ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഐടി ഇതര ബിസിനസുകള്‍ വേര്‍തിരിച്ച് പ്രത്യേക കമ്പനി രൂപീകരിക്കുന്നു. വിപ്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ കമ്പനി രൂപീകരണത്തിന് അനുമതി നല്‍കിയത്. വിപ്രോ എന്റര്‍പ്രൈസസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കമ്പനിക്ക് കീഴിലേക്ക് ഐടി ഇതര ബിസിനസുകള്‍ കൊണ്ടുവരുന്നതിനാണ് പദ്ധതി.
വിപ്രോ കണ്‍സ്യൂമര്‍ കീയര്‍ ആന്റ് ലൈറ്റനിംഗ്, വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഡയഗ്നോസ്റ്റിക് പ്രൊഡക്ട് ആന്റ് സര്‍വീസസ് ബിസിനസ് എന്നിവയാണ് വിപ്രോയുടെ ഐടി ഇതര ബിസിനസുകളില്‍ ഉള്‍പ്പെടുന്നത്.
ഐടി ബിസിനസുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഇനി മുതല്‍ വിപ്രോ ലിമിറ്റഡ് പ്രവര്‍ത്തിക്കുക. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായി തുടരുമെങ്കിലും വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യില്ല.
2011-12 സാമ്പത്തിക വര്‍ഷം വിപ്രോ ലിമിറ്റഡിന് 86 ശതമാനം വരുമാനം നേടിക്കൊടുത്തത് ഐടി ബിസിനസ്സായിരുന്നു. 94 ശതമാനമായിരുന്നു പ്രവര്‍ത്തന ലാഭം. വിപ്രോ രണ്ടാകുന്നതോടെ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിനും വളര്‍ച്ച തന്ത്രങ്ങള്‍ പിന്തുടരാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതാത് മേഖലകളില്‍ ഇരു കമ്പനികള്‍ക്കും പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം വിപ്രോ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയിട്ടില്ല. വിപ്രോയുടെ മാനേജ്മെന്റ് ഘടനയിലും നേതൃത്വത്തിലും പുതിയ കമ്പനിയുടെ രൂപീകരണം യാതൊരുവിധ മാറ്റവും വരുത്തില്ല. വിപ്രോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായ അസിം പ്രേംജി തന്നെ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനവും വഹിക്കും എന്നാണ് അറിയുന്നത്. കമ്പനി രണ്ടാകുന്നത് തങ്ങളുടെ ഓഹരി ഉടമകളുടെ മൂല്യം ഉയര്‍ത്തുമെന്നും വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകുമെന്നുമാണ് തന്റെ വിശ്വാസമെന്ന് അസിം പ്രേംജി പറഞ്ഞു.
2012 ഏപ്രില്‍ ഒന്ന് മുതല്‍ കമ്പനി വേര്‍പിരിഞ്ഞതായാണ് കണക്കാക്കുക. വേര്‍പിരിയല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകും. വിപ്രോ ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് രണ്ട് രൂപ മുഖ വിലയുള്ള അഞ്ച് ഓഹരികള്‍ക്ക് പത്ത് രൂപ മുഖവിലയുള്ള ഒരു വിപ്രോ എന്റര്‍പ്രൈസസ് ഓഹരി ലഭിക്കും. അതല്ലെങ്കില്‍ വിപ്രോ ലിമിറ്റഡിന്റെ അഞ്ച് ഓഹരികള്‍ക്ക് ഏഴ് ശതമാനം തിരികെ ലഭിക്കാവുന്ന അമ്പത് രൂപ മുഖവിലയുള്ള വിപ്രോ എന്റര്‍പ്രൈസസ് ഓഹരി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: