ന്യൂദല്‍ഹി: ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടപ്പെട്ട കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി അനുകൂല നിലപാട് സ്വീകരിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. ദീപാവലിക്ക് മുമ്പ് മെയ് മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എയര്‍ലൈന്‍സ് അധികൃതര്‍ക്ക് വാക്ക് പാലിക്കാനായില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ മെയ് മാസത്തെ ശമ്പളം നല്‍കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് മുഴുവന്‍ കുടിശ്ശികയും അടച്ച് തീര്‍ക്കണമെന്ന നിബന്ധന വിമാനത്താവളം നടത്തിപ്പുകാര്‍ മുന്നോട്ട് വയ്ക്കാതിരിക്കാന്‍ ആവശ്യപ്പെടണമെന്ന് വ്യോമയാന സെക്രട്ടറി കെ.എന്‍.ശ്രീവാസ്തവയോട് കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് സിഇഒ സഞ്ജയ് അഗര്‍വാള്‍ അപേക്ഷിച്ചിട്ടുണ്ട്.
കുടിശ്ശിക മുഴുവന്‍ തീര്‍ക്കുന്നതിന് മുമ്പ് പറക്കാന്‍ അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുമ്പാകെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ദല്‍ഹി എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ എയര്‍ലൈന്‍സിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
8,000 കോടി രൂപയുടെ കടബാധ്യതയുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 9,000 കോടിയാണെന്നാണ് കണക്കാക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ കിങ്ങ്ഫിഷര്‍ സര്‍വീസുകള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഭാവി പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിസിഎ മുമ്പാകെ സമര്‍പ്പിക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താന്‍ പുറത്ത് നിന്നുള്ള നിക്ഷേപകര്‍ ആരും തന്നെ തയ്യാറായിട്ടില്ല. ഡിസംബര്‍ 31 ന് എയര്‍ലൈന്‍സിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കും. നിലവിലുള്ള സസ്പെന്ഷന് പിന്‍വലിക്കാതെ ലൈസന്‍സ് പുതുക്കി നല്‍കാനും സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: