ശബരിമലയ്ക്ക് പോകുന്നവര്‍ പരശ്ശതം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പതിനെട്ടാംപടി കയറുന്നതിന് നാല്‍പ്പത്തൊന്നുദിവസത്തെ വ്രതം അത്യാവശമാണ്. ഇതിനെ ഒരു മണ്ഡലക്കാലത്തെ വ്രതം എന്നുപറയുന്നു. പള്ളിക്കെട്ടുകൂടാതെ പോകുന്നവര്‍ക്കും പതിനെട്ടാംപടി കയറുന്നില്ലാത്തവര്ക്കും ഇത്രയും ദിവസത്തെ വ്രതം വേണമെന്ന് നിര്‍ബന്ധമില്ല. സ്വാമിദര്‍ശനത്തിന് പോകുവാന്‍ ഇച്ഛിക്കുന്നവര്‍ സാധാരണ വൃശ്ചികമാസം ഒന്നാംതീയതി മുതല്‍ മാല ധരിച്ച് വ്രതമാരംഭിക്കുന്നു. ആദ്യംപോകുന്നവരെ കന്നിക്കാര് എന്നാണ് വിളിക്കുന്നത്.
മാലയിടുന്നത് ഏതെങ്കിലും ക്ഷേത്രസന്നിധിയില്വച്ചായിരുന്നാല് കൊള്ളാം. അവരവര്‍ ഉദ്ദേശിക്കുന്ന പഴമക്കാരില്നിന്നോ ഇതരഗുരുജനങ്ങളില് നിന്നോ ക്ഷേത്രങ്ങളില്‍ ദേവസന്നിധിയില്വച്ച് പൂജിച്ച് പൂജകനില്നിന്നോ മാല സ്വീകരിക്കാവുന്നതാണ്. ഭഗവാന്റെ മുദ്ര (മാല) ധരിക്കുന്നതിന് ഏതുദിവസവും കൊള്ളാമെങ്കിലും ശനിയാഴ്ചയോ ഉത്രം നക്ഷത്രമോ ഏറ്റവും ഫലപ്രദമാണ്. ആരില്‍ നിന്നും മാല സ്വീകരിക്കുന്നുവോ ഗുരുസങ്കല്പ്പത്തോടുകൂടി ആ ആളിന് ദക്ഷിണ നടത്തണം. സ്വാമിയേ ശരണമെന്ന് സങ്കല്‍പ്പിച്ച് സ്വാമി തന്നെ പരമഗുരു എന്നാണ് കരുതേണ്ടത്. മാല ധരിക്കുമ്പോള്‍ ‘മനസാ വാചാ കര്‍മണാ ചെയ്തുപോയിട്ടുള്ള സകല പിഴകളും പൊറുത്ത് സ്വാമിയുടെ അനുഗ്രഹമുണ്ടായി മലചവിട്ടിവന്ന് പതിനെട്ടാംപടികയറി തൃപ്പാദം കണ്ടുവന്ദിച്ച് ദര്‍ശനഫലം ലഭിച്ച് സസുഖം എത്താന്‍ അനുവദിക്കണേ’ എന്ന് ധ്യാനിക്കണം. മാല പലതുണ്ടെങ്കിലും, രുദ്രാക്ഷമാല, തുളസിമാല ഇവ ഏറ്റവും വിശേഷമാണെന്നാണ് അഭിപ്രായം.
ശബരിനാഥദര്ശനാര്ത്ഥം ഏവനൊരുവന് മുദ്ര ധരിക്കുന്നുവോ അന്നുമുതല്‍ അവന് സംശുദ്ധനായിത്തീരുന്നു. അഷ്ടരാഗങ്ങളുടെ ആക്രമണത്തില്‍ നിന്നും അന്നുമുതല്‍ അവന് ഭൂതവൃന്ദങ്ങളാല് സംരക്ഷിക്കപ്പെടുന്നു. ഈ മുദ്ര ധരിക്കുന്നമാത്രില്ത്തന്നെ സകല കല്മഷങ്ങളും ഞെട്ടിവിറയ്ക്കുന്നു. വ്രതാരംഭദിനംമുതല് താന്‍ യഥാര്‍ത്ഥമായ ഭക്തി കൈക്കൊണ്ട് ഭഗവ ന്നാമ മന്ത്ര ജപാദികളില്‍ നിരതനായി വര്‍ത്തിക്കണം. മന്ത്രാദികള്‍ ഒന്നും അറിവില്ലെങ്കില്‍ “സ്വാമിയേ ശരണമയ്യപ്പാ” എന്ന് ജപിക്കുന്നത് ഏറ്റവും ഉത്തമ മാണ്. അയ്യപ്പ സ്വാമിയേ ശരണം വിളിക്കുകയും അദ്ദേഹത്തിന്റെ ദിവ്യരൂപം മനസില്‍ ധ്യാനിക്കുകയും ചെയ്യണം. ഭഗവല്സ്തുതിക്കുതന്നെ അഷ്ടോത്തരശതനാമാവലിയോ സഹസ്രനാമങ്ങളോ മറ്റ് സ്തോത്രങ്ങളോ ഉപാസിച്ച് ധര്‍മശാസ്താവിനെ ഭജിക്കണം. ഏതൊന്നായാലും ഭക്തിമാത്രംകൊണ്ട് ദേവപ്രസാദം ആര്ജിക്കാവുന്നതാകുന്നു. ഭക്തിജ്ഞാനകര്മ്മങ്ങളാണല്ലോ മുക്തിമാര്ഗങ്ങളായി ഹൈന്ദവഗ്രന്ഥങ്ങള്‍ ഘോഷിക്കുന്നത്. എന്തെല്ലാമനുഷ്ഠിച്ചിരുന്നാല് ഭക്തിക്ക് ലോകം വന്നാല്‍ അത് ശ്രേയോമാര്ഗങ്ങളെ തടയുന്നതാണ്.
- വിദ്വാന് കുറുമള്ളൂര്‍ നാരായണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: