സിയോള്‍: സപ്തംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സാംസങ്ങിന്റെ ലാഭത്തില്‍ റെക്കോഡ് വര്‍ധനവ്. ആപ്പിളുമായുള്ള പേറ്റന്റ് പ്രശ്നത്തിന്റെ പേരില്‍ സാംസങ്ങിനെതിരെ കോടതി വിധിപോലും വന്നിട്ടും ഈ നേട്ടം കൈവരിക്കാന്‍ സാംസങ്ങിനെ സഹായിച്ചത് ഗ്യാലക്സി ഫോണുകളുടെ വില്പനയാണ്.
ജൂലൈ-സപ്തംബര്‍ കാലയളവില്‍ സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ലാഭം 590 കോടി ഡോളറായിട്ടാണ് ഉയര്‍ന്നത്. മൂന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ 91 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോയവര്‍ഷം ഇതേ കാലയളവിലിത് 3.44 ട്രില്യണായിരുന്നു. വരുമാനം 26 ശതമാനം ഉയര്‍ന്ന് 52.2 ഡോളറായി.
അതേസമയം വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളുടെ കണക്കുകള്‍ പുറത്ത് വിടാന്‍ സാംസങ്ങ് തയ്യാറായിട്ടില്ല. സപ്തംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 60 ദശലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗ്യാലക്സി എസ് 3, ഗ്യാലക്സി നോട്ട് 2 എന്നീ സ്മാര്‍ട്ട് ഫോണുകളുടെ വില്പനയാണ് സാംസങ്ങിന്റെ ലാഭം കുതിച്ചുയരാന്‍ സഹായിച്ചത്. അടുത്ത വര്‍ഷത്തോടെ ടാബ്ലറ്റ് പിസി വിപണിയില്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതായി വൈസ് പ്രസിഡന്റ് കിം ഹ്യൂന് ജൂന്‍ പറഞ്ഞു.
ടാബ്ലറ്റ് വിപണിയില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന ആപ്പിള്‍ കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും ചെറിയ ടാബ്ലറ്റായ ഐപാഡ് മിനി അവതരിപ്പിച്ചത്. ടാബ്ലറ്റ് വിപണിയില്‍ മത്സരം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ആപ്പിളിന് പുറമെ ആമസോണും ഗൂഗിളും സാംസങ്ങും ലക്ഷ്യമിടുന്നത്. അതേസമയം സാംസങ്ങിന്റെ ഗ്യാലക്സി ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുകയാണ്.
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന് സാംസങ്ങ് 105 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആഗസ്റ്റില്‍ യുഎസ് കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടെക് രംഗത്തെ അതികായരെ പിന്തള്ളി സാംസങ്ങ് റെക്കോഡ് നേട്ടം കൈവരിച്ചത്. സാംസങ്ങ് ഗ്യാലക്സി എസ് 3 മെയ് 29 ന് വിപണിയില്‍ അവതരിപ്പിച്ച ശേഷം 20 ദശലക്ഷം ഹാന്റ് സെറ്റുകളാണ് വില്പന നടത്തിയത്. അതേപോലെ സാംസങ്ങ് ഗ്യാലക്സി നോട്ട് 2 വിന്റെ വില്പന 10 ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ ലാഭം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 26.9 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിച്ചതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും വലിയ ഇന്റര്‍നെറ്റ് റീട്ടെയിലറായ ആമസോണ്‍ ഡോട്ട് കോമിന് അഞ്ചുവര്‍ഷത്തിനിടയില്‍ ആദ്യമായി നഷ്ടം നേരിട്ടുവെന്നതും ശ്രദ്ധേയമാണ്. മൂന്നാം പാദത്തില്‍ കമ്പനിക്ക് 27.4 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: