ആദ്യം വ്യക്തിമനസ്സ് നന്നാവണം. നല്ല മനസ്സുള്ളവര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹമനഃസാക്ഷിയും നന്മയുടെ പാതയില്‍ ചരിക്കാന്‍ തുടങ്ങും. നല്ല സമൂഹത്തില്‍നിന്നും നല്ല വ്യക്തികളുണ്ടാവുകയല്ല- നല്ല വ്യക്തികളിലൂടെ നല്ല സമൂഹമുണ്ടാവുകയാണ്. അതുകൊണ്ട് ആദ്യം മനഃസ്ഥിതി: പിന്നെ പരിസ്ഥിതി! ‘ പരിസ്ഥിതിക്കല്ല, മനഃസ്ഥിതിക്കാണ് ആദ്യം മാറ്റം വരേണ്ടത് ‘.എന്ന് അമ്മ സദാ പറയുന്നത് അതുകൊണ്ടാണ്. മനഃസ്ഥിതി മാറിയാല്‍ പരിസ്ഥിതി താനേ മാറിക്കൊള്ളുമെന്ന് അമ്മ ഉപദേശിക്കുന്നു. മനഃസ്ഥിതി ഗൗനിക്കാതെ പരിസ്ഥിതി മാറ്റാന്‍ ശ്രമിക്കുന്നവര്‍ വേര് മറന്ന് ഇലത്തലപ്പുകളില്‍ വളം ചെയ്യുന്നവരാണ്.
മനുഷ്യമനസ്സുതന്നെയാണ് വിധായകത്വമായും വിധ്വംസകത്വമായും തീരുന്നത്.
എല്ലാ ഇകഴ്ചകള്ക്കും മികഴ്ചകള്ക്കും കാരണമായിത്തീരുന്നത് മനസ്സാണ്. മനുഷ്യനെ സംസാരബന്ധനത്തില്‍ തളയ്ക്കുന്നതും നിത്യനിര്മുക്തമാക്കുന്നതും മനസ്സാണ്. നരകം വിധിക്കുന്നതും സ്വര്‍ഗം തെളിക്കുന്നതും മനസുതന്നെ! ഭോഗരസങ്ങളില്‍ വീണ് നശിക്കുന്നതും ത്യാഗപാഗ്നിയില് നീറി ജ്വലിക്കുന്നതും മനസ്സുതന്നെ! എല്ലാ ദൂഷ്യങ്ങളും മനസ്സില്‍നിന്നുമാണ് പുറത്തേക്കുവരുന്നത്. മനോദൂഷ്യം ക്രിയകളെയും ദുഷിപ്പിക്കും. ക്രിയാദൂഷ്യം വീണ്ടും മനസ്സില്‍ മലിനത നിറയ്ക്കും.
‘ആദ്യം മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യേണ്ടതാകുന്നു. അല്ലെങ്കില്‍ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ കിടന്നാലും മനഃസുഖമില്ലാതെ അതിനുള്ളില്‍ത്തന്നെ ആത്മഹത്യ ചെയ്തെന്നും വരും’. എന്ന് അമ്മ ഓര്‍മപ്പെടുത്തുന്നു. മനസ്സിലെ മാലിന്യം വേണം ആദ്യം നീക്കം ചെയ്യേണ്ടത്. സന്മനോഭാവമുണ്ടെങ്കില് മാത്രമേ അന്യദുഃഖത്തെ സ്വന്തം ദുഃഖമായിക്കണ്ട് നന്മ ചെയ്യാന്‍ കഴിയൂ. ഹീനമനസ്സുള്ള ഒരാളെ സംബന്ധിച്ച് ലോകത്തിന്റെ ശോചനീയസ്ഥിതി അയാളില്‍ തെല്ലും ചലനം സൃഷ്ടിക്കുകയില്ല. ശിക്ഷണം നേടാത്ത മനസ്സുമായി സമൂഹസേവനത്തിനിറങ്ങിത്തിരിച്ചിരിക്കുന്നവര് വരുത്തിവെക്കുന്ന വിനകളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേറെയും. ഹീനമനസ്സുള്ളവരുടെ കര്‍മങ്ങളും ഹീനമാകാതെ തരമില്ല. അതോടെ പരിസ്ഥിതിയും താറുമാറാകും. നാട് നരകതുല്യമാകും. ശിക്ഷണമില്ലാത്ത വ്യക്തിമനസ്സില്‍ എല്ലാവിധ ദുര്‍മേദസ്സുകളും അടിഞ്ഞുകൂടും. കെട്ടിക്കിടക്കുന്ന തടാകത്തിലെ ചെളിനീരുപോലെ ദുര്‍ഗന്ധം നാലുപുറവും വ്യാപിക്കും. വികസിചിത്തം ഒഴുകുന്ന നദിപോലെയാണ്. എക്കലും ചെളിയുമൊന്നും അവിടെ അവശേഷിക്കുകയില്ല. സ്ഫടികജലത്തില് അടിത്തട്ടുവരെ തെളിഞ്ഞുകാണാം. കുടിക്കുവാനോ കുളിക്കുവാനോ അതുപകരിക്കും. അന്യര്‍ക്കുപകാരം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അതിന്റെ നിര്വിഘ്നഗതി.
മാതാഅമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: