ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗിന് ശനിയാഴ്ച ദല്‍ഹി കോടതി മാനനഷ്ടക്കേസില്‍ നോട്ടീസയച്ചു. ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണത്തിലാണ് നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 499, 500 പ്രകാരമാണ് പ്രതിയാക്കപ്പെട്ട ദിഗ്വിജയ് സിംഗിനോട് വിചാരണയ്ക്ക് ഡിസംബര്‍ 21ന് ഹാജരാകാന്‍ മെട്രൊപൊളിറ്റന്‍ മജിസ്ട്രേട്ട് സുദേഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16ന് രണ്ടു സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഗഡ്കരിയുടെയും രാജ്യസഭാ എംപി കൂടിയായ ബിജെപി ദേശീയ സെക്രട്ടറി ഭൂപീന്ദര്‍ യാദവിന്റെയും മൊഴികളാണ് കോടതി രേഖപ്പെടുത്തിയത്.
കല്‍ക്കരിപ്പാടം വീതിച്ചു നല്കിയ കേസില്‍ വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന തന്റെ പാര്‍ട്ടിയുടെ എംപിയായ അജയ് സഞ്ചേതിയുമായി ഗഡ്കരിക്ക് വ്യാപാരബന്ധങ്ങളുണ്ടെന്ന ദിഗ്വിജയ് സിംഗിന്റെ വെളിപ്പെടുത്തലിനെതിരെയാണ് ഗഡ്കരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സഞ്ചേതിയുമായി തനിക്ക് വ്യാപാരബന്ധങ്ങളുണ്ടായിട്ടേ ഇല്ലെന്നും കല്‍ക്കരി ഖാനി എംപിക്കു നല്‍കിയതില്‍ തനിക്കു പങ്കില്ലെന്നും ഗഡ്കരി നിഷേധിച്ചു. അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങളുന്നയിച്ചതിന് ദിഗ്വിജയിനെ തുറങ്കിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ അഭിഭാഷകനായ അജയ് ദിഗ്പാല്‍ വഴി സമര്‍പ്പിച്ച പരാതിയില്‍ മാനനഷ്ടത്തിന് ഐപിസി 499-ാം വകുപ്പും മാനനഷ്ടത്തിന് ശിക്ഷ 500-ാം വകുപ്പും അനുസരിച്ച് സിംഗിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. കല്ക്കരിഖനികള് വീതം വച്ചതില്‍ നടത്തിയ അഴിമതി സി എ ജി തുറന്നു കാട്ടിയതിലൂടെ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭീകരമായ പ്രതിസന്ധി നേരിടുകയാണെന്നും അതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിംഗ് തന്റെ പേര് മനപ്പൂര്‍വം വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഗഡ്കരി കുറ്റപ്പെടുത്തി. തന്റെ കക്ഷിക്ക് നേരിട്ടോ അല്ലാതെയോ സഞ്ചേതി എംപിയുമായി യാതൊരു ബന്ധവുമില്ലെന്നും സിംഗിന്റെ പ്രസ്താവന മനപ്പൂര്‍വം കരിവാരിത്തേയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഗഡ്കരിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഗഡ്കരിക്ക് സഞ്ചേതിയുമായി വ്യാപാര ബന്ധങ്ങളുണ്ടെന്നും കല്‍ക്കരി അഴിമതിയില്‍ 490 കോടി രൂപ സഞ്ചേതിയില് നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള ദിഗ്വിജയ്സിംഗിന്റെ അടിസ്ഥാനരഹിത ആരോപണം സപ്തംബര്‍ 3ന് ഇറങ്ങിയ നിരവധി വര്‍ത്തമാനപ്പത്രങ്ങളില്‍ താന്‍ വായിച്ചതായി യാദവ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. വാര്‍ത്ത ഗഡ്കരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും മാനനഷ്ടത്തിനിടയാക്കിയെന്നും യാദവ് പറഞ്ഞു. സിംഗിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച ഒരു അംഗീകൃത ഇംഗ്ലീഷ് വര്‍ത്തമാനപ്പത്രത്തിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: