കൊച്ചി: സ്കൂളില്‍ ഏഴാം ക്ലാസ് പഠനത്തിനുശേഷം വിദ്യാര്‍ഥികളുടെ താല്‍പ്പര്യപ്രകാരം വിഷയാധിഷ്ടിതമായി വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്ന തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ സമൂലമാറ്റം വരുത്തണമെന്ന് സിനിമതാരം സുരേഷ്ഗോപി. കളമശ്ശേരി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷകാലത്ത് സ്കൂള്‍ തുറപ്പ് ഉല്‍സവത്തോടനുബന്ധിച്ച് പലപ്പോഴും നാം നടത്തുന്നത് ചുമട് ചുമക്കല്‍ ഉല്‍സവമായാണ് പര്യവസാനിക്കുന്നത്. ഇത് എത്ര വയസു വരെ തുടരണമെന്ന് നാം ആലോചിക്കണം. ഉണര്‍വ് പദ്ധതിയിലൂടെ സമൂഹത്തെ ഒന്നാകെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പടിപടിയായി കളമശേരി മണ്ഡലത്തിലെ എല്ലാവര്ക്കും വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി വിഭാവന ചെയ്യുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കളമശേരിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലും സമഗ്രവിദ്യാഭ്യാസത്തിന്റെ വാതായനം തുറന്നിരിക്കുകയാണ്. 12-ാം ക്ലാസ് വരെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത്മന്ത്രി മുന്‍കയ്യെടുത്ത് ആവിഷ്കരിച്ച പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുന്നുകരയില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ടൗണ്‍ഹാളില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ദീപശിഖ ഏറ്റുവാങ്ങി. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടിയവരെ ജില്ലാ കളക്ടര്‍ ആദരിച്ചു.
കഴിഞ്ഞ വര്‍ഷം മണ്ഡലത്തില്‍ ആരംഭിച്ച അക്ഷയ ഉച്ചഭക്ഷണ പദ്ധതിക്ക് തുടര്‍ച്ചയായാണ് ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തി കൃഷി പ്രോത്സാഹിപ്പിക്കല്‍, കായിക പരിശീലനം, പോഷകാഹാര വിതരണം, സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, ഓഡിറ്റോറിയം, സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
യോഗത്തില്‍ എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാജന് ഗുരുക്കള്‍, നഗരസഭ ചെയര്മാന്മാരായ ജമാല്‍ മണക്കാടന്, ജോസഫ് ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം പി.എ. ഷാജഹാന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ജിന്നാസ്, ടി.യു. പ്രസാദ്, ഫാത്തിമ ഷംസുദ്ദീന്, ഷാജിത ഷംസു, കളമശ്ശേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. രവീന്ദ്രനാഥ്, കൗണ്‍സിലര്‍ ഷാജഹാന് കടപ്പിള്ളി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: