പള്ളുരുത്തി: ഒരായിരം ഓര്‍മ്മകളും പഴയ അനുഭവങ്ങളും പങ്കുവെച്ച് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് തന്റെ വിദ്യാലയമായ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളില്‍ എത്തി. അറുപതുവര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ സ്കൂളിലെത്തിയ തോമസ് മാസ്റ്റര്‍ക്ക് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഹൃദ്യമായസ്വീകരണം നല്കി. പഴയ വിദ്യാലയവും ക്ലാസ് റൂമും സന്ദര്‍ശിച്ച മാസ്റ്റര്‍ അക്കാലത്തെ അനുഭവങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകാംക്ഷ. ഓര്‍മ്മകള്‍ തണല്‍ വിരിച്ചുനില്ക്കുന്ന സ്കൂളിന്റെ നടുമുറ്റത്ത് വളര്‍ന്ന് പന്തലിച്ച മാവിന് ചുവട്ടിലെത്തിയ തോമസ് മാസ്റ്റര്‍ വികാരാധീനനായി. തന്നെതാനാക്കിയതിനുപിന്നില് ഈ സ്കൂളിനും, മാഞ്ചുവിടിനും ഒരു പാട് ബന്ധമുണ്ടെന്നും ഞാന്‍ പ്രസംഗം പഠിച്ചത് ഇതേമാവിന്റെ ചുവട്ടിലാണെന്നും അദ്ദേഹം അനുസ്മരിച്ചു.
മുന്‍സ്പീക്കറും എംഎല്‍എയുമായ അലക്സാണ്ടര്‍ പറമ്പിത്തറ ഹെഡ്മാസ്റ്ററായിരുന്നു. മാസ്റ്റര്‍ അന്ന് പറഞ്ഞ ഇംഗ്ലീഷ് വാക്ക് ഇന്നും മനസ്സിലുണ്ട്. ബോയ്സ് അണ്ടര്ദിമാങ്കോട്രീ, ഗേള്‍സ് അണ്ടര്ദി… വരാന്ത ഒരു ചിരിയോടെയല്ലാതെ മാസ്റ്ററുടെ പെരുമാറ്റം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ അപ്പനും ജ്യേഷ്ഠനും പഠിച്ചത് ഇതേസ്കൂളിലായിരുന്നു. ഒരു കുടുംബ വീടായി മാത്രമേ ഈ വിദ്യാലത്തിനെ ഓര്‍ക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. റോക്കി മാസ്റ്ററാണ് കണക്കും ഇംഗ്ലീഷും പഠിപ്പിച്ചത്. എലിസബത്ത് ടീച്ചറായിരുന്നു ഒന്നാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ എന്നും തോമസ് മാഷ് പറഞ്ഞുനിര്‍ത്തി.
വിദ്യാര്‍ത്ഥികളുമായി ഒരു മണിക്കൂറിലധികം ചിലവഴിച്ചാണ് മന്ത്രി സ്കൂളില്‍നിന്നും യാത്രപറഞ്ഞിറങ്ങിയത്. പ്രിന്‍സിപ്പല്‍ സി.ജെ.സേവ്യര്‍, ഹെഡ്മിസ്ട്രസ് ജെസ്സിജേക്കബ്, സിസ്റ്റര്‍ ജാന്‍സി, പിടിഎ പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു, എം.പി.ശിവദത്തന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
- കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: