിന്റെ കാലത്ത് 20 ശതമാനം ഇടിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ ഇന്റലില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ് നിലവിലുള്ളത്.
അതി വേഗത്തില്‍ വളരുന്ന ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെക്ക് പ്രവേശിക്കാന്‍ വൈകിയതാണ് ഇന്റലിന്റെ ഓഹരി വില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് ഒട്ടലിനിയുടെ പിന്‍ഗാമിയായി ഇന്റല്‍ തിരയുന്നതെന്ന് ചെയര്മാന് ആന്‍ഡ്രു ബ്രയന്റ് വ്യക്തമാക്കി. കമ്പ്യൂട്ടര്‍ വിപണിയില്‍ നിന്നും അകന്ന് പോകാന്‍ ഉദ്ദേശമില്ലെന്നും വിപണിയിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുദീര്‍ഘമായ 40 വര്‍ഷത്തെ സേവനത്തിന് ശേഷം പുതിയ തലമുറയിലേക്ക് നേതൃസ്ഥാനം കൈമാറാന്‍ സമയമായെന്ന ചിന്തയാണ് ഒട്ടലിനിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് ഇന്റലിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്റലിന്റെ മൂന്നാം പാദ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനം ഇടിഞ്ഞ് മൂന്ന് ബില്യണ്‍ ഡോളറിലെത്തിയതായി കഴിഞ്ഞ മാസം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് ഡിമാന്റ് ഇടിഞ്ഞതാണ് ഇതിന് കാരണം. ആഗോള തലത്തില്‍ തന്നെ ഇതിന്റെ ഡിമാന്റ് 8.6 ശതമാനം ഇടിഞ്ഞ് 87.8 ദശലക്ഷം യൂണിറ്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: