സാമ്പത്തിക പരിഷ്ക്കരണത്തിന്റെ പേരില്‍ സബ്സിഡികള്‍ നിര്‍ത്തുകയും സര്‍വസാധനങ്ങള്‍ക്കും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഏറ്റവും ഒടുവില്‍ പാചകവാതകത്തിന്റെ വില ഒരിക്കല്‍ക്കൂടി വര്‍ദ്ധിപ്പിച്ച് ക്രൂരവിനോദം ആവര്‍ത്തിച്ചിരിക്കുന്നു. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 26.50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസം ആറിന് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 11.42 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 12.17 രൂപയും കൂട്ടിയതാണ്. വിതരണ ഏജന്‍സികളുടെ കമീഷന് വര്‍ധിപ്പിക്കാനെന്ന പേരിലാണ് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 921 രൂപയില്‍ നിന്ന് 948 രൂപയാവും. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 10 പൈസയും കൂട്ടി. വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് മുഖം മിനുക്കാന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാചകവാതകത്തിന് വ്യാഴാഴ്ച വില വീണ്ടും കൂട്ടിയത്. പുനസംഘടിപ്പിച്ചപ്പോള്‍ മന്ത്രിസഭയില്‍ എത്തിയവരുള്‍പ്പെടെ 79 കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയുടെ വസതയില്‍ സമ്മേളിച്ചതിന്റെ തൊട്ടുപിറകെയാണ് വിലവര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കേന്ദ്രമന്ത്രിസഭയുടെ പ്രതിഛായ നന്നാക്കാനാണ് മന്ത്രിസഭാ പുനസംഘടന നടത്തിയതെന്ന് പറയുന്നു. മന്ത്രിസഭയുടെ മുഖം വികൃതമായിരുന്നു എന്ന് അവര്‍തന്നെ സമ്മതിക്കുന്നു. കുറെ അഴിമതിക്കാര്‍ക്ക് അമിതാധികാരം നല്‍കാനും അഴിമതികലയില് പ്രാവീണ്യം നേടിയവര്‍ക്ക് അവസരം നല്‍കാനുമാണ് ഈ പുനസംഘടന എന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങളെ കൊള്ളയടിച്ച് വികൃതമുഖവും പേറി നില്ക്കുന്ന മന്ത്രിസഭ വീണ്ടും ജനദ്രോഹത്തിന് മുതിരുന്നത് ധിക്കാരമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിന് അര്‍ഹിക്കുന്ന മറുപടി നല്കാന് ലഭിക്കുന്ന ഒരവസരവും ജനങ്ങള്‍ പാഴാക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: