അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ തീര്‍ത്ഥാടനത്തിനെത്തിയ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ചൗധരി ഷുജത്ത് ഹുസൈന് അടക്കം 19 അംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. അജ്മീരിലെത്തിയ ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടും വിസയും ഇല്ലായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍ വെച്ചു. രേഖകള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ചൗധരി അറിയിച്ചു. തുടര്‍ന്ന് ജയ്പൂരിലെ ഹോട്ടലുമായി ബന്ധപ്പെടുകയും രേഖകള്‍ ഇ-മെയില്‍ വഴി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. അതിനുശേഷമാണ് ഇവരെ വിട്ടയച്ചത്.
എന്നാല്‍ മുന്‍ പ്രധാനമന്ത്രിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തെ പാക് അധികൃതര്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ അധികൃതരുടെ നടപടി മോശമായിപ്പോയെന്നും ഒരു മുതിര്‍ന്ന നേതാവിനോട് ഇത്തരത്തില്‍ പെരുമാറിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയിലെ പാക് എംബസി ഉദ്യോഗസ്ഥന് അബ്രാര്‍ ഹുസൈന് പറഞ്ഞു. പാക്കിസ്ഥാനിലെ മുന്‍പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറിയില്ലെന്നും അബ്രാര്‍ കുറ്റപ്പെടുത്തി.
ഇന്‍സ്പെക്ടര്‍ ഡി.ഡി. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഐബി സംഘമാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമായതിനാലാണ് അവരെ തടഞ്ഞുവെച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ എംബസി ഉദ്യോഗസ്ഥന് തയ്യാറായില്ലെങ്കിലും രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു ഉദ്യോഗസ്ഥരോടും ഇത്തരത്തിലല്ല പെരുമാറേണ്ടത്. അജ്മീര്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ക്ക് അനുമതി ഉണ്ട്. വിസയും പാസ്പോര്‍ട്ടും ഉണ്ട്. മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി മാത്രമാണ് തങ്ങള്‍ ഇന്ത്യയിലെത്തിയതെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു പാക് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: