കൊച്ചി: പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയശാഠ്യം വാര്‍ത്തകളിലേയ്ക്ക് കടന്നുകയറുന്നത് ദുഃഖകരമാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. വാര്‍ത്തയ്ക്ക് പകരം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബിന്റെ 2011 ലെ പി.എസ്.ജോണ്‍ പുരസ്കാരം സാഹിത്യനിരൂപകയും അദ്ധ്യാപികയുമായ ഡോ.എം. ലീലാവതിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്. ജോണിനെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. റിപ്പോര്‍ട്ടിംഗില്‍ അവയൊരിക്കലും കടന്നുവന്നിട്ടില്ല. തികഞ്ഞ നിഷ്പക്ഷത പുലര്‍ത്താനും എല്ലാവരോടും സൗഹൃദവും ബന്ധവും നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു.
പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയയുടന്‍ റിപ്പോര്‍ട്ടിംഗിലേക്ക് വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദൃശ്യമാധ്യമങ്ങളില്‍ വരുന്നവരില്‍ പലരും തങ്ങളുടെ രാഷ്ട്രീയം തീവ്രമായ ശാഠ്യമായി പ്രകടിപ്പിക്കുകയാണ്. സംഭവങ്ങളും വസ്തുതകളും നേര്‍രേഖയില്‍ കാണിച്ചുകൊടുക്കുകയാണ് പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം.
സാഹിത്യത്തെ സംശുദ്ധമായി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഡോ.എം. ലീലാവതിയെന്ന് സ്പീക്കര്‍ പറഞ്ഞു. ഒന്നും നേടാനോ ആരെയെങ്കിലും കൊണ്ട് നേടിക്കാനോ അവര്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന് എംഎല്‍എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന് സംസ്ഥാന സമിതിയംഗം ആര്.ആര് ജയറാം പ്രശസ്തിപത്രം അവതരിപ്പിച്ചു. സ്പീക്കര്‍ക്ക് പ്രസ് ക്ലബ്ബിന്റെ ഉപഹാരം സംസ്ഥാന സമിതിയംഗം ആന്റണി ജോണ്‍ സമര്‍പ്പിച്ചു. സെക്രട്ടറി എം.എസ് സജീവന് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിബി സദാശിവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: