“ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരോട് കാട്ടിവരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കണക്കുണ്ടോ? ഈ ഇരുപതാം നൂറ്റാണ്ടിലും മലയാളദേശങ്ങളില്‍ ശേഷിച്ചുകിടക്കുന്ന ദയനീയമായ ജാതിസ്പര്‍ദ്ധയേയും ഉയര്‍ന്ന ജാതിക്കാരായി വിചാരിക്കപ്പെടുന്ന ചിലര്‍ അപ്രകാരമല്ലാത്തവരോട് കാണിച്ചുവരുന്ന മനുഷ്യോചിതമല്ലാത്ത ക്രൂരതയേയും കുറിച്ച് അറിയാമെന്നുള്ളവര്‍ക്ക് അതിന് വേറെ തെളിവുകള്‍ ആവശ്യമില്ലല്ലോ. കഷ്ടം ഈ സ്പര്‍ദ്ധ ഇപ്പോഴും ഇത്ര അസഹീനമാണെങ്കില്‍ പുരുഷാന്തരങ്ങള്‍ക്ക് മുന്‍പ് ഇത് എത്ര അസഹനീയമായിരുന്നിരിക്കണം. ചുരുക്കത്തില്‍ ഇന്ത്യയിലെ, വിശേഷിച്ച് മലയാളത്തിലെ താഴ്ന്ന ജാതിക്കാരോട് ഉയര്‍ന്ന ജാതിക്കാര്‍ കാണിച്ചുവരുന്ന പരമദ്രോഹങ്ങളെക്കുറിച്ച് ഇപ്പോള്‍ നാം വിചാരിക്കുന്നതായാല്‍, അമേരിക്കയിലെ ആദ്യനിവാസികളോട് സ്പെയിനിലെ കഠിനഹൃദയന്മാരായ ഘാതകന്മാര് കൂടി ഇത്ര കഠിനതകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പറഞ്ഞാല്‍ അബദ്ധമല്ലെന്ന് തോന്നുന്നു. മലയാളത്തില്‍ മിക്കവാറും അധികം താഴ്ന്ന ജീതിക്കാര്‍ ക്രമേണ മനുഷ്യസഹവാസവും മനുഷ്യസംഭാഷണവും മനുഷ്യദര്‍ശനം തന്നെയും വെടി
ഞ്ഞ് എല്ലാം കാടുകയറുകയും, നിശ്ചയമായും ഇതിനിടയില്‍ (ഡാര്വ്വിന് എന്ന സായ്പിന്റെ സിദ്ധാന്തത്തെക്കൂടിയും തെറ്റിച്ചു) പ്രായേണ മൃഗങ്ങളായിത്തീരുകയും ചെയ്യുമായിരുന്നു.
ഇനി നമ്മുടെ പ്രകൃതത്തെ നോക്കാം. ഈഴവരായ നാം സംഖ്യയില്‍ തിരുവിതാംകോട്ടെ ഹിന്ദുപ്രജകളില്‍ രണ്ടാമത്തവരും, കൊച്ചിയില്‍ പക്ഷേ, ഒന്നാമത്തവരും ആകുന്നു. ബ്രിട്ടീഷ് അതിര്‍ത്തികളിലും നാം വളരെ അധികമാണ്. ഒക്കെപ്പാടെ, നാം മലയാളത്തില്‍ ഏറ്റവും വലുതായ ഒരു ജനസമുദായമാണ്. ഇത് നമുക്ക് വാസ്തവത്തില്‍ ഒരു അഭിമാനഹേതുതന്നെ. എന്നാല്‍ നമ്മുടെ സമുദായസ്ഥിതിയോ? അത് നമ്മള്‍ക്ക് അത്രത്തോളം തൃപ്തികരമായിരിക്കുന്നില്ല. എന്നുമാത്രമല്ല, വളരെ അതൃപ്തികരമായും ഇരിക്കുന്നു. നമ്മില്‍ ധനവാന്മാരും വിദ്വാന്മാരും അധികമുണ്ട്. പക്ഷേ, നമ്മുടെ സംഖ്യയോട് ഒത്തുനോക്കുമ്പോള്‍ അത് തീരെ അല്‍പ്പമാകുന്നു. നമ്മുടെ സമുദായത്തില്‍ എല്ലാംകൊണ്ടും മലയാളത്തിലെ ഏറ്റവും ഉല്‍ക്കൃഷ്ടജാതികളെപ്പോലെ യോഗ്യതയുള്ളവരും മലയരെപ്പോലെ താഴ്ന്നവരുമുണ്ട്. യോഗ്യന്മാരെക്കൊണ്ട് സിദ്ധിക്കുന്ന ഉല്‍ക്കര്‍ഷംപോലെ തന്നെ ഒരു സമുദായത്തിന് അയോഗ്യന്മാരെക്കൊണ്ട് അപകര്‍ഷവും സ്വഭാവേന ഉണ്ടാകുന്നതാണല്ല. നമ്മുടെ സമുദായത്തിനുള്ള പ്രത്യക്ഷമായ ന്യൂനതകളെ നാം ഇവിടെ എണ്ണിയിട്ട് ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ നമ്മുടെ സമുദായത്തില്‍ ആരും ഇതുവരെ അതിന്റെ പരിഹാരങ്ങളെക്കുറിച്ച് യാതൊന്നും ആലോചിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് കാണുന്നത് എത്ര ശോചനീയമാണ്.
- പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: