പ്രവചനാതീതമായ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് തന്റെ പ്രസിഡന്റ്പദവിയിലേക്കുള്ള രണ്ടാം ഊഴവും സാധ്യമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് മാധ്യമങ്ങള്‍ കണിശത പറഞ്ഞ തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജില്‍ 203 നെതിരെ 290 എന്ന ആധികാരിക ഭൂരിപക്ഷത്തോടെയാണ് ഒബാമ തന്റെ വിജയത്തെ സന്ദേഹങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്. അമേരിക്കന്‍ ജനത ഒബാമക്ക് രണ്ടാമതൊരു അവസരം നല്കിയിരിക്കുന്നു.
കനത്ത വെല്ലുവിളികള്‍ക്കിടയില്‍ ഭാരിച്ച ഉത്തരവാദിത്തവുമായി ഭരണം കയ്യേറ്റ ഒബാമക്ക് നാല്വര്ഷത്തിനിപ്പുറം സമാന വെല്ലുവിളികള്‍ അതിലേറെ നേരിടേണ്ടിവരുന്നു. പ്രചാരണവേളയില്‍ പ്രശ്നപരിഹാരത്തിനും മാറ്റങ്ങള്‍ക്കുമായി തനിക്ക് വീണ്ടുമൊരു അവസരം എന്നതിലൂടെ പ്രശ്നങ്ങള്‍ തുടരുന്നു എന്ന് പ്രത്യക്ഷമായി ഒബാമ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആത്മാര്‍ത്ഥമായ ആ ഏറ്റുപറച്ചിലുകളോടുള്ള അമേരിക്കന്‍ ജനതയുടെ വിശ്വാസമാണ് ഒബാമയുടെ രണ്ടാമൂഴം കാണിക്കുന്നത്. മാറ്റത്തിനുവേണ്ടിയുള്ള ഒബാമയുടെ അവസാന അവസരവും.
1930-കളിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള സമാന സാഹചര്യങ്ങള്‍ 2008 ല്‍ ആവര്‍ത്തിച്ചത് ഒബാമയെ സംബന്ധിച്ച് അഗ്നിപരീക്ഷണമായിരുന്നു. അമേരിക്കയിലെ വമ്പന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ കൂപ്പുകുത്തിയ 2008 നുശേഷമുണ്ടായ പ്രതിസന്ധിയുടെ ആഘാതത്തില്‍നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല.
മാറ്റത്തിനുവേണ്ടിയുള്ള മുറവിളികള്‍ക്കൊടുവില്‍ വന്ന ഒബാമക്ക് കാതലായ എന്ത് മാറ്റമാണ് ആഗോളതലത്തിലും രാജ്യാന്തര തലത്തിലും സൃഷ്ടിക്കാന്‍ കഴിഞ്ഞത് എന്ന ചോദ്യം ബാക്കിയാകുന്നു. ആഗോള സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും എക്കാലവും വാചാലരാകുന്ന അമേരിക്കന്‍ പൊതുസമൂഹം തങ്ങളുടെ ഉപഭോഗ സംസ്കാരത്തിന് കോട്ടം തട്ടാന്‍ അനുവദിക്കില്ല എന്നതും വ്യക്തമാണ്. മുതലാളിത്ത വ്യവസ്ഥയുടെ വക്താവായ ഒബാമക്ക് കാലങ്ങളായുള്ള അമേരിക്കന്‍ അവസരവാദ നയങ്ങള്‍ മാത്രമാണ് തങ്ങളുടെ ആഗോള സമീപനത്തില്‍ പുലര്‍ത്താന്‍ ആവുകയുള്ളൂ. അമേരിക്കന്‍ ഉപഭോഗ സംസ്കാര തൃഷ്ണയെ തൃപ്തിപ്പെടുത്തി ആഗോളതലത്തിലുള്ള ഒരു മുഖംമിനുക്കല്‍ എന്നത് തീര്‍ത്തും അപ്രായോഗികമാണ്.
ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന അമേരിക്കന്‍ ആവശ്യം തന്നെ രണ്ട് തരമാണ്. ഒന്ന് കാലാകാലങ്ങളായുള്ള അധിനിവേശ യാങ്കി ഭീകരതയുടെ മുഖം മാറ്റി ഒരു ‘ജെന്റില്‍മെന്‍ ലുക്ക്’ എന്നതാണ്. എന്നാല്‍ ഈ സങ്കല്പ്പത്തിന് നേര് വിപരീതമാണ് രണ്ടാമത്തെ ആവശ്യം. ലോകത്തിനുമേലുള്ള അമേരിക്കന്‍ മേല്‍ക്കോയ്മയും ലോക പോലീസ് ഭാവവും പൂര്‍വാധികം ശക്തിയോടെ വീണ്ടെടുക്കുക എന്നതാണിത്. അടുത്തകാലത്തായി രണ്ടാമത്തെ പ്രതിഛായയ്ക്കാണ് രാജ്യത്ത് ആരാധകര്‍ കൂടുതല്‍. ഏറ്റവും വിചിത്രമായ കാര്യം ഒബാമ അമേരിക്കയുടെ ഈ രണ്ട് ഭാവവും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഗാന്ധിയെയും അഹിംസയെയും ആരാധിക്കുന്ന ഒബാമ അതേസമയം അത് അപ്രായോഗികമാണെന്നും പറയുന്നു. സങ്കീര്‍ണമായ അമേരിക്കയുടെ സാംസ്കാരിക രാഷ്ട്രീയ തലങ്ങളില്‍നിന്നാണ് ഒബാമക്ക് രാജ്യത്തിന്റെ പ്രതിഛായ മാറ്റേണ്ടത്.
അമേരിക്കയില്‍ തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉല്പാദന മേഖലയിലെ മുരടിപ്പും ഒബാമക്ക് മുന്നിലെ കീറാമുട്ടികളാണ്. 7.9 ശതമാനമാണ് നിലവില്‍ രാജ്യത്തെ തൊഴിലില്ലായ്മ. ഒരു ട്രില്യണ്‍ ഡോളര്‍ വാര്ഷികകമ്മിയും 16 ട്രില്യണ്‍ ഡോളര്‍ എന്ന ഭീമന് പൊതുകടവും സാമൂഹ്യ സുരക്ഷാ മേഖലയിലും ആരോഗ്യസുരക്ഷാ രംഗത്തും വര്‍ധിച്ചുവരുന്ന ചെലവും ഭരണാധികാരിയായ ഒബാമക്ക് മുന്നിലുള്ള കനത്ത വെല്ലുവിളികളാണ്. ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകളുടെ വിജയം അമേരിക്കന്‍ വിപണിയില്‍ കാര്യമായ പുരോഗതി ഉണ്ടാക്കുകയില്ല എന്നു മാത്രമല്ല വിജയം വിപണിയില്‍ ഇടിവുണ്ടാക്കുകയാണ് ചെയ്തത്.
മുന്‍ ഭരണാധികാരികള്‍ തുടങ്ങിവെച്ച ഇറാക്കിലെയും അഫ്ഗാനിലെയും സൈനിക നടപടികള്‍ക്ക് ഫലത്തില്‍ ഇരയാകുന്നത് ഒബാമയാണ്. ഇറാക്കിലും മറ്റും സഖ്യസേനക്ക് നേരിടേണ്ടിവരുന്ന കനത്ത ആള്‍നാശവും സാമ്പത്തിക നഷ്ടവും സഖ്യരാജ്യങ്ങള്ക്കുള്ളിലും രാജ്യത്തിനകത്തും കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഇരുരാജ്യങ്ങളില്‍നിന്നുമുള്ള സേനാ പിന്മാറ്റം പ്രഖ്യാപിച്ച ഒബാമ ആഗോളതലത്തില്‍ കയ്യടി നേടുകയുംചെയ്തു. എന്നാല്‍ കാര്യങ്ങള്‍ ഒബാമയോ അമേരിക്കയോ കണക്കുകൂട്ടിയത് പോലെയല്ല. ഇരുരാജ്യങ്ങളിലും ക്രമസമാധാനം താറുമാറായി. അഫ്ഗാന് സേനയില്‍തന്നെ വന്‍തോതില്‍ ഭീകരസാന്നിധ്യമായിരിക്കുന്നു. ആഭ്യന്തര സുരക്ഷക്കായി അഫ്ഗാനില്‍ അമേരിക്ക ഇപ്പോള്‍ പരിശീലനം നല്‍കേണ്ടിവരുന്നത് ഭീകരര്‍ക്കാണ്. ഇറാക്കിലും സ്ഥിതി വ്യത്യസ്തമല്ല. അമേരിക്കയായിട്ട് കുട്ടിച്ചോറാക്കിയ രാജ്യങ്ങളെ കയ്യൊഴിയാന്‍ ആവുകയുമില്ല.
അമേരിക്കയുടെ അഭിമാനപ്രശ്നമായ ഭീകരതക്കെതിരായ യുദ്ധവും ഒബാമക്ക് വഴിയില്‍ ഉപേക്ഷിക്കാനാവുകയില്ല. ഭീകരതക്കെതിരായ യുദ്ധത്തില്‍ പ്രധാന പങ്കാളിയായി കരുതുന്ന പാക്കിസ്ഥാനില്‍ അമേരിക്കയുടെ നില പരുങ്ങലിലാണ്.
ഇത്രയും വെല്ലുവിളികള്‍ നേരിടുന്ന അമേരിക്കക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇറാന്റെ ആണവ പരിപാടിയും അതിനെതിരെയുള്ള ഇസ്രയേല്‍ നീക്കങ്ങളും. ‘മുല്ലപ്പൂ വിപ്ലവ’ത്തെത്തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഏകാധിപത്യത്തിനെതിരെയുള്ള ആഭ്യന്തരയുദ്ധങ്ങളിലെ അമേരിക്കന്‍ നിലപാട് ഇനിയും വ്യക്തമല്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ ഏകാധിപത്യം അവസാനിപ്പിച്ച ലിബിയയില്‍ പുതിയ ഭരണത്തിന് മറവില്‍ പിടിമുറുക്കുന്നത് മതമൗലികവാദികളും ഭീകരസംഘടനകളുമാണ്. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പുത്തന്‍ ഇസ്ലാമിക സാഹചര്യങ്ങളെ ഒബാമയുടെ കീഴില്‍ എങ്ങനെ ചൂഷണം ചെയ്യും എന്നതും കാത്തിരുന്ന് കാണണം. സിറിയയിലെ രക്തരൂഷിത പോരാട്ടങ്ങളില്‍ റഷ്യയും ചൈനയും വ്യക്തമായ രാഷ്ട്രീയം കളിക്കുമ്പോള്‍ ലോക പോലീസ് എന്ന വിളിപ്പേരുള്ള അമേരിക്ക ഒബാമക്ക് കീഴില്‍ അന്തംവിട്ട് നില്‍ക്കുകയാണ്.
ഭീകരതക്കെതിരായ ആഗോളയുദ്ധത്തില്‍ ഒസാമയെ വധിക്കാന്‍ കഴിഞ്ഞു എന്നത് ആലങ്കാരികം മാത്രമാണ്. ആഗോളതലത്തില്‍ അല്‍ഖ്വയ്ദ അനുദിനം ശക്തിപ്രാപിക്കുന്നതായി അമേരിക്കതന്നെ സമ്മതിക്കുന്നു. കറുത്തവര്‍ഗ്ഗക്കാരനായ ഒബാമ പ്രസിഡന്റായിരിക്കുന്ന കാലത്തുതന്നെയാണ് അമേരിക്കയില്‍ വംശീയ വേര്‍തിരിവ് ഏറ്റവും ശക്തമാകുന്നതെന്നും ആരോപണമുണ്ട്.
അറബ് രാഷ്ട്രങ്ങളിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളെ ഏറ്റവുമധികം മുതലെടുക്കുന്നത് ഇസ്ലാമിക ഭീകരര്തന്നെയാണ്. മതേതര ജനകീയ വിപ്ലവത്തിലൂടെ മതമൗലികവാദികള്‍ അധികാരത്തിലെത്തുന്ന നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങളിലെല്ലാം ഒബാമയും അമേരിക്കയും തീര്‍ത്തും നിഷ്ക്രിയമാകുന്നു.
ആഗോളതലത്തില്‍ ഇതെല്ലാം പ്രശ്നമാണെങ്കില്‍ രാജ്യത്തെ കുടിയേറ്റക്കാരെ സംബന്ധിച്ച പ്രശ്നവും ഒബാമക്ക് വെല്ലുവിളിയാവുകയാണ്. യൂറോപ്യന്‍ യൂണിയന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അമേരിക്കന്‍ പ്രതിസന്ധിയും ഇതില്‍ പ്രമുഖമാണ്. മധ്യവര്‍ഗ്ഗത്തിന് തണലായിരുന്ന വാഹനനിര്‍മ്മാണ വ്യവസായമുള്പ്പെടെയുള്ളവ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇതിനെയെല്ലാം അതിജീവിക്കുവാനുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.
>> ദിലിന് ഷാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: