പ്രകൃതിയില്‍ ഓരോന്നിനും അതിന്റേതായ ഇടമുണ്ട്. വയലുകള്‍ കൃഷിക്കായി നിര്‍മിക്കപ്പെട്ടവയാണ്. അത് കരയാക്കി ആയിരമിരട്ടി വിലയ്ക്ക് മറിച്ചുവില്‍ക്കാനോ വമ്പന്‍ കെട്ടിടങ്ങള്‍ കെട്ടി വ്യവസായം നടത്താനോ തേക്കും മാഞ്ചിവും റബ്ബറും നട്ട് ലാഭം കൊയ്യാനോ ഉള്ള സ്ഥലമല്ല. അവിടെ കൃഷിയിറക്കപ്പെടുന്നത് നെല്‍വിത്തുകള്‍ മാത്രമല്ല, അദ്ധ്വാനവും സമര്‍പ്പണവും സ്വാര്ത്ഥതയില്ലായ്മയും കൂടിയാണ്. കര്ഷന് അവന്റെ വിയര്‍പ്പും ചോരയും പ്രതീക്ഷയും അവിടെ നിക്ഷേപിക്കുന്നു. സ്വപ്നങ്ങളെ നട്ടുനനച്ച് വളര്‍ത്തുന്നു. പാടത്ത് കതിരിടുന്നത് പച്ചയായ സ്നേഹമാണ്. മണ്ണിന്റെയും മനുഷ്യന്റെയും കൃഷി ഒരു പ്രവൃത്തിയല്ല. കൃഷി ഒരു വൃത്തിയല്ല. അത് സംസ്ക്കാരം തന്നെയാകുന്നത് അങ്ങനെയാണ്.
ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്ന ഈ നാട്ടില്‍ കമ്മ്യൂണിസ്റ്റ് സ്വപ്നം നേരായി നിറവേറ്റിയിരുന്നെങ്കില്‍ ഇന്ന് നെല്‍വയലുകള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. നൂറുമേനി വിളയുന്ന വയലുകള്‍, വാരങ്ങളില്‍ കായ്ച്ചു കവിഞ്ഞു നില്ക്കുന്ന തെങ്ങുകള്‍. പാത്തികളിലെ തെളിഞ്ഞൊഴുകുന്ന വെള്ളത്തില്‍ തുളളിക്കളിക്കുന്ന മീനുകള്‍. അവയുടെ അത്രയും സമൃദ്ധിയില്‍ ജീവിക്കുന്ന മനുഷ്യര്‍. പക്ഷെ പാര്‍ട്ടിക്ക് സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നയങ്ങളോ പദ്ധതികളോ ഉണ്ടായിരുന്നില്ല. റഷ്യയിലും ക്യൂബയിലും നോക്കി അവര്‍ വേഴാമ്പലിനെപ്പോലെ ഇരുന്നു. കാലം മാറുന്നതറിയാതെ കര്‍ഷകര്‍ കാളവണ്ടി ചക്രത്തെപ്പോലെ കറങ്ങി. പിന്നെ ശാസ്ത്രത്തിന്റേയും രാസപ്രയോഗത്തിന്റെയും മാരകമേഖലകളിലേക്ക് കമ്മ്യൂണിസം കര്‍ഷകരെ നയിച്ചു. വിളവു കൂട്ടാനും സമൃദ്ധി വര്‍ധിപ്പിക്കാനും വേണ്ടി രാസമാലിന്യങ്ങളില്‍ ഭൂമിയെ മുക്കിയെടുത്തു. എതിര്‍ത്ത പരിസ്ഥിതി സ്നേഹികളെ ബൂര്‍ഷ്വാ ബുദ്ധിജീവികളെന്നും സാമ്രാജ്യത്വ പിന്തിരിപ്പന്മാരെന്നും വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ചാരന്മാരെന്നും മുദ്രകുത്തി നാടുകടത്തി. ആരാധനയോടെ പ്രകൃതിയെ കാത്തവരെ അന്ധവിശ്വാസികളെന്ന് പരിഹസിച്ചു തള്ളി.
മണ്ണിലെ വിഷപ്രയോഗം മനുഷ്യരിലും പടര്‍ന്നതോടെ കരിനീലിച്ച കൃഷിയിടങ്ങളില്‍ ഒന്നും വിളയാതായി. നൈസര്‍ഗിക പോഷണം നശിച്ച മണ്ണില്‍ വിഷവളങ്ങള് അളവ് കൂട്ടി കെട്ടി പ്രയോഗിച്ചാലേ വിളവ് ലഭിയ്ക്കൂ എന്നായി. വരുമാനത്തിന്റെ പല ഇരട്ടികള്‍ വളപ്രയോഗത്തിന് മുടക്കണം എന്നുവന്നു. കര്‍ഷകരെ പെറ്റിബൂര്ഷ്വകളില്പ്പെടുത്തിയ പാര്‍ട്ടി കര്‍ഷകത്തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും കടമകള്‍ വിസ്മരിച്ച് അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളാന്‍ പഠിപ്പിച്ചു. അങ്ങനെ ഉള്ളതിലേറെ അവകാശവും മൂല്യവുമുണ്ടെന്ന് സ്വയം തെറ്റിദ്ധരിച്ച അവരെ ആന്തരികമായ തകര്‍ച്ചയിലേക്ക് നയിച്ചു കൃഷിയിറക്കാനും കൊയ്യാനും ആളെക്കിട്ടാതെ കര്‍ഷകര്‍ വലഞ്ഞു. വയലുകള്‍ വിളഞ്ഞു പഴുത്തു നിലവിളിച്ചു. പിന്നെ കര്‍ഷകന്റെ ജീവിതം പോലെ മണ്ണടിഞ്ഞു.
കര്ഷകന് ലോകത്തോടൊപ്പം നിന്ന് സാങ്കേതികതയേയോ യാന്ത്രികതയേയോ ഉപയോഗിക്കുന്നതിനും പാര്‍ട്ടി തടസ്സമായി. തൊഴിലാളികളില്ലാതെ യന്ത്രങ്ങള്‍ അനുവദനീയമാകാതെ കൃഷി നാശം വന്ന കര്‍ഷകര്‍ നിരാശരായി. ആത്മഹത്യ ചെയ്യാത്തവര്‍ കൃഷി മതിയാക്കിക്കരകയറി. മണലൂറ്റി നദികള്‍ താഴ്ന്നതോടെ വെള്ളം കിട്ടാതായി. മരങ്ങളില്ലാതായതോടെ ക്രമം തെറ്റി വന്ന കാലവര്‍ഷവും വേനലും പലപ്പോഴും വില്ലരായി. പാടങ്ങള്‍ തരിശിട്ട മലയാളി പ്രാര്‍ത്ഥനയോടെ തമിഴ്നാടിനെ നോക്കിനിന്നു. ഒരു കുമ്പിള് അരിക്കായി യാചിച്ചു.
ഭൂമാഫിയ എന്ന ഭീമന് ദുര്‍ഭൂതം വയലുകളിലും തണ്ണീര്‍ത്തടങ്ങളിലും ആവേശിച്ചു. മലയും കുന്നും ഇടിച്ച് അവര്‍ കൃഷിയിടങ്ങള്‍ നികത്തിയെടുത്തു. മണല്‍വാരിയും പാറപൊട്ടിച്ചും വമ്പന്‍ നിര്‍മിതികള്‍ നടത്തി. അങ്ങനെ മലയുടേയും പുഴയുടേയും പാറയുടേയും പാടത്തിന്റേയും ആവാസ ധര്‍മ്മങ്ങളെ തകിടം മറിച്ചു. അവയെ വിറ്റു കാശാക്കി. പാടങ്ങളും തണ്ണീര്‍ തടങ്ങളും നീരോഴുക്കുകളും നികത്തപ്പെട്ടു കരകളായി. വില്ലേജ് ഓഫീസര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയും പോലീസ് സ്റ്റേഷന് തൊട്ട് സെക്രട്ടറിയേറ്റ് വരെയും ഈ വമ്പന്‍ വലയിലെ കണ്ണികളായി. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ ഭേദമില്ലാതെ മാര്‍ജ്ജിന്‍ പറ്റുന്ന ഇടനിലകളായി. വമ്പന്‍ സ്റ്റേഡിയങ്ങളും വിനാശ വിമാനത്താവളങ്ങളും പണിയാന്‍ തുണയായി. പരിസ്ഥിതിയെ നികത്തിക്കൊണ്ടുള്ള നിര്‍മിതികള്‍ക്ക് പാര്‍ട്ടികളും പങ്കാളികളായി. വനമേഖലയും തോട്ടങ്ങളും പതിച്ചുകൊടുത്ത് മലമ്പ്രദേശങ്ങളും സമതലങ്ങള്‍ക്ക് സമം ചേര്‍ന്നു. എന്നിട്ടും ഭൂമിയുടെ കാവലാളുകളെന്ന് ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയത്തിന് ചില ചെപ്പടി വിദ്യകളുണ്ടായിരുന്നു. അവര്‍ ആവശ്യമായ ചില പദ്ധതികള്‍ പരിസ്ഥിതി നാശത്തിന്റെ പേരില്‍ മുടക്കിച്ച് സ്വന്തം പരിസ്ഥിതി പ്രേമം വെളിവാക്കി. വമ്പന്‍ കയ്യേറ്റക്കാരെ ചെറുകിട കര്‍ഷകരുടെ കുട്ടിയുടുപ്പിടുവിച്ചു സ്വയം വികൃത രൂപികളായി.
പൂച്ചയും പുലികളുമൊക്കെയായി മൂന്നാറിലെ ഹരിതാഭമായ കുന്നുകയറിയെത്തിയവര് വമ്പന്‍ കയ്യേറ്റങ്ങള്‍ക്കും പാര്‍ട്ടി വക കെട്ടിടങ്ങള്‍ക്കും മുമ്പില്‍ മുട്ടുവിറയ്ക്കുന്ന എലികളെപ്പോലെ മടങ്ങി. പോരും വഴി സര്‍ക്കാരിന്റെ കൃത്രിമ രേഖയില്‍ വിശ്വസിച്ച് ഭൂമി വാങ്ങിയ ഹതഭാഗ്യന്മാരുടെ ആയുസ്സിന്റെ സമ്പാദ്യം കൊണ്ടു തീര്‍ത്ത ഇത്തിരിക്കെട്ടിടങ്ങള് ഇടിച്ചുനിരത്തി എന്തെങ്കിലും ചെയ്തെന്ന് വരുത്തി. എന്നിട്ടും മതിവരാഞ്ഞവര് പട്ടിണിക്കാരന് പത്തുസെന്റ് പാടത്തില്‍ നട്ട കപ്പയും വാഴയും കവുങ്ങും വെട്ടിനിരത്തി തൃപ്തിനേടി.
വന്‍കിട കയ്യേറ്റങ്ങള്‍ വയലുകള്‍ നിരത്തി കരയാക്കുന്നത് നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരുന്നു. വ്യവസായത്തിന്റെ പേരില്‍ വിദേശികളെ വരെ ക്ഷണിച്ചുകൊണ്ടുവന്ന് വയലുകള്‍ പതിച്ചു നല്കി. 1968 മുതല്ക്കുള്ള നിയമങ്ങളെ ധിക്കരിച്ച് നിലം നികത്തിയതിനെയത്രയും തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞ ഇടത് സര്‍ക്കാര്‍ 1998 വരെയുള്ള കയ്യേറ്റങ്ങളെ നിയമാനുസൃതമാക്കാന്‍ നിര്‍ദ്ദേശിച്ചു. അതിലും തൃപ്തമാകാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2005 വരെയുള്ള കയ്യേറ്റങ്ങള്‍ അംഗീകരിച്ചു. നിലം നികത്തല്‍ നിരോധന നിയമം തന്നെ അട്ടിമറിച്ചു. എതിര്‍പ്പുകള്‍ സ്വന്തം പാളയത്തില്‍ നിന്നുണ്ടായതുപോലും അവഗണിച്ചു.
സാധാരണക്കാരന്റെ പാര്‍പ്പിട പ്രശ്നം കണ്ടു മനസ്സലിഞ്ഞതാണ് ഉമ്മന്‍ചാണ്ടിക്കെന്ന് പറയുന്നു. സാധാരണക്കാരന്റെ പ്രശ്നം ഇരുപത് സെന്റില്‍ തീരുന്നതാണ്. അതിന് ‘അസാധാരണക്കാരുടെ’ മാഫിയ ആറന്മുളയില് നികത്തിയ 500 ല്‍പ്പരം ഏക്കറിനെപ്പോലെയുള്ളവയേയും കൂടി അംഗീകരിക്കുന്നതെന്തിന്? വയല്‍ നികത്തല്‍ നിയമം പരിഷ്ക്കരിച്ച അതേ ദിവസം തന്നെ ആറന്മുളയിലെ കമ്പനിക്കുവേണ്ടി സ്വന്തം ഓഫീസില്‍ മധ്യസ്ഥം വഹിച്ച ഉമ്മന്‍ചാണ്ടിയുടെ മനസ്സലിഞ്ഞത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തം. അയല്‍ സംസ്ഥാനങ്ങള്‍ കൂടി ഇതേ പാത പിന്തുടര്ന്നുകഴിമ്പോഴാണ് ശരിക്കും നമ്മുടെ മനസ്സലിയാന്‍ പോകുന്നത്. കോഴിമുട്ടയും പശുവിന് പാലും കോഴിയിറച്ചിയും മലയാളിയെ കാക്കുമായിരിക്കും.
ഭൂമിയുടെ തനത് റിസര്‍വോയറും ചോര്പ്പുമാണ് പാടങ്ങള്‍. വിശാലമായ മുഖപ്പിലൂടെ ജലം സംഭരിച്ച് ഭൂഗര്ഭത്തിലേക്കെത്തിക്കുന്ന ചോര്‍പ്പ്. വെള്ളപ്പൊക്കവും പേമാരിയും കൊണ്ടുണ്ടാകുന്ന അധികജലം സംഭരിക്കാനുതകുന്ന വൃഷ്ടി പ്രദേശം. നിന്നുപെയ്യുന്ന മഴകളില്ലാതാകുന്ന നാട്ടില്‍ ടാറും കോണ്‍ക്രീറ്റും നടപ്പാതടെയിലുകളുമിട്ട ഭൂമിയില്‍ താഴാതെ മഴവെള്ളം മണിക്കൂറുകള്‍ക്കകം അറബിക്കടലില്‍ പതിക്കുന്നത് തടയാന്‍ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അനിവാര്യം. ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിപ്പിച്ചില്ലെങ്കിലും പിടിച്ചുനിര്‍ത്താന്‍ അതുപകരിക്കും. നാടന്‍ മത്സ്യങ്ങള്‍ക്ക് മുട്ടയിടാനുളള സുരക്ഷിത താവളമൊരുക്കല്‍, അന്തരീക്ഷ ഊഷ്മാവിനെ ക്രമപ്പെടുത്തല്‍ എന്നിവ പാടങ്ങള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും പുഞ്ചകള്ക്കും സാധിക്കും. സന്തുലനം നിലനിര്‍ത്തുന്ന എത്രയോ സൂക്ഷ്മജീവികള്‍ വയലുകളില്‍ മാത്രം വളരുന്നവയാണ്. പെരുച്ചാഴിയേയും കീടങ്ങളെയും നശിപ്പിക്കുന്ന തവളയും നീര്‍ക്കോലിയും തുടങ്ങി ജൈവചാക്രികതയുടെ എത്രയെത്ര സുരക്ഷിത വൃത്തങ്ങള്‍ വയലുകളില്‍ നിലനില്ക്കുന്നു. വയലുടമകള്‍ക്ക് പ്രതിമാസം പണം നല്കി വയലുകള്‍ ഗവണ്മെന്റ് സംരക്ഷിക്കേണ്ടിവരുന്ന കാലം വിദൂരമല്ല. അല്ലെങ്കില്‍ വയലുകള്‍ പിടിച്ചെടുത്ത് പൊതു ഇടങ്ങളാക്കേണ്ടി വരുന്ന കാലം. അന്തമില്ലാതെ പെരുകുന്ന ജനസംഖ്യ അത് അനിവാര്യമാക്കുന്നു.
ഓരോ വയല്‍ നികത്തുമ്പോഴും ഭൂമിയുടെ ആയുസ്സിന്റെ ഒരു ഇതള്‍ കൂടി കൊഴിയപ്പെടുന്നു. നീരൊഴുക്കുകള്‍ നിലയ്ക്കപ്പെട്ട പാടങ്ങളില്‍ ഭൂമി ദാഹിച്ചു മരിക്കുന്നു. ഒപ്പം ജീവജാലങ്ങളും ഒന്നുമറിയാതെ മനുഷ്യരും.
>> വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: