കൊല്ലം: ഭരണകര്‍ത്താക്കളുടെ സ്ത്രീവിരുദ്ധ നിലപാട് അപലപനീയമാണെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷ കെ.ആര്. ശോഭനകുമാരി പറഞ്ഞു.
പ്രസ്ക്ലബ്ബ് മൈതാനത്ത് ബിഎംഎസ് നേതൃത്വത്തില്‍ നടന്ന വനിതകളുടെ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍ നിന്നും വ്യതിചലിച്ച് തൊഴില്‍ സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമോ സംരക്ഷണമോ ഇല്ലാതാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ശോഭനകുമാരി ആവശ്യപ്പെട്ടു.
ഭരണകര്‍ത്താക്കള്‍ തന്നെ സ്ത്രീ പീഡനത്തിന് കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ വ്യക്തമാക്കുന്നു. “സ്ത്രീകള്‍ ഉള്ളിടത്തെല്ലാം പീഡനവും കാണും” എന്ന ചിന്ത വികലവും പൈശാചികവുമാണെന്ന് ശോഭനകുമാരി അഭിപ്രായപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നത് കുടുംബിനികളാണെന്നും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വിലവര്‍ധനവ് പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് രാജലക്ഷ്മി ശിവജി അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡി. ശാന്തമ്മ, വസന്ത ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നസിയ സ്വാഗതവും അരുണ നന്ദിയും പറഞ്ഞു.
ധര്‍ണയ്ക്കു മുന്നോടിയായി താലൂക്ക് കച്ചേരി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ലിനി, മീനാക്ഷി, കവിത, അംബികാമോഹന്‍, ശ്രീദേവിഅമ്മ, പൊന്നമ്മ ജോയി, ഗിരിജ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: