പുനലൂര്‍: വനപാലകരുടെ പിടിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ വനപാലകര്‍ പിടികൂടി. ഒറ്റക്കല്‍ കുന്നുംപുറത്തുവീട്ടില്‍ ജയരാജി (22) നെയാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തെന്മല റേഞ്ച് ഓഫീസര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.
ഉറുകുന്ന് പള്ളിയറ വനമേഖലയില്‍ നിന്ന് തേക്ക് മുറിച്ച് കടത്തിയ സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തെരയുന്ന ആളാണ് ജയരാജ്. വനത്തില്‍ മൃഗവേട്ട വ്യാപകമായതിനെതുടര്‍ന്ന് കാട്ടിനുള്ളില്‍ കാമറ സ്ഥാപിച്ചിരുന്നു. ഈ കാമറയില്‍ തോക്കുമായി മൃഗവേട്ട നടത്താനെത്തിയവരുടെ ചിത്രങ്ങള്‍ പതിഞ്ഞു. ഇവരില്പ്പെട്ടയാളാണ് ജയരാജെന്ന സംശയത്തെതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. റേഞ്ച് ഓഫീസിലെത്തിച്ച ഇയാള്‍ വിലങ്ങുമായി ഓടിരക്ഷപെടുകയായിരുന്നു.
ജയരാജിനായി വനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസും അന്വേഷണം നടത്തിവരികയായിരുന്നു. കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയരാജ് വനപാലകസംഘത്തിന്റെ മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു. അതേസമയം ജയരാജിനെ പിടികൂടുകയായിരുന്നുവെന്നാണ് വനപാലക സംഘം അറിയിച്ചത്. ഇയാളെ കുളത്തൂപ്പുഴ പോലീസിന് കൈമാറി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: