കാറല്‍ മാര്‍ക്സ് ചുറ്റും കണ്ടത് മനുഷ്യനെ മയക്കിക്കിടത്തുന്ന മതങ്ങളെയാണ്. കറുപ്പിനും കഞ്ചാവിനും സമാനമായത്. പൗരോഹിത്യ മേല്‍ക്കോയ്മ കൊണ്ടും ശാസ്ത്ര-ചരിത്ര നിരാസത്താലും സങ്കുചിതങ്ങളായ യഹൂദ മതങ്ങള്‍. മുതലാളിത്തത്തിന്റെ അനന്തര രൂപങ്ങളായിരുന്നു അവ. മാര്‍ക്സ് രണ്ടിനേയും തള്ളിക്കളഞ്ഞു. രണ്ടിനുമെതിരായി യുദ്ധം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മനുഷ്യസ്നേഹം മാത്രമായിരുന്നില്ല അതിന് കാരണം. വ്യക്തിപരമായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദാരിദ്ര്യവും ദുരന്തങ്ങളും തെറ്റായ സാമൂഹ്യാവസ്ഥയുടെ സൃഷ്ടിയാണെന്ന് അദ്ദേഹം കരുതി. ആ പ്രതികാരം കൂടി അദ്ദേഹത്തിന്റെ മോചന ശാസ്ത്രത്തില്‍ നിലീനമായി.
ഭാരതത്തിന്റെ സാമൂഹ്യാവസ്ഥയില്‍ മതം സംസ്കാര ബദ്ധമായിരുന്നു. സംസ്ക്കാരമാവട്ടേ കാലാവതിവര്ത്തിയും. ഇവിടെ സാമൂഹ്യ ക്രമങ്ങളെ നവീകരിക്കാനോ തുലനം ചെയ്യാനോ വേണ്ടിയിരുന്നത് മതം കൃത്യമായി നടപ്പാക്കുക, സംസ്ക്കാരത്തിന്റെ ധാരകളെ തടസ്സമില്ലാതെ ഒഴുകാനനുവദിക്കുക എന്നത് മാത്രമായിരുന്നു. മതത്തെ ബാധിച്ചിരുന്ന ജതീയതയ്ക്കും സതി അനുഷ്ഠാനംപോലെയുള്ള ജീര്‍ണതകള്‍ക്കും പരിഹാരം മതനിഷേധമായിരുന്നില്ല. അപനിര്മിതിപോലുമായിരുന്നില്ല.
വേണ്ടത് പരിഷക്കരണമായിരുന്നു. അത് ഗ്രഹിച്ചവര്, ശ്രീരാമകൃഷ്ണന് മുതല്‍ ഗാന്ധിജിവരെ ആ വഴിക്കാണ് നീങ്ങിയത്. കേരളത്തില്‍ ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും തൊട്ട് കെ.കേളപ്പന് വരെയും ആ വഴിക്കാണ് പോയത്. ഭാരതീയതയെ ശരിയായി ഗ്രഹിച്ചിരുന്നെങ്കില്‍ കാറല്‍ മാര്‍ക്സും ഇതേ വഴി തന്നെ തെരഞ്ഞെടുത്തേനേ. ഭാരതീയതിലൂന്നിയ മാര്‍ക്സിസം ലോകത്തെ കീഴടക്കുകയല്ല ലോകത്തെ സ്വതന്ത്രമാക്കുകയും ഉജ്ജ്വലമാക്കുകയും ചെയ്തേനേ. അത് ലോകത്തിനിന്നും തിരിച്ചറിയാത്ത തീരാനഷ്ടം. അതുകൊണ്ടാണ് വിവേകാനന്ദനെ മാര്‍ക്സ് കണ്ടെത്തിയിരുന്നെങ്കില്‍ ലോകത്തിന്റെ ഗതി തന്നെ മാറിയേനെ എന്ന് പരമേശ്വര്‍ജി അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ കമ്മ്യൂണിസം ആരംഭിച്ചതും മുന്നേറിയതും നിര്‍ഭാഗ്യത്താല്‍ നിഷേധാത്മകതയിലൂടെയാണ്. പ്രത്യയശാസ്ത്രം അത് പ്രയോഗിക്കപ്പെട്ട ഭൂപ്രദേശത്തിന്റെ സാഹചര്യങ്ങളോ സാംസ്ക്കാരിക പരിസരങ്ങളോ പരിഗണിച്ചില്ല. വ്യവസ്ഥാപിത മതങ്ങളെപ്പോലെ, പാര്‍ട്ടി ഗ്രന്ഥത്തിന്റെ പുറഞ്ചട്ടകളെ ഭേദിച്ച് പ്രത്യയശാസ്ത്രം വളര്‍ന്നില്ല. ഭാരതീയതയെപ്പറ്റി ഭാവാത്മകമായി പഠിച്ചില്ലെന്ന് മാത്രമല്ല മതത്തേയും സംസ്ക്കാരത്തേയും തിരസ്ക്കരിച്ചുകൊണ്ട് മുന്നേറാമെന്ന മഹാ മൗഢ്യത്തില്‍ വിശ്വസിക്കുകയും ചെയ്തു. ഇഎംഎസിനുണ്ടായിരുന്ന ആര്ഷജ്ഞാനമത്രയും ഈ മൗഢ്യത്തിനുവേണ്ടി വൃഥാ വിനിയോഗിക്കപ്പെട്ടു. ശാസ്ത്ര വിശ്വാസികളേയും യുക്തിവാദികളേയും മതനിഷേധത്തിന്റെ ആക്കം കൂട്ടാന്‍ ഉപയോഗിച്ചു. മതസംഹിതകളെ വികൃതമായി വ്യാഖ്യാനിച്ചു. ശ്രുതികള്‍ക്ക് പകരം സ്മൃതികള്‍ ഉയര്ത്തിക്കൊണ്ടുവന്നുവിവാദങ്ങളാക്കി. വേദോപനിഷത്തുകള്‍ക്ക് പകരം മനുസ്മൃതിപോലെ ചിലതിലെ കാലാതിവര്‍ത്തിയല്ലാത്ത നിര്‍ദ്ദേശങ്ങള്‍ മതസാരങ്ങളായി വ്യാഖ്യാനിച്ചു. അവതാര പുരുഷന്മാരുടെ പ്രഭാവത്തേയും ഗീതപോലെയുള്ള ഗ്രന്ഥങ്ങളുടെ പ്രചാരത്തേയും ശങ്കരാചാര്യരും വിവേകാനന്ദനും പോലെയുള്ളവരുടെ വിജ്ഞാനത്തേയും കടുത്ത ജാതീയതയാരോപിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു. നാരായണ ഗുരുവിനെപ്പോലെ ചിലരെ മതത്തില്‍നിന്നും അടര്‍ത്തിമാറ്റി സ്വതന്ത്രരായ പരിഷ്കര്‍ത്താക്കളുടെ പരിവേഷം നല്കാന് കിണഞ്ഞു. മാക്സ് മുള്ളറെപ്പോലെ ചിലരുടെ മനഃശാസ്ത്രവും ജീവശാസ്ത്രവും കലര്‍ന്ന വിചാരങ്ങളെ കൂട്ടുപിടിച്ച് വിശ്വമനീഷിയുടെ ജ്ഞാനവും വെളിപാടും ദര്‍ശനങ്ങളും ചേര്‍ന്ന പ്രാചീന ബോധ്യങ്ങളെ വെറും മിത്തുകളായി തരംതാഴ്ത്തി.
ആര്യന് അധിനിവേശം എന്ന ചരിത്ര ജഡിലത ഉപയോഗിച്ച് ഭാരത സംസ്ക്കാരത്തെയും ചരിത്രത്തേയും ശിഥിലമാക്കാന്‍ ശ്രമിച്ചു. ഉപദേശീയതകളേയും വിഘടനവാദത്തേയും പ്രോത്സാഹിപ്പിച്ച് ദേശീയതയെ അകമേനിന്ന് ആക്രമിച്ചു. ഒരറിവിനെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന്റെ ദുരന്തം ആ അറിവിനെ പിന്‍പറ്റുന്നതും അല്ലാത്തതുമായ നിഷ്കളങ്കരാണ് അനുഭവിക്കേണ്ടി വരിക. ഇന്ത്യയെ പിന്നിലേക്ക് വലിക്കുന്ന, ദേശീയ കേന്ദ്രീകരണത്തിന് വിഘാതമായി നിലകൊളളുന്ന ഒരു ബൗദ്ധിക ക്യാന്‍സറായി ഇന്ത്യന്‍ കമ്മ്യൂണിസം ഇന്നും അവശേഷിക്കുന്നത് അതുകൊണ്ടാണ്. പ്രത്യയശാസ്ത്രത്തിന്റെ പരിധികള്‍ ലോകവിശാലതയില്നിന്ന് താല്‍ക്കാലിക നേട്ടത്തിന്റെ തെരുവു വൃത്തത്തിലേക്ക് ഒതുങ്ങിയിട്ടും അതിന്റെ വിരുദ്ധവും വിഘടനാത്മകവുമായ പ്രഹരശേഷിക്ക് കാര്യമായ കുറവ് വന്നിട്ടില്ല.
ഇന്ത്യയൊട്ടാകെ മതവിരുദ്ധമായൊരല ഉണര്‍ത്തിവിടുവാന്‍ മാര്‍ക്സിസത്തിന്റെ തുടക്കത്തിലെ പ്രകടനങ്ങള്‍ക്ക് സാധിച്ചു. ലോകത്തിന്റെ അന്നത്തെ വിപ്ലവ വിഭ്രമം ബാധിച്ച ചിന്തകള്‍ അതിന് ബാഹ്യമായി അവരെ സഹായിച്ചു. മതത്തെ നിഷേധിച്ച് മുമ്പോട്ടുപോകുന്നതോടൊപ്പം സ്വയം ഒരു രാഷ്ട്രീയ മതമായി മാറാനും മാര്‍ക്സിസം ശ്രമിച്ചു. മതത്തെ വലിച്ചെറിഞ്ഞുവന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കീഴാളമായ ആരാധനാബോധത്തെ തൃപ്തിപ്പെടുത്താന്‍ രക്തസാക്ഷികള്‍ വിഗ്രഹങ്ങളായും രക്തസാക്ഷി മണ്ഡപങ്ങള്‍ വച്ചാരാധനാകേന്ദ്രങ്ങളായും മാറി. പൂണൂലുപൊട്ടിച്ച് കടലിലെറിഞ്ഞവരുള്പ്പെടുന്ന സവര്‍ണ്ണ സഖാക്കള്‍ സ്വന്തം ജാതിപ്പേരില്‍ അറിയപ്പെട്ടുകൊണ്ട് പാര്‍ട്ടി തമ്പ്രാക്കളായിത്തീര്ന്നു. കാളീപൂജയും മൃഗബലികള്‍ പോലെയുള്ള അധമ ആചരണങ്ങളും ബംഗാളിലെ പാര്‍ട്ടിയുടെ ദുശ്ശാഠ്യങ്ങള്‍ക്ക് പുറത്തുള്ള മേടുകളില്‍ നിര്‍ബാധം തുടര്‍ന്നുവന്നു.
ഭാരതത്തിന്റെ ആത്മാവ് ഹിന്ദുത്വമാണെന്ന് വിവേകാനന്ദന് പറഞ്ഞത് ഇഎംഎസ് ഉള്‍പ്പെടെയുള്ള ബുദ്ധികേന്ദ്രങ്ങള്‍ വേണ്ടവിധം ഗ്രഹിക്കാതെ പോയി. ബ്രിട്ടീഷുകാര്‍പോലും അതില്‍ കൈവച്ചപ്പോഴാണ് ഭാരതം കുതറിയത്. ആ മതത്തേയും സംസ്ക്കാരത്തേയും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെട്ടത്. മാര്‍ക്സിസവും മതനവീകരണവും പരസ്പ്പര പൂരകങ്ങളായി നടപ്പാക്കിയെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യഭാഗധേയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്ണയിച്ചേനെ. പകരം ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചപ്പോള്‍ ആദ്യമൊന്ന് അമര്ന്നുനിന്നെങ്കിലും അതിന്റെ പ്രചണ്ഡമായശക്തി എതിര്പ്പുകള്ക്കുനേരെ അലകടല്‍പോലെ ആര്‍ത്തു കയറി. ആ ധാര്‍മികമായ അലയിളക്കത്തില്പ്പെട്ട് അകന്നുമറഞ്ഞ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിലെയും ബംഗാളിലെയും ഇത്തിരിപ്പോന്ന ത്രിപുരയിലെയും കൊച്ചു കൊച്ചു തുരുത്തുകളില്‍ ചെന്നടിഞ്ഞു.
1925 കളിലാണ് കമ്മ്യൂണിസവും ആര്‍എസ്എസും ഭാരതത്തില്‍ ആരംഭിക്കുന്നത് എട്ടരപതിറ്റാണ്ടുകള്ക്ക് ശേഷം നോക്കുമ്പോള്‍ ഒന്ന് ആഗോള പരിവേഷത്തില്‍നിന്നും തുടങ്ങി രണ്ടര സംസ്ഥാനത്തിന്റെ പുറമ്പോക്കുകളില്‍ ദിശയറിയാതെ നില്ക്കുന്നു. മറ്റൊന്ന് പതിനഞ്ചില്‍ താഴെ അംഗസംഖ്യയില്നിന്നും വളര്‍ന്ന് തൊണ്ണൂറിലധികം രാജ്യങ്ങളിലേക്ക് വികസിച്ചുനില്‍ക്കുന്നു. ഇതില്‍ ഏത് മാതൃകയേ പിന്തുടരണമെന്ന് ഇന്ത്യയിലെ കമ്മ്യൂണിസം ഇനിയെങ്കിലും ചിന്തിക്കണം. വിപ്ലവത്തിന്റെ പുതുനാമ്പുകള്ക്കെങ്കിലും യാഥാര്‍ത്ഥ്യബോധത്തിന്റെ ഇളവെയിലേല്ക്കണം.
മാര്‍ക്സിസം മനുഷ്യന്റെ ശാരീരിക ഘടകത്തിനെ മാത്രം സാമ്പത്തികാവബോധത്തോടെ സമീപിക്കുമ്പോള്‍ ഭാരതീയത മനുഷ്യന്റെ ആത്യന്തികതയെ അഞ്ച് ഘടകങ്ങളാക്കി അതിനെ സമഗ്രതയില്‍ പരിഗണിക്കുന്നു. അവ പരസ്പ്പരം സംഘര്‍ഷത്തിലേര്‍പ്പെടാതെ സംയമനം ശീലിപ്പിക്കുന്നു. വ്യവസ്ഥിതി മാറിയാല്‍ വ്യക്തികള്‍ മാറിക്കൊള്ളും എന്ന് മാര്‍ക്സിസം വിശ്വസിക്കുമ്പോള്‍ വ്യക്തികള്‍ മാറിയാല്‍ വ്യവസ്ഥിതികള്‍ മാറിക്കൊള്ളും എന്ന് ഹിന്ദുത്വം കാട്ടിത്തരുന്നു. ഒന്ന് വിപ്ലവവും സായുധകലാപവും മാറ്റത്തിനുപയോഗിക്കുമ്പോള് മറ്റൊന്ന് സ്നേഹവും ജ്ഞാനവും ഉപയോഗിക്കുന്നു. ഒന്ന് സാമ്പത്തിക സോഷ്യലിസം നിര്‍ദ്ദേശിക്കുമ്പോള്‍ മറ്റൊന്ന് ആദ്ധ്യാത്മിക സോഷ്യലിസം പ്രയോഗിക്കുന്നു. മാര്‍ക്സിസം വിപ്ലവത്തിന്റെ പ്രയോഗനിലം സമൂഹമാണെന്ന് വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരതം അത് മനസ്സുകളില്‍ സംഭവിപ്പിക്കുന്നു. അത് അസ്ത്രമുപേക്ഷിച്ച് എഴുത്താണിയെടുക്കാന് വേടനെ പ്രേരിപ്പിക്കുന്നു. മാര്‍ക്സിസം മാറ്റത്തിനുവേണ്ടി ആയുധമെടുത്തവനെ അത് താഴെ വെയ്ക്കാന്‍ കഴിയാത്ത വിധം നിസ്സഹായതയില്‍ നിര്‍ത്തുന്നു. മനുഷ്യസ്നേഹമാണ് രണ്ടിന്റേയും പ്രേരക ശക്തി എന്നതിനാല്‍ ഈ വൈരുദ്ധ്യങ്ങളെ അതിജീവിക്കാന്‍ മാര്‍ക്സിസത്തിന് കഴിയും. കുറച്ചു വൈകിയെങ്കിലും മനുഷ്യനെ ഉള്ളിലേക്കും കൂടി നോക്കാന്‍ പ്രേരിപ്പിക്കാന്‍, അതീന്ദ്രിയതയിലേക്കും അവന്റെ ബുദ്ധിയെ വ്യാപരിക്കാന്‍ അങ്ങനെ ഭാരതീയമായ ഒരാര്ജ്ജവത്തിലൂടെ അരിച്ചെടുത്ത നവമാര്ക്സിസത്തിലൂടെ ഭാരതത്തിന്റെ ഭാസുരഭാവിക്കായി സമാനചിന്താഗതിക്കാര്‍ക്കൊപ്പം നടക്കാന്‍ മാര്‍ക്സിസത്തിന് കഴിയണം. കാലത്തിന്റെ അലംഘ്യമായ നിയമമാണ് കമ്മ്യൂണിസത്തിനു മുന്നിലുള്ളത്. ഭാവാത്മകമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുക. അല്ലെങ്കില്‍ യാഥാസ്ഥിതികതയുടെ ദുശാഢ്യത്തിനും സങ്കുചിതത്വത്തിനും വഴങ്ങി സ്വയം നശിക്കുക.
വിനയന് പെരുമ്പലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: