സിഡ്നി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം നടന്ന 1984 ലെ സിക്ക് കൂട്ടക്കൊല വംശഹത്യയായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ആസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടി എംപി വംശഹത്യപരാതി ഉന്നയിക്കും.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നത് 1984 ഒക്ടോബര്‍ 31 നായിരുന്നു. സ്വന്തം അംഗരക്ഷകരായിരുന്ന സിക്ക് വംശജരായിരുന്നു ഘാതകര്‍. ഇതിനേത്തുടര്‍ന്ന് ദല്‍ഹിയില്‍ മാത്രം നടന്ന സിക്ക് വേട്ടയില്‍ 3000ത്തോളം സിക്ക് വംശജര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
സിക്ക് വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ പ്രത്യക്ഷ അനുമതിയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധിയുടെ മകനുമായ രാജീവ് ഗാന്ധി വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്ന് വംശഹത്യയെ ന്യായീകരിച്ച് നടത്തിയ പരാമര്‍ശം കുപ്രസിദ്ധമാണ്.
അടുത്തമാസം ഒന്നിനാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് അംഗം വാറണ് ഐന്റ്സ് വംശഹത്യാ പരാതി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്. വംശഹത്യ ചെറുക്കുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള യു.എന്‍ പ്രമേയത്തിന്റെ പരിധിയില്‍ വരുന്നതാണ് സിക്ക് കൂട്ടക്കൊലയെന്ന് ഐന്റ്സ് പറയുന്നു. ഇന്ദിരാവധത്തിനുശേഷം സിക്കുകാര്‍ അനുഭവിച്ചുവരുന്ന യാതനകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1984 നവംബറില്‍ നടന്ന സിക്ക് വംശഹത്യ ദല്‍ഹിക്കു പുറമേ ബീഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, ഉത്തരാഖണ്ഡ്, യു.പി, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാണ് നടന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരും മാരകമായി മുറിവേറ്റവരുടേയും സംഖ്യ 35,000 വരും.
വംശഹത്യാ പരാതിയില്‍ ഓസ്ട്രേലിയയില്‍ എമ്പാടുമുള്ള ആയിരക്കണക്കിന് സിക്ക് വംശജര്‍ ഒപ്പിടുമെന്ന് ഓസ്ട്രേലിയന്‍ സുപ്രീം സിക്ക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. 1897 മുതല്‍ ആസ്ട്രേലിയന്‍ സാംസാകാരിക മണ്ഡലത്തില്‍ സിക്ക് വംശജര്‍ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭയില്‍ പരാതി സമര്‍പ്പിക്കുന്നതിന് സാക്ഷികളാകാന്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സിക്കുകാര്‍ കാന്‍ബറയില്‍ എത്തുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: