കൊച്ചി: ഡെങ്കിപ്പനി പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നവംബര്‍ 18, 25, ഡിസംബര്‍ രണ്ട് തീയതികളില്‍ കൊതുക് നിയന്ത്രണത്തിനായി ഡ്രൈ ഡേ ആചരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ വീടുകളിലും, സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് കൊതുക് പരത്തുന്ന രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്തും. ഇതോടനുബന്ധിച്ച് സ്കൂള്‍, കോളേജ് കുട്ടികളെ പങ്കെടുപ്പിച്ചു റാലികളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 224 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വീടുകളിലും പരിസരങ്ങളിലും കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയുക, വെളളം കെട്ടി നില്ക്കാന് ഇടയുളള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക എന്നതാണ് ഡ്രൈഡേ ആചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഉറവിട നശീകരണത്തിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിത ശൈലിയുടെ ഭാഗമാക്കുവാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ടെറസിലും സണ്‍ഷെയ്ഡിലുമൊക്കെ കെട്ടിനില്‍ക്കുന്ന ചെറിയ അളവിലുളള വെളളത്തില്പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിടാമെന്നതിനാല് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതും പനിയുളളപ്പോള്‍ സ്വയം ചികിത്സക്ക് മുതിരാതെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സ തേടേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: