ശാസ്താംകോട്ട: ഊര്‍ദ്ധശ്വാസം വലിക്കുന്ന തടാകത്തിന് ജീവവായുവിന്റെ ചെറുകണികയുമായി ഇന്നലെ സര്‍ക്കാര്‍ പ്രതിനിധിയുടെ പ്രഖ്യാപനമെത്തിയപ്പോള്‍ പരക്കെ ആശ്വാസം. മരുപ്പച്ച പോലെ എത്തിയ പുതിയ പദ്ധതി തടാകത്തിന്റെ ദുരവസ്ഥയ്ക്ക് തെല്ലെങ്കിലും പരിഹാരമാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തെന്മല ഡാമില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞ് അധികമായി ഒഴുകുന്ന ജലം കെഐപി കനാല്‍ വഴി ശാസ്താംകോട്ട തടാകത്തിലെത്തിക്കാനാണ് പുതിയ പദ്ധതി. ഇന്നലെ ശാസ്താംകോട്ടയിലെത്തിയ സര്‍ക്കാര്‍ പ്രതിനിധി ഇത് തത്വത്തില്‍ അംഗീകരിച്ചത് സത്യത്തില്‍ തടാകസംരക്ഷണ സമിതിയുടെ വിജയമായി വിലയിരുത്താം.
കൊല്ലം നഗരസഭയടക്കം അഞ്ച്ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സായ ശാസ്താംകോട്ട തടാകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതോടൊപ്പം തന്നെ കാലാകാലങ്ങളിലായി വന്ന സര്‍ക്കാര്‍ തടാകത്തോട് കാട്ടിയ നെറികേടിന്റെയും വാഗ്ദാനലംഘനത്തിന്റെയും ദുരന്തകഥകള്‍ അക്കമിട്ട് നിരത്തുകയാണ് കര്‍മ്മസമിതി.
1997ലെ കൊടുംവരള്‍ച്ചയില്‍ തടാകം വറ്റിയപ്പോള്‍ രൂപീകൃതമായ ആക്ഷന്‍ കൗണ്‍സില്‍ 2004 ജൂലൈ രണ്ടിന് രണ്ടായിരത്തില്‍ അധികം പേര് ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ആ മാസം 14ന് ഇതുസംബന്ധിച്ച് നിയമസഭയില്‍ നടന്ന ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ജലവിഭവമന്ത്രി 17.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കോഴിക്കോട്ടെ ജലവികസന മാനേജ്മെന്റ് കേന്ദ്രം സമര്‍പ്പിച്ച പദ്ധതി അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ തുകയും വിനിയോഗിച്ചില്ല. പിന്നീട് സി.വി. ആനന്ദബോസ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായപ്പോള്‍ വനംവകുപ്പിന്റെ പദ്ധതി 25 കോടി രൂപയുടേതാക്കി വിപുലീകരിച്ചു. അടുത്ത ദിവസം തന്നെ വനംവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ശാസ്താംകോട്ടയില്‍ നടന്ന യോഗത്തില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടായി. ശാസ്താംകോട്ടയെ ഹരിതഗ്രാമമാക്കി പ്രഖ്യാപിച്ച് വനംവകുപ്പിന് വേണ്ടി ഒരു ഓഫീസ് അന്ന് തന്നെ വനംമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതുവരെ ആ ഓഫീസ് പ്രവര്‍ത്തിച്ചില്ല. തടാകത്തിലെ ജലസ്രോതസ്സായ പടിഞ്ഞാറെ കല്ലടയിലെ അനധികൃത മണലൂറ്റ് അവസാനിപ്പിക്കണമെന്ന പരക്കെയുള്ള ആവശ്യം അധികൃതര്‍ പുല്ല്വിലക്കെടുത്തു. മണലൂറ്റ് നിര്‍ബാധം തുടര്‍ന്നു. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് അഗാധഗര്‍ത്തങ്ങളായി.
തടാകത്തോട് കാട്ടിവന്ന അവഗണനകള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ 2010 ഏപ്രില്‍ 24ന് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. തുടര്‍ന്ന് 12ന് നാല് മന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല ചര്‍ച്ച നടന്നു. തടാകസംരക്ഷണത്തിന് മാനേജ്മെന്റ് ആക്ഷന്‍പ്ലാന്‍ തയാറാക്കണമെന്നതുള്പ്പെടെയുള്ള ആരോഗ്യകരമായ പല നിര്‍ദ്ദേശങ്ങളും ഉണ്ടായി. ഇതനുസരിച്ച് വിദഗ്ധ സംഘം പഠനം നടത്തി പദ്ധതി തയാറാക്കുകയും സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്രഅനുമതിക്ക് അയച്ചു. പിന്നീട് സര്‍ക്കാര്‍ മാറി പദ്ധതി തകിടം മറിഞ്ഞു. പ്രഖ്യാപന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ കൈമലര്‍ത്തുകയായിരുന്നു.
1997ല്‍ തടാകം വരണ്ടപ്പോള്‍ അന്ന് കളക്ടറായിരുന്ന ഡബ്ല്യു.ആര്. റെഡ്ഡി രൂപീകരിച്ച ശുദ്ധജലസംരക്ഷണ സൊസൈറ്റിയും, 2002 ഒക്ടോബര്‍ 28ന് സിഡബ്ല്യുആര്‍ഡിഎം തുടങ്ങിയ ശ്രമവും, 2003ലെ കര്‍മ്മസമിതിയും 2005ലെ 160 ലക്ഷം രൂപയുടെ പദ്ധതിയും 2006ലെ സ്റ്റാറ്റ്യുട്ടറി അതോറിറ്റി രൂപീകരണപ്രഖ്യാപനവും അടക്കം വാഗ്ദാന ലംഘനങ്ങളുടെ പട്ടിക നീളുന്നു.
ഈ സാഹചര്യത്തില്‍ ഇന്നലെ ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസ്താംകോട്ടയില്‍ നടത്തിയ പ്രഖ്യാപനമെങ്കിലും നടപ്പാകണേയെന്ന പ്രാര്‍ത്ഥനയിലാണ് കര്‍മ്മസമിതിയും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: