തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശന്റെ തൃക്കേട്ട പുറപ്പാട് ദര്‍ശിച്ച് ഭക്തസഹസ്രങ്ങള്‍ക്ക് നിര്‍വൃതിയായി. ഉച്ചയ്ക്ക് 12ന് ഭഗവാനെ ചെറുനാരങ്ങ, പുളി, എള്ളെണ്ണ ഇവയാല്‍ ലേപനം ചെയ്ത് ജലാഭിഷേകം നടത്തി തുടര്‍ന്ന് വിളക്കുവച്ച് അലങ്കരിച്ച് തിരുവാഭരണം ചാര്‍ത്തി നിവേദ്യം നല്കി ശീവേലി നടത്തിയതിന് ശേഷം 7 മണിയോടെയാണ് തൃക്കേട്ട പുറപ്പാടിന് ഭഗവാനെ എഴുന്നള്ളിച്ചത്. ആനപ്പന്തലില്‍ നിരന്ന 14 ഗജവീരന്മാര്ക്കു നടുവില്‍ ഭഗവത് ചൈതന്യമാര്‍ന്ന സ്വര്‍ണ്ണകോലം, സ്വര്‍ണപ്പിടിയുള്ള വെണ്‍ചാമരവും ആലവട്ടവും വീശി എത്തിയതോടെ മദ്ദളപറ്റ്, കൊമ്പ്, കുഴല്‍ പറ്റ് തുടങ്ങിയ വാദ്യഘോഷം ഉയര്‍ന്നു. തുടര്‍ന്നായിരുന്നു. പ്രത്യേകം സജ്ജമാക്കിയ സ്വര്‍ണകലശത്തില്‍ കാണിക്കസമര്‍പ്പണം. 8ന് ആരംഭിച്ച കാണിയ്ക്ക രാത്രി രണ്ടുവരെ തുടര്‍ന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇന്നത്തെ ചടങ്ങിന് സമാനമായ രീതിയില്‍ എഴുന്നള്ളിപ്പ് നടക്കും. 19ന് ആറാട്ടോടെയാണ് ഉത്സവസമാപനം തുടങ്ങുക. ക്യൂനിയന്ത്രിക്കുന്നതിന് ബാരിക്കേഡുകള്‍ കെട്ടിക്യൂസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി രാജകുടുംബ പ്രതിനിധി, ദേവസ്വം അധികാരികള്‍ കൂടാതെ പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാം സകുടുംബം തൃക്കേട്ട പുറപ്പാട് ദര്‍ശിച്ച് കാണിക്കയര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 7.30ന് പഞ്ചാരിമേളത്തോടെ ശീവേലി, 11.30ന് ഓട്ടന്‍ തുള്ളല്‍ 2ന് അക്ഷരശ്ലോക സദസ്സ് രാത്രി 9ന് മോഹന്‍ സന്താനത്തിന്റെ സംഗീത കച്ചേരി എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: