‘കനകംമൂലം കാമിനിമൂലം കലഹം പലതരം ഉലകില് സുലഭ’മെന്ന് കണ്ടെത്തിയ മഹാന് നമോവാകം. അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുകയല്ലെ. കനകവും കാമിനിയും ബന്ധപ്പെട്ടുള്ള കലഹമിതാ രാഷ്ട്രീയത്തിലും സജീവമായിരിക്കുന്നു. കേന്ദ്രമന്ത്രിസഭയില്‍ പുനഃപ്രവേശനം ലഭിച്ച ശശിതരൂരിനെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പരിഹസിച്ചത് പര്‍വതീകരിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചുദിവസമായി. ചാനലുകളില്‍ ചിലത് ആഘോഷമാക്കി. മോഡിവിരുദ്ധ പത്രങ്ങള്‍ ഇപ്പോഴും കനലായി നിലനിര്‍ത്തുന്നു “ഒരു കോണ്‍ഗ്രസ് നേതാവുണ്ട്. അദ്ദേഹമിപ്പോള്‍ കേന്ദ്രമന്ത്രിയാണ്.
ക്രിക്കറ്റില്‍ നിന്നും കോടികള്‍ സമ്പാദിച്ചതായി ആരോപണം നേരിടുന്നയാള്‍. ഐപിഎല്‍ വിവാദം ഉണ്ടായപ്പോള്‍ തന്റെ സുഹൃത്തിന്റെ പേരിലുള്ള 50 കോടിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്. നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ 50 കോടിയുടെ സുഹൃത്തിനെപ്പറ്റി. ഈ സുഹൃത്ത് പിന്നീട് ഭാര്യയാകുന്നതാണ് നമ്മള് കണ്ടത്.”
ഹിമാചല്‍പ്രദേശില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് മേലുദ്ധരിച്ചത്. ഇതില്‍ എവിടെയാണ് സ്ത്രീകളെ അപമാനിച്ചിരിക്കുന്നത്. ഇതില്‍ എവിടെയാണ് നരേന്ദ്രമോഡി കേന്ദ്രമന്ത്രി ശശിതരൂരിന്റെ സ്വകാര്യതയില്‍ കടന്നുകയറിയത്. ആ പ്രസംഗം അറിഞ്ഞ ഉടന്‍ ശശിതരൂര്‍ ‘ആ പറഞ്ഞത് എന്നെക്കുറിച്ചാണ്. എന്നെക്കുറിച്ചുമാത്രമാണെന്ന് ആവര്‍ത്തിച്ചുകൊണ്ട് മോഡിയുടെ സ്നേഹം അളക്കാനും തന്റെ സ്നേഹത്തിന്റെ തൂക്കം വിളമ്പാനും ചാടിയിറങ്ങുകയായിരുന്നു.
‘എന്റെ ഭാര്യ മോഡി മനസ്സില്‍ കണ്ട 50 കോടിയെക്കാള്‍ എത്രയോ വിലമതിക്കുന്ന സ്വത്താണ്. അതൊക്കെ മനസ്സിലാകണമെങ്കില്‍ ആരെയെങ്കിലുമൊക്കെ സ്നേഹിച്ചു നോക്കണം’ എന്ന് തരൂര്‍ തട്ടിവിട്ടു. ആരെയും സ്നേഹിക്കാത്തതുകൊണ്ടും ആരുടെയും സ്നേഹം ലഭിക്കാതയുമാണല്ലൊ മോഡി മൂന്നുതവണ തുടര്‍ച്ചയായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്!
ഭാര്യയോട് തരൂരിനുള്ള സ്നേഹം അളക്കാന്‍ ആദ്യത്തെ രണ്ടു ഭാര്യമാര്‍ക്കും കഴിയാതെ പോയതാണോ ? തിലോത്തമ മുഖര്‍ജിയും ക്രിസ്റ്റാ ഗില്‍സും അളവുകോല്‍ ലഭിക്കാത്ത പാവം പെണ്ണുങ്ങളായിരുന്നോ ? സുനന്ദ പുഷ്ക്കറിനോടൊപ്പം ബോണസ്സും ലഭിച്ചതുകൊണ്ടാണോ മൂല്യമേറിയത്. മൂല്യം മനസ്സിലാക്കിയതുകൊണ്ടായിരിക്കുമോ യൂത്തുകോണ്ഗ്രസ്സുകാര് സുനന്ദയുടെ ദേഹത്ത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിപ്പിച്ചത്? പറഞ്ഞു പറയിപ്പിക്കുക എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്.
ചില നേതാക്കള്‍ വ്യക്തിഹത്യ രാഷ്ട്രീയത്തില്‍ പാടില്ലെന്ന് ഇപ്പോള്‍ ഉപദേശിക്കാന്‍ മുതിര്‍ന്നിരിക്കുന്നു. മോഡി പറഞ്ഞതില്‍ എവിടെയാണ് വ്യക്തിഹത്യ ? എന്നാല്‍ മോഡി നേരിടുന്നതുപോലെ വ്യക്തിഹത്യ രാഷ്ട്രീയത്തില്‍ ആരെങ്കിലും നേരിടുന്നുണ്ടോ ? നേരിട്ടിട്ടുണ്ടോ ? നരഭോജി എന്നല്ലെ നരേന്ദ്രമോഡിയെ ചിലര്‍ വിശേഷിപ്പിക്കുന്നത്. അഹിംസയുടെ മൂര്‍ത്തീഭാവമായ മഹാത്മജിയുടെ ജന്മസംസ്ഥാനം ഭരിക്കുന്ന നരേന്ദ്രമോഡി ഒരു വിഷപാമ്പിനെയെങ്കിലും കൊന്ന ചരിത്രമുണ്ടോ ? എന്നിട്ടും മോഡിയെക്കുറിച്ച് എന്തെല്ലാം കല്ലുവച്ച നുണകള്‍, കെട്ടുകഥകള്‍.
ഐപിഎല്‍ ക്രിക്കറ്റിന്റെ വിയര്‍പ്പിന്റെ വില എന്ന ഓമനപ്പേരിലാണ് 50 കോടി സുനന്ദ പുഷ്കറിന് നല്‍കിയത്. ആ കോടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പ്രസ്താവിച്ച തരൂര്‍, കോടിയുടെ ഉടമസ്ഥയായ പെണ്‍കൊടിയെ സ്വന്തമാക്കി ! എങ്ങിനെയുണ്ട് ബുദ്ധി ?
സുനന്ദയുടെ പേരില്‍ കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം, സുനന്ദയുടെ ദേഹത്ത് കൈവച്ച വിരുതന്മാര്ക്കെതിരെ നടപടിക്ക് മുതിരാത്തതെന്താണ് ? തന്നെക്കാള്‍ വളരെ പ്രായംകുറഞ്ഞ 19 കാരനാണ് ആക്രമിച്ചതെന്നും അയാളുടെ രക്ഷിതാക്കള്‍ വീട്ടിലെത്തി കരഞ്ഞുപറഞ്ഞതിനാല്‍ പരാതി നല്‍കുന്നില്ലെന്നും സുനന്ദ പറഞ്ഞതായാണ് വനിതാകമ്മിഷന് ചെയര്‍പേഴ്സണ്‍ റോസക്കുട്ടി വിശദീകരിക്കുന്നത്. ഭാര്യയെ കയ്യേറ്റം ചെയ്തവര്‍ ആരായാലും വെറുതെ വിടില്ലെന്ന തരൂരിന്റെ ആവേശവും കെട്ടടങ്ങി.
ആകസ്മികമായി രാഷ്ട്രീയത്തിലിറങ്ങി ഓര്‍ക്കാപ്പുറത്ത് ലഭിച്ച മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ സുനന്ദയുടെ പങ്ക് ചെറുതല്ല. ചിലര്‍ കാലെടുത്തുവച്ചാല്‍ കുലം നന്നാകും എന്നുപറഞ്ഞതുപോലെ സുനന്ദ ഭാര്യയായി വന്നപ്പോള്‍ ‘പോയ മച്ചാന് തിരുമ്പി വന്താന്‍’ എന്ന പോലെ മന്ത്രിസ്ഥാനവും തിരിച്ചുകിട്ടി. അതുകൊണ്ടാവാം വര്ധിതമൂല്യത്തെക്കുറിച്ച് വാചാലനായത്. ചില സ്ത്രീകള്‍ അങ്ങനെയാണ്. കുലം നന്നാകാന്‍ മാത്രമല്ല കുലംകുത്തികളാകാനും കാരണക്കാരാകും. ചരിത്രത്തില്‍ മാത്രമല്ല പുരാണത്തിലും ഇതിഹാസങ്ങളിലുമൊക്കെ അത് പ്രകടവുമാണ്.
കൈകേയി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ശ്രീരാമനെങ്ങനെയായിരിക്കും ? രാമായണകഥയുടെ ഗതിതന്നെ മാറുമായിരുന്നില്ലെ ? ദുര്യോധനനെ ദുശ്ശാഠ്യക്കാരനും കടുംപിടുത്തക്കാരനുമാക്കിയത് അധികാരക്കൊതി മാത്രമായി ലഘൂകരിക്കാനാകുമോ ? പാഞ്ചാലിയുടെ പരിഹാസച്ചിരി അങ്കത്തില്‍ വഹിച്ച പങ്ക് കുറച്ചുകാണാനാകുമോ ? ഇസ്ലാമിലെ ഷിയാ-സുന്നി തര്‍ക്കത്തിനു പിറകില്‍ ആയിഷാബീവിയാണെന്നാണ് കഥ. വിശ്വാമിത്രന്റെ തപസ്സിനെ ഭംഗം വരുത്താന്‍ മേനക മടിച്ചെങ്കില്‍ ശകുന്തള ഉണ്ടാകുമായിരുന്നോ ? ശകുന്തള ഇല്ലെങ്കില്‍ ദുഷ്യന്തനുണ്ടാകുമോ ? ഇവര്‍ ഒരുമിച്ചില്ലായിരുന്നെങ്കില്‍ ഭരതന് ജനിക്കുമായിരുന്നോ ? വര്‍ത്തമാനകാല രാഷ്ട്രീയ കലഹങ്ങള്‍ക്കും പെണ്തരികള് നല്കുന്ന സംഭാവനകള്‍ ചെറുതല്ല.
വാഴുന്നവനെ വാഴ്ത്തുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ശശിതരൂര്‍ മന്ത്രിയല്ലാതായപ്പോള്‍ മോശക്കാരനുക്ക് മോശക്കാരന്‍ എന്ന് പരിഹസിച്ചവര്‍പോലും ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്ന് മാറ്റിപ്പാടാന് തുടങ്ങിയിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ശശി തരൂരിനെപ്പോലെ നയതന്ത്രജ്ഞനും സകലകലാവല്ലഭനും വിദ്യാഭ്യാസ വിചക്ഷണനുമായ ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയിട്ടില്ല, മന്ത്രിയായിട്ടില്ലാ എന്നൊരാള്‍ മിനിസ്ക്രീനില്‍ വിശേഷണങ്ങളാല്‍ പൊതിഞ്ഞുനിര്ത്തുന്നതു കേട്ടു. ‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള്പോലെ വെളുത്തിട്ട്’ എന്ന് പറയുന്നതുപോലെയാണിത്.
ശശിതരൂര്‍ മോശക്കാരനാണെന്നു പറയുന്നില്ല. എന്നാല്‍ ശശിതരൂരിനെക്കാള്‍ രാഷ്ട്രം അംഗീകരിച്ച, ലോകം അംഗീകരിച്ച നയതന്ത്രജ്ഞന്മാര് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. നയതന്ത്രസ്ഥാനങ്ങള് അലങ്കരിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ മന്ത്രിയുമായിട്ടുണ്ട്. അതും മലയാളിതന്നെ. ശശിതരൂര്‍ മത്സരിച്ച തിരുവനന്തപുരത്തു നിന്നുതന്നെ മത്സരിച്ച് ജയിച്ച വി.കെ.കൃഷ്ണമേനോന് പക്ഷേ വിയര്പ്പിന് വില കണക്കാക്കി വീതം വച്ചെടുത്തിട്ടില്ല.
ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാദ്ഭുതം എന്നാണ് വി.കെ.കൃഷ്ണമേനോന് അറിയപ്പെടുന്നത്. സ്വാതന്ത്ര്യം നേടിയശേഷം രാജ്യാന്തരരംഗത്ത് ശക്തമായ ഇടപെടല്‍ നടത്തിയ ആദ്യവ്യക്തി ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വി.കെ.കൃഷ്ണമേനോന്. നെഹ്രുവിന്റെ വലംകൈ. ചേരിചേരാ പ്രസ്ഥാനത്തിന്റെ വക്താവ്. കാശ്മീര്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ നീണ്ട കൃഷ്ണമേനോന്റെ പ്രസംഗം മറികടക്കുന്നത് ഇന്നേവരെ ഉണ്ടായിട്ടില്ല.
ലണ്ടനില്‍ ഇന്ത്യാ ലീഗിന്റെ സെക്രട്ടറി എന്ന നിലയില്‍ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എക്കാലവും ഓര്‍മ്മിക്കേണ്ടതാണ്. നല്ല സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയാത്ത സ്ഥാനമാണ് ലണ്ടനില്‍ അദ്ദേഹം വഹിച്ചിരുന്നത്. വരുമാനമെല്ലാം ഇന്ത്യാ ലീഗിനായി നീക്കിവച്ചു. ലണ്ടനില്‍ ഏറ്റവും ചെലവുകുറഞ്ഞ വീഥിയിലെ വീട്ടില്‍ താമസിച്ചാണ് ഇന്ത്യയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ ചെയ്തത്.
സ്വതന്ത്ര ഇന്ത്യയുടെ ബ്രിട്ടനിലെ ഹൈക്കമ്മീഷണറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കൃഷ്ണമേനോന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായി ചെയ്ത പ്രയത്നങ്ങള്‍ വിലമതിക്കാനാവാത്തതാണ്. രാജ്യസഭാംഗം, ലോകസഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലെല്ലാം വര്‍ത്തിച്ച് വ്യക്തിമുദ്രപതിപ്പിച്ച കൃഷ്ണമേനോന് അമേരിക്കയുടെ ആശ്രിതനോ ആജ്ഞാനുവര്‍ത്തിയോ ആയിരുന്നില്ല എന്നത് പോരായ്മയാണെങ്കില്‍ അത് ഉണ്ടായിരുന്നു. കൃഷ്ണമേനോനുമായി താരതമ്യം ചെയ്യുമ്പോള്‍ ശശിതരൂര്‍ പട്ടുനൂലം വാഴനാരും എന്ന അന്തരമുണ്ടെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. ആരെങ്കിലും ക്ഷണിച്ചാല്‍ ഗുജറാത്തില്‍ മോഡിക്കെതിരെ പ്രചാരണം നടത്താന്‍ പോകുമെന്നാണ് തരൂര്‍ ഒടുവില്‍ പറഞ്ഞിരിക്കുന്നത്. ആര് ക്ഷണിക്കാന്‍! മോഡി ക്ഷണിക്കുമായിരിക്കും. അതിന് ഒരപേക്ഷ കൊടുത്തുനോക്കാവുന്നതാണ്.
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: