ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്ധ്യാത്മിക സാംസ്ക്കാരിക രഥയാത്ര 2012 ഒക്ടോബര്‍ ഇന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതയായ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍നിന്നും ആരംഭിച്ച്, ശ്രീപത്മനാഭ സ്വാമിയുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് 2012 നവംബര്‍ 12 ന് സമാപിക്കും. ക്ഷേത്രപ്രവേശനത്തില്‍നിന്നും സാമൂഹ്യ സമരസതയിലേക്ക് എന്ന മുദ്രാവാക്യവുമായി നടത്തപ്പെടുന്ന ഈ വിളംബര യാത്രയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ അരങ്ങേറിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളും അവയുണ്ടാക്കിയ പരിവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ബോധവല്ക്കരിക്കപ്പെടേണ്ടതുമായ വിഷയങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ എല്ലാ വിഭാഗീയതകളും മാറ്റിവെച്ചുകൊണ്ട് ഹിന്ദു ഏകീകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സാമാന്യം എല്ലാവര്ക്കും തന്നെ ഇന്ന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ച ചരിത്ര സംഭവങ്ങള്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണാദായകവും മാര്ഗ്ഗദര്ശകവുമായിരിക്കും.
1936 നവംബര്‍ 12 ന് ആണ് തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. ജാതിജന്യമായ ഉച്ചനീചത്വമൊഴിവാക്കി അവര്‍ണ്ണ ഹിന്ദുക്കള്‍ക്കും സവര്‍ണ്ണരെപ്പോലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും ആരാധന നടത്താനുമുള്ള അവകാശങ്ങള്‍ നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച വിളംബരം സാമൂഹിക പരിഷ്ക്കരണത്തിനായുളള കേരളത്തിന്റെ പ്രയാണത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ജാതിയില്‍ നിന്നുടലെടുക്കുന്ന ഉച്ചനീചത്വം സാമൂഹിക ബന്ധങ്ങളേയും സാമൂഹിക സംഘടനയെപ്പോലും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തിരുന്ന ഒരു കാലയളവില്‍ അവര്‍ണ്ണ ജാതിക്കാര്‍ക്കും സവര്‍ണ്ണരെപ്പോലെ ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും ആരാധന നടത്താനുമുള്ള ഔദ്യോഗിക പ്രഖ്യാപനം അതുകൊണ്ടുതന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഭവമായി ഉയര്‍ന്നുവരികയും ചെയ്തു. ഈ ചരിത്ര വിളംബരം ഒരു രാത്രികൊണ്ട് തീരുമാനിച്ചതല്ല. വിവേകാനന്ദന് കണ്ട ഭ്രാന്താലയത്തെ ഒരു തീര്‍ത്ഥാലയമാക്കി മാറ്റിയെടുക്കാന്‍ ഒട്ടേറെ മഹാത്മാക്കളുടെ നിരന്തര പ്രവര്‍ത്തനവും ത്യാഗവും വേണ്ടിവന്നുയെന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യമാണ്. അവര്‍ണരുടെ ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പരമ്പരകളുടെ അതിസാഹസികമായ തുടക്കം ശ്രീനാരായണഗുരുവിലൂടെ 1888 ല്‍ മലയാളികള്‍ ദര്‍ശിച്ചു. അന്ന് അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിക്കൊണ്ട് ആ ശിവക്ഷേത്രത്തില്‍ ജാതിഭേദമെന്യെ ഏവര്‍ക്കും അദ്ദേഹം പ്രവേശനം ഉറപ്പുവരുത്തിയപ്പോള്‍ അത് ജാതിയില്‍നിന്ന് ഉടലെടുക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടക്കം കുറിച്ചിടലായിരുന്നു. സവര്‍ണമേധാവികള്‍ ഇതിനെതിരെ പ്രതിഷേധത്തിന്റെ ചുരിക മുന ഉയര്‍ത്തിയപ്പോള്‍ ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന ശ്രീനാരായണഗുരുവിന്റെ അത്യന്തം ലളിതമായ പ്രഖ്യാപനം വന്നതോടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കേരളക്കരയിലെ ശ്രമങ്ങള്‍ക്ക് വര്‍ധിതമായ വീര്യം കൈവരിക്കുകയുണ്ടായി. അതിന് ശുഭാനന്ദ ഗുരുദേവന് ‘ആത്മബോധോദയ സംഘം’ സ്ഥാപിച്ച് പ്രവര്‍ത്തിച്ചതും ഈ കാലത്താണ്. ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ വിഭാഗങ്ങള്‍ ആഞ്ഞടിച്ചൊഴുകിയ ഈ നവോത്ഥാന പ്രവാഹത്തിന്റെ പോഷകനദികളായി കണക്കാക്കാവുന്ന ഒട്ടനവധി സംരംഭങ്ങള്‍ക്കും നേതൃത്വം നല്കി. അക്കാലത്ത് കേരളത്തിന് വെളിയിലുത്ഭവിച്ച് ഭാരതത്തിലാകമാനം വ്യാപിച്ച് ഇവിടേക്ക് കടന്നൊഴുകിയ പ്രസ്ഥാനങ്ങളായിരുന്നു ശ്രീരാമകൃഷ്ണ മിഷന്, ബ്രഹ്മസമാജം എന്നിവ ഈ കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം മതരംഗത്തും സാമൂഹ്യപരിഷ്ക്കരണ രംഗത്തും ആരോഗ്യകരമായ ചലനങ്ങള്‍ സൃഷ്ടിച്ചു. മലബാറില്‍ ഡോക്ടര്‍ അയ്യത്താന്‍ ഗോപാലന്, മഞ്ചേരി രാമയ്യര്, മിതവാദി കൃഷ്ണന് തുടങ്ങിയവരും സാമൂഹ്യ തിന്മകള്ക്കെതിരെ ശക്തമായി പ്രതികരിച്ചു.
ഈയൊരു പശ്ചാത്തലത്തിലാണ് 1920 ഡിസംബറില്‍ ടി.കെ.മാധവന് പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വഴിയിലൂടെ നടന്ന് ബോട്ട്ജെട്ടിയിലെത്തി ജനശ്രദ്ധ പിടിച്ചുപറ്റിയത്. ക്ഷേത്രങ്ങള്‍ മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുള്ള വഴികള്‍ പോലും അപ്രാപ്യമായ ഒരു കാലയളവില്‍ ടി.കെ.മാധവന് വൈക്കം പ്രദേശത്ത് നടത്തിയ ഇത്തരം ശ്രമങ്ങള്‍ പുതിയ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ണ ജാതിയില്‍പ്പെട്ടവര്‍ അനുഭവിച്ചുവരുന്ന അവഗണനയും ഉച്ചനീചത്വങ്ങളും ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ആലോചനകളും ഇതോടെ സജീവമായി. ഇതിന്റെ ഫലമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ കേളപ്പന് കണ്‍വീനറായി അയിത്തോച്ചാടന കമ്മറ്റി കേരളത്തില്‍ നിലവില്‍ വന്നു. കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്, ടി.കെ.മാധവന് തുടങ്ങിയവരായിരുന്നു മറ്റു മെമ്പര്‍മാര്‍. ദേശീയപ്രസ്ഥാനത്തിന്റെ പിന്തുണയോടെ മറ്റൊരു സുപ്രധാന ഘട്ടമാണ് വൈക്കം സത്യഗ്രഹത്തിലൂടെ തുടക്കം കുറിച്ചത്. അവര്‍ണര്‍ക്കും ക്ഷേത്രറോഡില്‍ പ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1924 മാര്‍ച്ച് 30 നാണ് ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ സ്ഥാപിച്ചിരുന്ന തീണ്ടല്‍പ്പലക നീക്കം ചെയ്യണമെന്നും സത്യഗ്രഹികള്‍ ആവശ്യപ്പെട്ടു. ഇതിന്റെ വിജയത്തിനുവേണ്ടി വൈക്കത്ത് നടന്ന വിപുലമായ ഹൈന്ദവസമ്മേളനത്തില്‍ ടി.കെ.മാധവന്, മന്നത്തു പത്മനാഭന്, കെ.കേളപ്പന്, കെ.പി.കേശവ മേനോന് തുടങ്ങിയ നിരവദി നേതാക്കള്‍ പ്രസംഗിച്ചു. സത്യഗ്രഹ പരിപാടികളും സവര്‍ണ ജാഥയും ഉണ്ടാക്കിയ ബഹുജനസമ്മര്ദ്ദത്തിന്റെ ഫലമായി റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് അനുമതി നല്‍കാനും തീണ്ടല് പലക നീക്കം ചെയ്യാനും അധികൃതര്‍ തയ്യാറായി.
1931 ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹവും ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരചരിത്രത്തില്‍ സുപ്രധാന സംഭവമായി മാറി. ആദ്ധ്യാത്മിക ഉന്നമനത്തിലൂടെ സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന ചട്ടമ്പിസ്വാമികളുടെ ഉദ്ബോധനം വമ്പിച്ച ആദ്ധ്യാത്മിക വിപത്തിനാണ് വഴിതുറന്നത്. വേദം പഠിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് വേദമന്ത്രമുദ്ധരിച്ച് പ്രാമാണികതയോടെ സ്വാമികള്‍ സ്ഥാപിച്ചു. വാഗ്ഭടാനന്ദന്, ബ്രഹ്മാനന്ദ ശിവയോഗി, സദാനന്ദ സ്വാമികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തെ തീര്‍ത്ഥാലയമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചു.
ബഹുജനാഭിപ്രായവും ജന മനഃസാക്ഷിയും അയിത്തവാദികള്‍ക്ക് എതിരായി തീര്‍ന്ന സന്ദര്‍ഭത്തില്‍ പ്രശ്നങ്ങള്‍ക്ക് ഏക പരിഹാരമെന്ന നിലയില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിക്കാനും റിപ്പോര്‍ട്ട് നല്കുവാനുമായി തിരുവിതാംകൂര്‍ മുന്‍ ദിവാന് വി.എസ്.സുബ്രഹ്മണ്യയ്യര്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റിയെ മഹാരാജാവ് നിയോഗിച്ചു. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അടക്കം ഒന്‍പതുപേരായിരുന്നു ഈ കമ്മറ്റിയിലെ അംഗങ്ങള്‍. സമൂഹത്തിലെ എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്കുന്നതിലുള്ള ഔചിത്യത്തെപ്പറ്റി ഹിന്ദുമതത്തിലെ ആചാര രീതികള്‍, ആധികാരിക ഗ്രന്ഥങ്ങള്‍, വേദങ്ങള്‍, സ്മൃതികള്‍, ശ്രുതികള്‍ എന്നിവ പരിശോധിച്ച് അതോടൊപ്പം വിവിധ തട്ടുകളിലെ ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ ആരായണം എന്നതായിരുന്നു കമ്മറ്റിക്ക് മഹാരാജാവ് നല്കിയ നിര്‍ദ്ദേശം. അഭിപ്രായ സര്‍വേക്കും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം കമ്മറ്റി നല്കിയ റിപ്പോര്‍ട്ടില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിരോധിക്കുന്ന ആചാരത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചതെങ്കിലും ഈ ആചാരം (അനാചാരം) തന്നെ മാറ്റി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്ന വ്യക്തമായ തീരുമാനത്തിലാണ് മഹാരാജാവ് എത്തിച്ചേര്‍ന്നത്.
തിരുവിതാംകൂര്‍ ഭരണാധികാരി ബാലരാമവര്‍മയുടെ ക്ഷേത്രപ്രവേശന വിളംബരം ഇന്ത്യയിലെ ഇതര പ്രദേശങ്ങളോടൊപ്പം പരിഷ്കൃത ലോകം മുഴുവന്‍ അത്ഭുതാദരങ്ങളോടെയാണ് ശ്രവിച്ചത്. ഹിന്ദുമത വിശ്വാസികള്‍ക്ക് നവോത്ഥാനത്തിന്റെ മറ്റൊരു നവ്യമായ സന്ദേശം നല്കിയ ഈ തീരുമാനത്തെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
ക്ഷേത്ര ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വര്‍ഗീയ മാധവ്ജിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന പി.കേരളവര്‍മ്മ രാജയും മുന്‍കൈയെടുത്ത് 1987 ല്‍ തൃശ്ശിവപേരുള്ള ചേണ്ടമംഗലം പാലിയം തറവാട്ടില്‍ വെച്ച് കേരളത്തിലെ പ്രഗത്ഭരായ വൈദിക-താന്ത്രിക ആചാര്യന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ആചാര്യസദസ്സ് സംഘടിപ്പിക്കുകയുണ്ടായി. ഈ ആചാര്യസദസ്സ് ഏകകണ്ഠമായി അംഗീകരിച്ച പാലിയം വിളംബരം ജന്മംകൊണ്ടല്ല കര്‍മംകൊണ്ടാണ് ബ്രാഹ്മണ്യം വരുന്നതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. സംസ്ക്കാരകര്‍മങ്ങള്‍ക്ക് ജനനം ഉപാധിയല്ല എന്നും കര്‍മ്മങ്ങള്‍ മുഖാന്തരം ആര്‍ക്കും ബ്രാഹ്മണ്യം നേടാവുന്നതാണെന്നും അപ്രകാരം ബ്രാഹ്മണ്യം നേടിയ ആര്‍ക്കും ക്ഷേത്ര പൗരോഹിത്യമുള്പ്പെടെ എല്ലാ വൈദിക താന്ത്രിക കര്‍മങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും ആചാര്യ സദസ്സ് അംഗീകരിച്ചു. 1987 ല്‍ സമിതിയുടെ 21-ാം വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ജില്ലയില്‍ ചേര്‍ന്നപ്പോള്‍ ഹൈന്ദവഐക്യത്തെ ദൃഢപ്പെടുത്തുന്ന ആചാരങ്ങളുടെ പരിഷ്ക്കരണവും ഏകീകരണവുമാണ് പാലിയം വിളംബരത്തിന്റെ അന്തഃസത്തയെന്നും അതുകൊണ്ട് അത് നടപ്പാക്കാന്‍ സമിതി ബാധ്യസ്ഥമാണെന്നും പ്രഖ്യാപിച്ചു. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണ് പാലിയം വിളംബരം. ക്ഷേത്രങ്ങളില്‍നിന്ന് മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകിയെത്തേണ്ടത് മനുഷ്യസമത്വത്തിന്റേയും സാമൂഹിക നീതിയുടേയും മന്ത്രങ്ങളാണ് എന്ന കാര്യം നാം വിസ്മരിക്കരുത്.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷം നടക്കുന്ന ഈ വേളയില്‍ ക്ഷേത്ര പ്രവേശനത്തിന് വഴിതെളിച്ച എല്ലാ ചരിത്ര സംഭവങ്ങളുടേയും ശതാബ്ദി സ്മരണകള്‍ കൂടി ആഘോഷങ്ങള്‍ക്ക് മിഴിവ് പകരുന്നു. ശ്രീനാരായണ ഗുരുദേവന് ശാരദാ പ്രതിഷ്ഠ നടത്തി 100 വര്‍ഷം തികയുകയാണ്. ചട്ടമ്പി സ്വാമികളുടെ സന്ന്യാസ പരമ്പരയിലെ ആദ്യ ആശ്രമം വാഴൂരില്‍ സ്ഥാപിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയാവുന്നു. ശ്രീരാമകൃഷ്ണദേവന്റെ വത്സല ശിഷ്യനായ നിര്‍മലാനന്ദ സ്വാമി മഹാരാജ് ഹരിപ്പാട്ട് രാമകൃഷ്ണാശ്രമത്തില്‍ വെച്ച് മിശ്രഭോജനം നടത്തിക്കൊണ്ട് നൂറ് വര്‍ഷം മുമ്പ് സാമൂഹ്യവിപ്ലവത്തിന് പച്ചക്കൊടി കാട്ടി. അദ്ദേഹം ശ്രീരാമകൃഷ്ണമിഷന് കേരളത്തില്‍ ആരംഭിച്ചതും ആ വര്‍ഷമാണ് (1911)തീര്‍ത്ഥപാദ സ്വാമികളുടെ നേതൃത്വത്തില്‍ പമ്പാ നദീ തീരത്താരംഭിച്ച ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനും നൂറ് വയസ്സ് കഴിഞ്ഞു. മഹാത്മാ അയ്യങ്കാളി പ്രജാസഭയില്‍ നടത്തിയ ചരിത്രം സൃഷ്ടിച്ച പ്രസംഗത്തിനും ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഇതുപോലുള്ള ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങളുടേയും ജൂബിലി വര്‍ഷം എന്ന നിലക്ക് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: