ന്യൂദല്‍ഹി: വിവിഐപികള്‍ക്കു ഹെലികോപ്ടര്‍ വാങ്ങിയ കരാറിലെ ക്രമക്കേടിനെക്കുറിച്ച് ഇന്ത്യ ബ്രിട്ടനോട് വിശദീകരണം ചോദിച്ചു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി അറിയിച്ചു. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് ബ്രിട്ടണോട് വിശദീകരണമാരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായാണ് ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതിലെ കമ്പനി യു.കെ ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വസ്തുതയുണ്ടോയെന്ന് അന്വേഷിക്കും. കേസിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യമായും കേസിന്റെ പ്രാധാന്യമനുസരിച്ചും സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. വിവിഐപികള്‍ക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യന്‍ നിയമങ്ങളനുസരിച്ച് ഇത് തെറ്റാണ്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
വിഷയം സംബന്ധിച്ച് ഇറ്റാലിയന്‍ സ്ഥാനപതി ആശങ്ക അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ആരായാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്തെങ്കിലും ശരിയുള്ളതായി തനിക്ക് തോന്നുന്നില്ല. ഏതെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
12 എ.ഡബ്ല്യു-101 ഹെലികോപ്ടറുകളുടെ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് പേരെ സ്വിറ്റ്സര്‍ലന്റില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 560 മില്ല്യണ്‍ യൂറോയുടെ ഇടപാടായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന് യു.കീയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലിഭച്ചതിനുശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നായിരുന്നു ആന്റണിയുടെ മറുപടി.
ജമ്മുകാശ്മീരിലെ സ്ഥിതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നേരിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും ആന്റണി പറഞ്ഞു. സൈന്യത്തിന്റെ അധികാരം പിന്‍വലിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ഇതില്‍ നിന്ന് യാതൊരു വ്യത്യാസവും ഉണ്ടായിരിക്കില്ലെന്നും ആന്റണി പറഞ്ഞു. സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: