കൊച്ചി: വോട്ടവകാശത്തിനൊപ്പം പ്രാധാന്യം ഭരണഭാഷ മലയാളത്തിലാക്കുന്നതിനുണ്ടെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചതിന് ശേഷം ഭരണഭാഷ മലയാളത്തിലാക്കുകയെന്ന ചരിത്രപരമായ രാഷ്ട്രീയ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ട്രഷറിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭരണഭാഷ വര്‍ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭാഷ വായിക്കാനും എഴുതാനുമറിയാതെ ബിരുദമെടുക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ജനങ്ങളെ ഭരണപ്രക്രിയ അറിയിക്കാതിരിക്കാന്‍ ഇംഗ്ലീഷ് പലപ്പോഴും ഉപകരിക്കും. അതുകൊണ്ടു തന്നെയാണ് ഭരണഭാഷ മലയാളമാക്കുന്നതില്‍ ഉത്സാഹം കുറയുന്നതെന്നും ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.
ആത്യന്തികമായി മലയാളികളല്ലാതാകാനാണ് നമുക്കിഷ്ടം. ബ്രിട്ടീഷുകാര്‍ നാട് ഭരിച്ചിരുന്നത് നാട്ടുഭാഷയിലാണ്. സ്വാതന്ത്ര്യത്തിന് ശേഷം എല്ലാം ഇംഗ്ലീഷിലാക്കുകയായിരുന്നു. ഭാഷാസംസ്ഥാനം രൂപീകരിക്കുമ്പോഴുള്ള മാനദണ്ഡം തന്നെ ഭാഷയായിരുന്നു ചുള്ളിക്കാട് പറഞ്ഞു.
ജില്ലാ ട്രഷറി ഓഫീസര്‍ പി.എച്ച്. ആസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യപ്രഭാഷണം നടത്തി. അസി. ജില്ലാ ട്രഷറി ഓഫീസര്‍ പി.ടി. സോളമന്, കാരുകുളം ശിവശങ്കരന്, സുകുമാരന്‍, ഉണ്ണിക്കൃഷ്ണ കൈമള്‍, നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസി. ട്രഷറി ഓഫീസര്‍ ജോസ് ജോസഫ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എം.ആര്. ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: