യുണൈറ്റഡ് നേഷന്‍സ്: ഇറാന് ആണവസമ്പുഷ്ടീകരണം ഇരട്ടിയാക്കാന്‍ ശ്രമിക്കുന്നതായുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ട് ചോര്‍ന്നു. ഇറാന്റെ ഫോര്‍ഡോ ആണവനിലയത്തിലാണ് ഇതിനുള്ള കൂടുതല്‍ സംഭരണികള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തില്‍ 2784 സെന്‍ട്രിഫ്യൂജുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതില്‍ ഉപയോഗത്തിലുള്ളവയുടെ എണ്ണം 700 ല്‍ നിന്ന് 1400 ആക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരെ അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമ്മര്‍ദ്ദം ശക്തമായി വരുന്ന സാഹചര്യത്തിലാണ് ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇറാന്റെ ആണവായുധ നിര്‍മാണവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുടെ സംശയം ബലപ്പെടുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സമാധാനത്തിലൂന്നിയുള്ള ഊര്‍ജ്ജ ലഭ്യത മാത്രം ലക്ഷ്യം വെക്കുന്ന പരീക്ഷണങ്ങളാണ് നടത്തുന്നതെന്നാണ് ഇറാന്റെ വിശദീകരണം.
കഴിഞ്ഞ ആഗസ്റ്റിലാണ് ആണവോര്‍ജ്ജ ഏജന്‍സി പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. അമേരിക്കയും ഇസ്രായേലുമാണ് ഇറാന്റെ ആണവ പദ്ധതിക്കെതിരെ രംഗത്തെത്തിയത്. ആണവനിലയത്തില്‍ കൂടുതല്‍ പഠനത്തിനായി ഏജന്‍സിയെ ഇറാന് ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നാണ് വെള്ളിയാഴ്ച്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജനുവരിയോടെ വീണ്ടും പഠനം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഫോര്‍ഡോയിലെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് ഇതുവരെ പൂര്‍ണ സജ്ജമായിട്ടില്ല. 3000 സെന്‍ട്രിഫ്യൂജുകള്‍ വരെ സ്ഥാപിക്കാവുന്ന പ്ലാന്റാണ് ഇത്. പ്രതിമാസം 25 കിലോ യുറേനിയം ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് ഇറാന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാന് ആണവായുധ നിര്‍മാണത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ആരോപണം. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് പറയുന്നുണ്ടെങ്കില്‍ കൂടി ആണവായുധ നിര്‍മാണത്തിനായുള്ള പര്‍ച്ചിന്‍ എന്ന മറ്റൊരു നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പാശ്ചാത്യ രാജ്യങ്ങളും, നയതന്ത്ര വിദഗ്ധരും ഇതു തന്നെയാണ് വിശ്വസിക്കുന്നത്. എന്നാല്‍ ആണവായുധ നിര്‍മാണത്തിന് പര്‍ച്ചിന്‍ ഉപയോഗിക്കുന്നുണ്ടെന്ന വാദം ഇറാന് തള്ളുകയും ചെയ്തു. എന്നാല്‍ പര്‍ച്ചിന്‍ ആണവനിലയത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇറാന് നല്‍കണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏജന്‍സിയുമായി ഇറാന് സഹകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് പറയുന്നത്. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ആണവായുധ നിര്‍മാണം എന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച ക്ക് തയ്യാറാണോയെന്ന് ഇറാനോട് ആണവോര്‍ജ്ജ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഇവര്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ 13ന് ടെഹ്റാനില്‍ ആണവോര്‍ജ്ജ ഏജന്‍സിയും ഇറാന് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: