കൊച്ചി: കളമശ്ശേരിയില്‍ നിന്നാരംഭിച്ച് തൃക്കാക്കര വഴി കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന 3000 കോടി രൂപയുടെ റോഡ് പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം – കാക്കനാട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാലാരിവട്ടം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ ഗതാഗതക്ലേശത്തിന് പരിഹാരമാകുന്ന നാല് ഫ്ലൈ ഓവറുകളുടെ സര്‍വെ നടത്താന്‍ പോലും ജനം അനുവദിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍വെ റിപ്പോര്‍ട്ട് ലഭ്യമായാല്‍ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒരുക്കമാണ്. ടോള്‍ നിരക്ക് സംബന്ധിച്ച ആശങ്ക പരിഹരിക്കുന്നതിന് സബ്സിഡിയും ഗ്രാന്റും അനുവദിച്ച് ഫ്ലൈ ഓവറുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ പുനഃവിചിന്തനത്തിന് എല്ലാ വിഭാഗങ്ങളും തയാറാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
പാലാരിവട്ടം ജംഗ്ഷന്റെ നവീകരണത്തിന് ജി.സി.ഡി.എ തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. തൃക്കാക്കര മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മുപ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലാരിവട്ടം ജംഗ്ഷനില്‍ നിന്നും സെന്റ് മാര്ട്ടിന് പള്ളി വരെ ടെയില്‍ വിരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മെട്രോ റെയില്‍ വന്നാലും കൊച്ചിയിലെ ട്രാഫിക് പ്രശ്നം തീരില്ലെന്നും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നീ ജംഗ്ഷനുകളില്‍ ഫ്ലൈ ഓവറുകള്‍ അനിവാര്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന ടോള്‍ നിരക്ക് നടപ്പാക്കി ഫ്ലൈഓവര്‍ നിര്‍മിക്കണം. ഇതിനുള്ള രൂപരേഖ എത്രയും വേഗം തയാറാക്കണം. അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമിരിക്കുന്ന ഭൂമി വികസിപ്പിച്ച് ഗോശ്രീ പാലം മാതൃകയില്‍ പണം കണ്ടെത്തി ടോളില്ലാതെ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കണം. ഇക്കാര്യത്തില്‍ വിശാല വീക്ഷണം കാണിക്കണം. പദ്ധതിയുമായി സഹകരിക്കുന്നുവര്ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം ജംഗ്ഷന് മുതല്‍ മനയ്ക്കക്കടവ് വരെയുള്ള 10.7 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ് പത്തു കോടി രൂപ ചെലവില്‍ നടപ്പാക്കുന്നത്. റോഡിന്റെ ഇരുവശവും ഓട, നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 1.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏഴ് മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയില്‍ റോഡ് നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടാര്‍ ചെയ്യുന്നതിന് 8.4 കോടി രൂപയും അനുവദിച്ചു. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും.
ബെന്നി ബഹന്നാന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മിണി, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ജി.സി.ഡി.എ ചെയര്മാന് എന്‍. വേണുഗോപാല്‍, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പഴ്സണ്‍ ഷറീന ഷുക്കൂര്‍, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ജെ. വിനോദ്, ജില്ല ആസൂത്രണ സമിതി അംഗം സേവ്യര്‍ തായങ്കരി, കൗണ്‍സിലര്‍മാരായ വി.കെ. മിനിമോള്‍, ജോജി കുരീക്കാട്, എം.ബി. മുരളീധരന്, സി.ഡി. വത്സലകുമാരി, എം.എ. മോഹനന്, പാലാരിവട്ടം വികസനസമിതി അധ്യക്ഷന്‍ എന്‍. ഗോപാലന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കെ.വി. രാമചന്ദ്രന്, എഡ്രാക്ക് ജില്ല സെക്രട്ടി ഡി.ജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എ. ഹാഷിം സ്വാഗതവും സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ്. ഹുമയൂണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: