അടിയന്തരാവസ്ഥക്കുശേഷം ഭരണമേറ്റ ജനതാ സര്‍ക്കാരിന്റെ കാലം. ദല്‍ഹിയിലെ ഒരു വിരുന്നു സല്ക്കാരത്തിനെത്തിയിരിക്കുകയാണ് അന്ന് അധികാരത്തിന് പുറത്തായിരുന്ന ഇന്ദിരാഗാന്ധി. മലയാളിയും ‘ലണ്ടന്‍ ഒബ്സര്‍വറി’ന്റെ ലേഖകനുമായിരുന്ന സി.പി.രാമചന്ദ്രന് ഇന്ദിരയുടെ നേര്‍ക്ക് ഒരു ചോദ്യമെറിഞ്ഞു. ജനതാ സര്‍ക്കാര്‍ എത്രകാലം ഭരിക്കും? എന്നതായിരുന്നു അത്. ‘അധികാരം വലിയൊരു ശക്തിയാണ്’ (Power is Great force) എന്നാണ് ഇന്ദിരാഗാന്ധി ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. മന്മോഹന് സിംഗ് എന്ന വെറുമൊരു ബ്യൂറോക്രാറ്റ് എട്ട് വര്‍ഷത്തിലേറെക്കാലം എങ്ങനെ അധികാരത്തില്‍ തുടര്‍ന്നു എന്ന ചോദ്യത്തിനുള്ള മറുപടിയും ഇതുതന്നെയാണ്. അഴിമതി നിറഞ്ഞതും സാമ്പത്തിക പരിഷ്ക്കാരങ്ങളിലുള്പ്പെടെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് നിരന്തരം വഴങ്ങുന്നതുമായ യുപിഎ സര്‍ക്കാര്‍ അധികാരം ഉപയോഗിച്ചാണ് അധികാരത്തില്‍ തുടരുന്നത്. ഇരുപത്തിരണ്ട് മന്ത്രിമാര്‍ അധികാരമേറ്റ ഏറ്റവും പുതിയ മന്ത്രിസഭ പുനഃസംഘടനക്കുശേഷം പൊതുതെരഞ്ഞെടുപ്പ് നേരത്തെയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പ്രസ്താവിച്ചതും ഈ നഗ്നമായ അധികാരപ്രയോഗത്തിന്റെ ബലത്തിലാണ്. ഇതില്‍ ഒരു വൈരുദ്ധ്യവും വിരോധാഭാസവുമുണ്ടെന്ന് മാത്രം. അധികാരം കയ്യാളുന്നത് പ്രധാനമന്ത്രിയുടെ ആസ്ഥാനമായ സൗത്ത് ബ്ലോക്കല്ല. മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിയുടെ ഉപജാപകേന്ദ്രമായ നമ്പര്‍ ടെന്‍ ജന്‍പഥാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ്പദവി മാത്രമല്ല, ഭരണസഖ്യമായ യുപിഎ, സര്‍ക്കാര്‍ നയങ്ങളെ രൂപപ്പെടുത്തുന്ന നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ (എന്‍എസി) എന്നിവയുടെയും അധ്യക്ഷസ്ഥാനങ്ങള്‍ സോണിയാ ഗാന്ധിക്കുണ്ട്. എന്നിട്ടും ഒരു ധര്‍മ്മസങ്കടം അനുഭവിക്കുകയാണ് അവരെന്ന് ഇപ്പോഴത്തെ മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഒരിയ്ക്കല്‍ക്കൂടി വ്യക്തമായി. മകന് രാഹുലിനെ ഇനിയും മന്ത്രിസഭയിലെത്തിക്കാനാവാത്തതാണ് അതിന് കാരണം. രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരാത്തതില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിസ്ഥാനത്തിന്റെ സുരക്ഷിത്വത്തിലിരുന്നുകൊണ്ട് സോണിയയെ ഒന്ന് കുത്തുകയായിരുന്നില്ലേ? രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ പുനഃസംഘടനയാണിത് എന്ന പ്രഖ്യാപനത്തിലൂടെ മകനെ ഇനി മന്ത്രിസഭയില്‍ തിരുകിക്കയറ്റാമെന്ന ആഗ്രഹം സോണിയക്കും അങ്ങനെയൊരു മോഹം രാഹുലിനും വേണ്ടെന്ന് പറയാതെ പറയുകയായിരുന്നില്ലേ മന്മോഹന്?
എട്ടിലേറെ വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ എപ്പോഴൊക്കെ മന്ത്രിസഭാ പുനഃസംഘടന നടന്നിട്ടുണ്ടോ അപ്പോഴൊക്കെ രാഹുല്‍ മന്ത്രിസഭയില്‍ ചേരും എന്ന പ്രചാരണവും നടന്നിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന പ്രതികരണങ്ങള്‍ സോണിയയുടെ ഉപഗ്രഹങ്ങളായി ചുറ്റിക്കറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഉണ്ടാകാറുമുണ്ട്. എല്ലാ പുനഃസംഘടനയിലും ആരൊക്കെ മന്ത്രിമാരാവണം, ആരെയൊക്കെ ഒഴിവാക്കണം എന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് സോണിയയുടെ ഔദ്യോഗികവസതിയായ ടെന്‍ ജന്പഥാണെന്ന ധാരണയും പ്രബലമാണ്. എന്നിട്ടുമെന്താണ് അനഭിമതര്ക്കുപോലും മന്ത്രിസഭയിലേക്ക് നറുക്കുവീഴുമ്പോള്‍ രാഹുലിന്റെ കാര്യത്തില്‍ മാത്രം ഒന്നും സംഭവിക്കാതെ പോകുന്നത്? സോണിയയ്ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറുപടിയില്ലാത്ത ഈ ചോദ്യം ഏറ്റവും ഒടുവിലത്തെ പുനഃസംഘടനയിലും ഉയര്‍ന്നുവന്നിരിക്കുകയാണ്.
ഒന്നിലധികം തവണ നീട്ടിവെയ്ക്കപ്പെട്ട ഇപ്പോഴത്തെ പുനഃസംഘടനയിലൂടെ രാഹുല്‍ ഗാന്ധി മന്ത്രിസഭയിലെത്തുമെന്നും മന്ത്രിമാരില്ത്തന്നെ രണ്ടാമനാവുമെന്നും വളരെ മുമ്പുതന്നെ പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയതാണ്. ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ മന്ത്രിസഭ വിട്ടപ്പോള്‍ ചിദംബരം ആ സ്ഥാനത്തെത്തുകയും സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തു. മന്ത്രിസഭയിലെ രണ്ടാമന് ആരാണ് എന്നൊരു പ്രശ്നം ഇതോടെ ഉയര്‍ന്നുവന്നിരുന്നു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയോ കൃഷി മന്ത്രി ശരദ്പവാറോ രണ്ടാമന് എന്നതായിരുന്നു തര്‍ക്കം. രാഹുല്‍ മന്ത്രിയാവുന്നതോടെ ഈ തര്‍ക്കം പരിഹരിക്കപ്പെടുമെന്നുവരെ കേട്ടിരുന്നു. പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കയറ്റം എളുപ്പമാക്കാന്‍ മാനവവിഭവശേഷി വികസന വകുപ്പോ ഗ്രാമവികസന വകുപ്പോ രാഹുലിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഈ പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പുനഃസംഘടനയില്‍ രാഹുലിന് പ്രമുഖസ്ഥാനം ലഭിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു.
മന്ത്രിസഭാ രൂപീകരണത്തോളം വരുന്ന പുനഃസംഘടനയാണ് ഇപ്പോള്‍ നടന്നത്. ഇരുപത്തിരണ്ട് പേരാണ് പുതിയ മന്ത്രിമാരായി അധികാരമേറ്റത്. രാഹുലിന് ഇതിലൊരാളാവാന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ‘രാഹുല്‍ ബ്രിഗേഡി’ല്‍നിന്ന് മന്ത്രിമാരാവും എന്ന് പറഞ്ഞുകേട്ടിരുന്നവരും മന്ത്രിമാരായതുമില്ല. അശോക് തന്‍വാര്‍ (ഹരിയാന), പ്രദീപ് മഝി(ഒറീസ്സ), മീനാക്ഷി നടരാജന് (മധ്യപ്രദേശ്), മാനിക്ക ടാഗോര്‍ (തമിഴ്നാട്), ജ്യോതി മിര്‍ധ(മഹാരാഷ്ട്ര), മൗസം നൂര്‍ (പശ്ചിമബംഗാള്‍) എന്നിവരുടെയെല്ലാം പേരുകള്‍ പുനഃസംഘടന തുടങ്ങുന്ന പതിനൊന്നാം മണിക്കൂറില്‍ വരെ പറഞ്ഞുകേട്ടിരുന്നതാണ്. എന്നാല്‍ ഇവരാരും മന്ത്രിമാരായില്ല. എന്താണ് ഇവരുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും ‘രാഹുല്‍ ടച്ച്’ ഉണ്ടായില്ല. എന്നിട്ടും അജയ് മാക്കന്, സച്ചിന് പെയിലറ്റ് എന്നിവര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനങ്ങള്‍ നല്കിയതും മനീഷ് തിവാരിയെ മന്ത്രിസഭയിലെടുത്തതുമൊക്കെ രാഹുലിന് വഴിയൊരുക്കാനാണെന്ന് വാദിക്കുന്നത് പരിഹാസ്യമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി ഒന്നരവര്‍ഷമേയുള്ളൂ.അതുകഴിഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പാണ്. സോണിയയും രാഹുലും കൂടി കോണ്‍ഗ്രസിനെ നയിച്ച് വിജയത്തിലെത്തിക്കുമെന്ന് പാര്‍ട്ടിയുടെ അങ്ങേയറ്റത്തെ ശുഭാപ്തി വിശ്വാസിപോലും കരുതുന്നില്ല. അതായത് ഇപ്പോഴത്തെ വഴിയൊരുക്കലിന് ഒന്നരവര്‍ഷം കഴിഞ്ഞാല്‍ യാതൊരു പ്രസക്തിയുമില്ലെന്നര്ത്ഥം.
അമ്മയും മകനും നേരിടുന്ന പ്രശ്നം ലളിതമാണ്. മകന് ഒരു ദിവസം പോലും വൈകാതെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നുകാണാനാണ് സോണിയ ആഗ്രഹിക്കുന്നത്. തനിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതെപോയ നിമിഷം മുതല്‍ സോണിയ പുലര്‍ത്തുന്ന മോഹമാണിത്. ഈ മോഹം പൂവണിയുന്നില്ല. കാരണങ്ങള്‍ വ്യക്തമാണ്. രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും എംപിയെന്ന നിലയ്ക്കും രാഹുല്‍ സമ്പൂര്‍ണ പരാജയമാണ്. ഒരു തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്കിയ ഉത്തര്‍പ്രദേശിലെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും തമിഴ്നാട്, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനേറ്റത് കനത്ത പരാജയങ്ങളാണ്. രാഹുലിന്റെ സ്വന്തം പരാജയങ്ങളായിരുന്നു ഇവ. എംപി എന്നനിലയില്‍ പാര്‍ലമെന്റിലെ രാഹുലിന്റെ പ്രകടനം പരിതാപകരമായിരുന്നു. സ്വന്തം ബുദ്ധിയിലുദിച്ച ഏതെങ്കിലും ഒരു ആശയം അവതരിപ്പിക്കാനോ ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്നത്തിനെങ്കിലും പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കാനോ രാഹുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു മകനെ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ കെട്ടിവെയ്ക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം സോണിയക്കില്ല എന്നതാണ് സത്യം.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ മന്ത്രിസഭയിലേക്കില്ലെന്ന് രാഹുല്‍ അറിയിച്ചുവെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറയുന്നത് 2011 ലെ നല്ല തമാശകളിലൊന്നാണ്. രാഹുല്‍ മന്ത്രിയാവാതിരുന്ന പുനഃസംഘടനയുടെ പിറ്റേദിവസം ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് രാഹുല്‍ പാര്‍ട്ടിയിലെ രണ്ടാമനാണെന്നാണ്. സീതാറാം കേസരി എന്ന വന്ദ്യവയോധികനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ചവിട്ടിപ്പുറത്താക്കിയതുമുതല് സോണിയാഗാന്ധി സ്വകാര്യ സ്വത്താക്കി കൊണ്ടുനടക്കുന്ന കോണ്‍ഗ്രസില്‍ രാഹുലിന് രണ്ടാം സ്ഥാനക്കാരനല്ല, ഒന്നാം സ്ഥാനക്കാരനാവാനും തടസ്സമില്ല. അതൊക്കെ കോണ്‍ഗ്രസിന്റെ അടുക്കളക്കാര്യം. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുല്‍ മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അതൊരു കടന്ന കയ്യായിരിക്കും. ഒന്നും രണ്ടും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്ന ഇത്രകാലവും രാഹുല്‍ മന്ത്രിയായിരുന്നില്ല. കോണ്‍ഗ്രസ് നേതാവായിരുന്നു. 2004 ല്‍ പാര്‍ട്ടിജനറല്‍ സെക്രട്ടറിയായതാണ് രാഹുല്‍. അതിനുശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ലാതെ മേറ്റ്ന്തായിരുന്നു രാഹുലിന് പണി? എന്നിട്ട് പാര്‍ട്ടി ശക്തിപ്പെട്ടോ? കോണ്‍ഗ്രസ് ഭരണമുള്ളതോ പ്രതിപക്ഷം ഭരിക്കുന്നതോ ആയ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ് ശക്തിപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, രാഹുല്‍ സ്വന്തം തട്ടകമായി തെരഞ്ഞെടുത്ത ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രപരമായ ഒറ്റപ്പെടലാണ്. ഇതിന് ഉത്തരവാദിയായി ഒരാളെ മാത്രമായി ചൂണ്ടിക്കാട്ടാമെങ്കില്‍ അത് രാഹുല്‍ഗാന്ധിയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന പേരില്‍ രാഹുല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പര്യടനങ്ങളും കാമ്പസ് റിക്രൂട്ട്മെന്റുമൊക്കെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നതാണ്. പാര്‍ട്ടിയുടെ അന്തിക്രിസ്തുവായാണ് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാര്‍ രാഹുലിന്റെ വരവിനെ കാണുന്നത്.
കൊട്ടിഘോഷിക്കപ്പെടുന്നപോലെ രാഹുല്‍ ഗാന്ധി യുവാവൊന്നുമല്ല. 1970 ല്‍ ജനിച്ച രാഹുലിന് ഇപ്പോള്‍ 42 വയസായി. സമപ്രായക്കാരും പ്രായം കുറഞ്ഞവരുമായ പലരും കഴിവിന്റെ കാര്യത്തില്‍ രാഹുലിനെക്കാള്‍ ഏറെ മുന്നിലാണ്. ഇവര്‍ക്കൊപ്പം മന്ത്രിസഭാംഗമായാല്‍ മകന്റെ കഴിവുകേട് പുറത്താകുമെന്ന ഭയമാണ് സോണിയക്ക്. മന്ത്രിമാരില്‍ രണ്ടാമനാക്കിയതുകൊണ്ടോ പ്രമുഖ വകുപ്പ് നല്കിയതുകൊണ്ടോ ഇല്ലാത്ത കഴിവ് ഉണ്ടാകാന്‍ പോകുന്നില്ല. സഹമന്ത്രിയോ കാബിനറ്റ്മന്ത്രിയോ ഒന്നും ആവാതെതന്നെ പ്രധാനമന്ത്രിക്കസേരയിലേക്ക് കെട്ടിയിറക്കിയാല്‍ ആ പദവി നല്കുന്ന അധികാരം ഉപയോഗിച്ച് പാര്‍ശ്വവര്‍ത്തികളിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാം എന്നതാണ് സോണിയ കണ്ടുവെച്ചിട്ടുള്ള തന്ത്രം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി തിളങ്ങിയതും ഇങ്ങനെയായിരുന്നുവല്ലോ. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ അത് സാധിക്കാമെന്നത് സോണിയയുടെ വ്യാമോഹം മാത്രമായിരിക്കും. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് വരുത്തി കഴിവുള്ള പലരുടേയും നേതാവായി മകനെ പ്രദര്ശിപ്പിച്ചുകൊണ്ടുനടക്കാന് മാത്രമായിരിക്കും സോണിയയുടെ വിധി.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: