വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ട സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ കാര്‍ഗോ സര്‍വീസ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഡ്രാഗണ്‍ പേടകം പടിഞ്ഞാറന്‍ മെക്സിക്കോയിലെ പസഫിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്തത്. ഞായറാഴ്ചക്ക് ഉച്ചയ്ക്ക് 12.30 ഓടെയാണ് പേടകം ഭൂമിയിലിറങ്ങിയത്.
ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യദൗത്യം വിജയകരമായിരുന്നുവെന്ന് നാസ അറിയിച്ചു. സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ എന്ന പേടകവും വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ഫ്ലോറിഡയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ശാസ്ത്ര ഉപകരണങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും അടങ്ങുന്ന 454 കിലോ വസ്തുക്കളായിരുന്നു. ആദ്യം കാര്‍ഗോയില്‍ ഉണ്ടായിരുന്നത് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ ശേഖരിച്ച ജൈവ സാമ്പിളുകളും പ്രവര്‍ത്തനരഹിതമായ മെഷീനുകളുമായാണ് ഡ്രാഗണ്‍ ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാസയുമായി കൈ കോര്‍ത്താണ് സ്പേസ് എക്സിന്റെ ബഹിരാകാശത്തേയ്ക്കുള്ള സ്വകാര്യ കാര്‍ഗോ സര്‍വീസ് ആരംഭിച്ചത്. ഇതിനായി 160 കോടി ഡോളറിന്റെ കരാറാണ് സ്പേസ് എക്സുമായി ഉണ്ടാക്കിയിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന പേടകമാണിത്. മേയില്‍ കമ്പനി ബഹിരാകാശ നിലയത്തിലേയ്ക്ക് ആദ്യ പരീക്ഷണ യാത്ര നടത്തിയിരുന്നു.
ബഹിരാകാശ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കുന്നതിലും തിരിച്ച് സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിലും വിജയിക്കുകയും ചെയ്തതോടെയാണ് ആദ്യ ദൗത്യത്തിന് വഴി തെളിഞ്ഞത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഷട്ടില്‍ ദൗത്യം അമേരിക്ക അവസാനിപ്പിച്ചശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ പിന്നീടുള്ള യാത്രകള്‍ റഷ്യ, ജപ്പാന്, യൂറോപ്പ് എന്നിവയുടെ സ്പേസ് ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു. സ്പേസ് എക്സ് കാര്‍ഗോ ദൗത്യങ്ങള്‍ വിജയിച്ചതോടെ നാസ ഇനി ആശ്രയിക്കുക സ്വകാര്യ കമ്പനികളെയാവും. നാസയുമായി സഹകരിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ അടുത്ത ദൗത്യം ജനുവരിയിലാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: