കൊല്ലം: ജില്ലാപഞ്ചായത്ത് നടപ്പുവര്‍ഷം പദ്ധതികള്‍ കൃത്യമായി നടപ്പാക്കാതെ പത്തുകോടി രൂപ നഷ്ടപ്പെടുത്തിയെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ നേതാവ് കാരുവള്ളില്‍ ശശി ആരോപിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്. ഗോപാലകൃഷ്ണപിള്ള പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കാമെന്നും പദ്ധതി രൂപീകരണം വൈകുന്നതും അനുവാദത്തിനും ഫണ്ട് അലോട്ട്മെന്റിനും വിവിധ വകുപ്പുകള്‍ വരുത്തുന്ന കാലതാമസവുമാണ് മുഖ്യകാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെയുള്ള ജില്ലാ പഞ്ചായത്തുകളില്‍ ഇതേ അവസ്ഥ തന്നെയാണുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
മാതൃകാപരമായ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് എല്ലാരംഗത്തും കാഴ്ച വയ്ക്കുമ്പോള്‍ എഞ്ചിനീയറിംഗ് വിംഗിന്റെ കാര്യപ്രാപ്തിയില്ലായ്മയാണ് റോഡുപണികളില്‍ നിഴലിക്കുന്നതെന്ന് പഞ്ചായത്ത് യോഗത്തില്‍ വിമര്‍ശനം. ടാറിളകിപോകുന്ന നിലയിലാണ് ഓരോ റോഡും പണിപൂര്ത്തികരിച്ചിട്ടുള്ളത്. മെറ്റലും മറ്റും കൂട്ടിയിട്ട് ചില സ്ഥലങ്ങളില്‍ കരാറുകാരുടെ തട്ടിപ്പ് അരങ്ങേറുന്നതുമൂലം പഞ്ചായത്ത് ഭരിക്കുന്നവര്‍ക്ക് പരാതികള്‍ കേള്‍ക്കാനെ സമയമുള്ളൂവെന്നും ആക്ഷേപമുയര്‍ന്നു. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും റോഡ് പണികളില്‍ സംഭവിക്കുന്ന നിരന്തരമായ ആക്ഷേപം ഒഴിവാക്കാന്‍ ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടല്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശവുമുയര്‍ന്നു. മരാമത്ത് പണിയില്‍ കരാറുകാര്‍ വീഴ്ച വരുത്തിയാല്‍ അവര്കകെതിരെ മുഖം നോക്കാതെയുള്ള നടപടിയുണ്ടാവുമെന്നും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂള്‍ പിടിഎകളിലും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളിലും പഞ്ചായത്തിലെ ജനപ്രതിനിധികളെ സഹകരിപ്പിക്കാത്ത വിഷയം പ്രതിപക്ഷത്തെ പി.എസ്.പ്രദീപ് ഉന്നയിച്ചു. ചില സ്കൂളുകള്‍ സ്വന്തം നിലയില്‍ പഞ്ചായത്തിനെ ഒഴിവാക്കി ബോര്‍ഡുകള്‍ വരെ സ്ഥാപിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി മാതൃകയില്‍ നെല്‍ക്കൃഷി ആരംഭിക്കാന്‍ ജില്ലയില്‍ തെരഞ്ഞെടുത്ത നാല് പുഞ്ചകളില്‍ ഡിസംബര്‍ 15ന് കൃഷിയിറക്കുവാനുള്ള വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം യോഗം അംഗീകരിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവായി കൂടുതല്‍ പാടശേഖരം പാട്ടത്തിന് ലഭിച്ചാല്‍ അവിടെയും ഇതിനോടൊപ്പം കൃഷ്യിറകകുവാന് സന്നദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഗോപാലകൃഷ്ണപിള്ള പറഞ്ഞു. തൊടിയൂരിലെ 115 ഏക്കര്‍ അടക്കം 400 ഏക്കറിലാണ് 15ന് കൃഷിയിറക്കുന്നത്. ഇതിനാവശ്യമായ നെല്‍വിത്ത് ലഭ്യമാക്കുന്നതിന് സീഡ് അതോറിറ്റിയുമായാണ് സഹകരണം.
യത്രസഹായത്തോടെയാണ് നെല്‍കൃഷി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉള്‍പ്പെടുത്താന്‍ പാട്ടഭൂമിയപണ്ടെങ്കില് അതാത് സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് രേഖാമൂലം കാലതാമസം കൂടാതെ അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. കാവുകളും കുളങ്ങളും സംരക്ഷിക്കാനുള്ള പ്രൊജക്ടില്‍ വെട്ടിക്കവല ഡിവിഷനില്‍ നിന്നും വെങ്കലത്ത് കാവ്, മുണ്ടൂര്‍ അമ്പലക്കുളം, അഞ്ചലിലെ അലയമണ്കുളം, അഞ്ചല്ചിറ എന്നിവയുള്പ്പെടുത്താന് തീരുമാനിച്ചു. കൂടുതല്‍ കുളങ്ങളും കാവുകളും ഉള്പ്പെടുത്താനുണ്ടെന്ന പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിന്നീട് മതിയെന്നും നിശ്ചയിച്ചു.
കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമിലെ 65 കുരുമുളക് ചെടികളില്‍ നിന്നുള്ള ആദായം എടുക്കുന്നതിനുള്ള ലേലത്തില്‍ സ്ഥിരം ചില ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും അതിനാല്‍ വരുമാനവര്ദധനവ് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു. ലേല പരസ്യം വിപുലമായി നല്‍കാനും കൂടുതല്‍ ലേലക്കാരെ പങ്കെടുപ്പിക്കാനും നിര്‍ദേശമുയര്‍ന്നു.
കുരിയോട്ടുമല ബഫലോ ഫാമിലെ പാലിന്റെ വില ആറു രൂപ വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റയയുടെയും വില വര്‍ദ്ധന രൂക്ഷമായ സാഹചര്യത്തിലാണ് വിലവര്‍ദ്ധന. 35 രൂപ പൊതുവിപണിയിലുള്ള പാല് ഫാമില്‍ ഇപ്പോള്‍ 22 രൂപയ്ക്കാണ് നല്‍കുന്നത്. ഇതിനി മുതല്‍ 28 രൂപയായിരിക്കും. ഫാമില്‍ നിന്നും പാല്വാങ്ങഉന്നവര്ക്ക് പൊതുവിപണിയെ അപേക്ഷിച്ച് ഏഴുരൂപയുടെ ലാഭം നല്‍കാനാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുണ്ടറയിലെ ക്ഷീരപരിശീലന കേന്ദ്രം കെട്ടിടനമ്പര്‍ ലഭിക്കുന്നതിനും ഉദ്ഘാടനം നടത്താനും നടപടിയെടുക്കും. 2012-12 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദിന വികസനസെമിനാറില്‍ അവതരിപ്പിച്ച വിവിധ പദ്ധതികളുടെ അടങ്കല്‍ തുക പുതുക്കി നിശ്ചയിച്ചു. ഇതോടൊപ്പം ഒരു കോടി രൂപ ചിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിതരണ കേന്ദ്രം, അഞ്ച് ലക്ഷം രൂപ ചിലവില്‍ പട്ടികജാതി കുട്ടികള്‍ക്ക് ടി.ടി.സി പരിശീലനം, ഒന്നരകോടി രൂപ ചിലവില്‍ പട്ടിജാതി കോളനികളില്‍ സാംസ്കാരിക നിലയം, അഞ്ച് ലക്ഷം ചിലവിട്ട് വനിതകള്‍ക്കായി ഗ്യാസ് സ്റ്റൗ, ഫാന്‍ റിപ്പയറിംഗ് പരിശീലനം എന്നീ പദ്ധതികളും കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിന്റെ കേരളോത്സവം ഡിസംബര്‍ ഏഴിനകം നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിക്കാന്‍ 17ന് ശാസ്താംകോട്ടയില്‍ ഉച്ചക്ക് രണ്ടിന് യോഗം ചേരും.
ചര്‍ച്ചകളില്‍ ബിജു.കെ.മാത്യു, അഡ്വ.പി.എസ്.പ്രദീപ്, അഡ്വ.എസ്.ഇ.സഞ്ജയ് ഖാന്, അഡ്വ.കെ.പി.വേണുഗോപാല്‍, എസ്.എല്‍.സജികുമാര്‍, പാത്തല മോഹന്‍, ജയമോഹന്, ആനന്ദകുസുമം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: