ഒന്നിനൊന്ന് പോന്ന പതിനെട്ടു ചുണ്ടന് വള്ളങ്ങള്‍. ചുണ്ടുകള്‍ ഒരേ നിരയില്‍ നിരന്നപ്പോള്‍ ഒരു സൈനിക വ്യൂഹത്തിന്റെ ആകാരവടിവ്. കായലോളത്തിന്റെ വശ്യതയ്ക്കപ്പുറം ടെന്നീസ് വിസ്മയം സാനിയ മിര്‍സയെ കണ്ടതോടെ ആര്‍പ്പും താളവുമായി നൂറ് നൂറ് തുഴകള്‍ വാനിലുയര്‍ന്നു. അഷ്ടമുടിയുടെ അഴകിന് ജലോത്സവത്തിന്റെ കൊഴുപ്പ് പകര്‍ന്ന സായന്തനം അവിസ്മരണീയമാക്കി ചുണ്ടന് വള്ളങ്ങളുടെ മാസ്ഡ്രില്‍.
രണ്ടാമത് പ്രസിഡന്റ്സ് ട്രോഫിക്ക് ഒരേയൊരാകര്ഷണം സാനിയ മാത്രമായിരുന്നു. മേറ്റ്ല്ലാം ഖദറിട്ട കോണ്‍ഗ്രസുകാരുടെ പതിവ് തിക്കും തിരക്കും. എല്ലാ പവലിയനിലും ഖദര്‍ധാരികള്‍ മാത്രം. ഉദ്ഘാടന വേദിയിലും മാറ്റമില്ല. വള്ളംകളി കാണാനെത്തിയ സാനിയ മിര്‍സ കോണ്‍ഗ്രസ് നേതാക്കളുടെ തിരക്കില്‍ സഹികെട്ട് നേരത്തെ വേദിവിട്ടു.
പിന്നെകണ്ടത് കൊല്ലത്തിന്റെയാകെ വള്ളംകളിയാകേണ്ട മത്സരം കോണ്‍ഗ്രസ് മേളയാക്കിയതിനെതിരായ പ്രതിഷേധക്കളിയായിരുന്നു. എംഎല്‍എയും എംപിയും മേയറും അടക്കമുള്ള ഇടതു ജനപ്രതിനിധികള്‍ക്ക് പുല്ലിന്റെ വില പോലും നല്‍കാതെ പീതാംബരകുറുപ്പ് എംപിയുടെ സ്വന്തം സ്വാഗതസംഘം നടത്തിയ സമ്മേളനമാണ് പ്രതിഷേധത്തിലും ബഹിഷ്ക്കരണത്തിലും കലാശിച്ചത്.
ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ആരംഭിച്ച സമ്മേളനം 35 മിനിട്ട് കൊണ്ട് തീരണമെന്നായിരുന്നു എംപി പീതാംബരകുറുപ്പിന്റെ ഉത്തരവ്. അതില്‍ മുപ്പത് മിനിട്ടും അദ്ദേഹം സ്വാഗതം പറഞ്ഞ് മുതലാക്കി. സ്വാഗതസംഘത്തിന്റെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ച എല്ലാവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു ആക്രോശം. ദോഷം പറയരുത് ആ തിരക്കിനിടയിലും അദ്ദേഹം രവിപിള്ളയെ മറന്നില്ല. പിന്നെ അധ്യക്ഷന്‍ ഷിബു ബേബിജോണ്‍. പാവം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അവതരണം. പിന്നെ സാനിയ മിര്‍സയുടെ പ്രസംഗം.
നേതാക്കന്മാരുടെ ആര്ത്തികണ്ടാവണം സാനിയ രണ്ട് വാക്കില്‍ എല്ലാം ഒതുക്കി. വന്നു, കണ്ടു, കീഴടക്കി എന്നു പറഞ്ഞതുപോലെ ഒരു പ്രസംഗം. പിന്നെയാണ് കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉടയ തമ്പുരാന് രമേശ് ചെന്നിത്തലയുടെ വരവ്. ചുറ്റിനും ഖദര്‍ധാരികളുടെ തിരക്കോടെ ഓടിക്കയറിയൊരു വരവ്. അപ്പോഴേക്കും മത്സരം തുടങ്ങിയിരുന്നു. കമന്ററിക്കാരന്റെ വായ പൊത്തിപ്പിടിച്ച് മൈക്ക് ചെന്നിത്തലയുടെ മുന്നിലേക്ക്. സ്മരണികയുടെ പ്രകാശനമായിരുന്നു ഇനം. പ്രസംഗം കഴിഞ്ഞ് ചെന്നിത്തല വന്നതിനേക്കാളും വേഗത്തില്‍ നമടങ്ങി.
സ്മരണിക ഏറ്റുവാങ്ങിയ മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രതിഷേധം പ്രസംഗത്തിലാക്കാമെന്ന് വിചാരിച്ചാണ് തുടങ്ങിയതെങ്കിലും പറഞ്ഞതെല്ലാം തിരിഞ്ഞുപോയി. എംഎല്എമാര്ക്കെന്താ പരിപാടിയില്‍ പങ്കെടുത്താല്‍ എന്നൊക്കെയായിപ്പോയി പ്രസംഗം. എന്താ പങ്കെടുക്കാതിരുന്നതെന്നായി മറ്റുള്ളവരുടെയും ചോദ്യം. മേയര്‍ തോറ്റപ്പോഴാണ് പ്രതിഷേധം കത്തിയത്.
കെപിസിസി പ്രസിഡന്റിന് വന്നപാടെ മൈക്ക് കൊടുക്കാമെങ്കില്‍ ഒരു വള്ളപ്പാട് മുമ്പേ വന്ന ദേശീയപാര്‍ട്ടിയായ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനും കൊടുക്കാമായിരുന്നല്ലോ എന്ന് ന്യായം. ന്യായത്തിന് ചൂട് പകര്‍ന്ന് മറ്റുള്ളവരും ഒപ്പം ചേര്‍ന്നതോടെ പ്രതിഷേധം ബഹിഷ്കരണമായി. കെ.എന്‍. ബാലഗോപാല്‍ എംപിയുടെയും മേയര്‍ പ്രസന്ന ഏണസ്റ്റിന്റെയും നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ ഇറങ്ങിപ്പോയി. മറ്റ് ചില ദേശീയപാര്‍ട്ടികളുടെ നേതാക്കളും ബാഡ്ജും കുത്തി പവലിയന് ചുറ്റും മണ്ടിനടന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. എന്തായാലും രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ അരങ്ങും അണിയറയും കോണ്‍ഗ്രസിന്റെ കുത്തകയായി മാറിയ കാഴ്ചയാണ് കൊല്ലത്ത് കണ്ടത്. മടങ്ങുന്നവര്‍ക്ക് കാണാന്‍ പാകത്തിന് എന്‍. പീതാംബരകുറുപ്പിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഇങ്ങനെയൊരു ബോര്‍ഡും തൂങ്ങിയിരുന്നു. “പ്രസിഡന്റ്സ് ട്രോഫി കൊല്ലത്തേക്ക് കൊണ്ടുവന്ന പീതാംബരകുറുപ്പിന് അഭിവാദ്യങ്ങള്‍” ആനന്ദലബ്ധിക്കിനിയെന്തു വേണം. പ്രസിഡന്റ്സ് ട്രോഫിയുടെ പിതാവാരെന്ന് ഒരു പിഎസ്സി ചോദ്യം ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.
എമ്മെസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: