കൊച്ചി: മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന നല്കുന്ന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതായി ഫിഷറീസ്മന്ത്രി കെ. ബാബു അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ജില്ലാ അടിസ്ഥാനത്തില്‍ പ്രധാന മത്സ്യബന്ധന ഗ്രാമങ്ങള്‍/ഫിഷ് ലാന്റിംഗ് സെന്ററുകള്‍/ഫിഷിംഗ് ഹാര്‍ബറുകള്‍ എന്നിവ കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ നിയന്ത്രണത്തില്‍ നിലവിലുള്ള ഡീസല്‍ ബങ്കുകള്‍ക്ക് സമാനമായി ഓരോ മണ്ണെണ്ണ ബങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധനത്തിനാവശ്യത്തിനായി പ്രതിമാസം 2532 കെ.എല്‍. മണ്ണെണ്ണ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് വഴി മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഈ വിധം അനുവദിയ്ക്കുന്ന മണ്ണെണ്ണ താലൂക്ക് അടിസ്ഥാനത്തില്‍ എണ്ണക്കമ്പനി വിതരണക്കാരാണ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നത്. മത്സ്യതൊഴിലാളികള്‍ പലപ്പോഴും ഈവിധം മണ്ണെണ്ണ എടുക്കുന്നതിനായി യാത്രാ ചിലവിനത്തിലും മറ്റുമായി ഭീമമായ തുക ചെലവാക്കേണ്ടി വരുന്നതു കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കുന്നത്.
നിലവിലുള്ള സംവിധാനത്തില്‍ വളരെയധികം ക്രമക്കേടുകള്‍ നടക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനാണ് നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ച് മത്സ്യമേഖലയ്ക്കുള്ള മണ്ണെണ്ണ വിതരണം മത്സ്യഫെഡില്‍ നിക്ഷിപ്തമാക്കുന്നത്. ശേഷിയുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ മത്സ്യഫെഡ് കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: