മുംബൈ: കരിമ്പിന് മെച്ചപ്പെട്ട വില ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഗാപൂര്, സാങ്ഗ്ലി ജില്ലകളിലാണ് കര്‍ഷക മാര്‍ച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയത്. കര്‍ഷകര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും പോലീസ് ജീപ്പ്പ് കത്തിക്കുകയും സര്‍ക്കാര്‍ ബസ്സുകള്‍ തകര്‍ക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചായിരുന്നു സമരം. കര്‍ഷകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കരിമ്പിന് മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക പ്രതിനിധികള്‍ ഇന്നലെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല സമീപനമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. അതിനിടെ, കര്‍ഷക സമരത്തിന് നേതൃത്വം നല്കിയ രാജ്ജു ഷെട്ടി എംപി തിങ്കളാഴ്ച അറസ്റ്റ് വരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലും ഇതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇതിനിടെ കരിമ്പ് കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ. കരിമ്പ് കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പറഞ്ഞ ഹസാരെ സമരവുമായി ബന്ധപ്പെട്ട് സാങ്ഗ്ലി ജില്ലയിലുണ്ടായ വെടിവെപ്പിനെയും സമരം കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതിയെയും അപലപിച്ചു. കര്‍ഷകരോട് അക്രമത്തിന്റെ പാത വെടിയാന്‍ ആവശ്യപ്പെട്ട ഹസാരെ അക്രമം സമരത്തെ ക്ഷയിപ്പിക്കുമെന്നും പറഞ്ഞു.
കര്‍ഷകര്‍ക്കെതിരെ വെടിവെപ്പ് നടത്തിയ സര്‍ക്കാര്‍ ഈ ദീപാവലി ഇരുട്ടിന്റേതാക്കിയെന്ന് ഹസാരെ അഭിപ്രായപ്പെട്ടു. തന്റെ ഗ്രാമമായ റാലെഗന് സിദ്ധിയില്‍ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹസാരെ കരിമ്പ് കര്‍ഷകരുടെ സമരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കര്‍ഷകരുടെ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു കര്ഷകന് കൊല്ലപ്പെട്ടിരുന്നു.
ഒരു ടണ്‍ കരിമ്പിന് 3000രൂപ എന്ന കര്‍ഷകരുടെ ആവശ്യം പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറി ഉടമകള്‍ നിരസിച്ചതിനെത്തുടര്‍ന്ന് എംപിയും ‘സ്വാഭിമാനി ഷെട്കരി സംഘട്ടനാ’ നേതാവുമായ രാജൂ ഷെട്ടിയുടെ നേതൃത്വത്തില്‍ കര്ഷകര്സമരം ശക്തിപ്പെടുത്തുകയായിരുന്നു. ഷെട്ടിയെ പോലീസ് തടവിലാക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് കര്‍ഷകര്‍ പോലീസ് സംഘത്തെ ഹോട്ടലില്‍ ഉപരോധിക്കുകയും തുടര്‍ന്ന് പോലീസ് വെടിവെക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തില്‍ പോലീസ് ജീപ്പ്പുകളും സര്‍ക്കാര്‍ ബസ്സുകളും മറ്റ് വാഹനങ്ങളും തീവെക്കുകയുണ്ടായി. ഷെട്ടിയാണ് അക്രമത്തിന്റെ പിന്നിലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ അഭിപ്രായത്തെ ഹസാരെ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: