കോട്ടയം: മെഡിക്കല്‍ കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കുന്ന മെഗാ ആരോഗ്യപ്രദര്‍ശനം, ഗോള്‍ മെഡക്സ് നവംബര്‍ 14 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യത്തെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് മെഡക്സിന്റെ ലക്ഷ്യം. 30,000 ത്തോളം ചതുരശ്ര അടി സ്ഥലത്തു മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗങ്ങളും ഒരുക്കുന്ന 36-ഓളം സ്റ്റാളുകളിലായാണ് പ്രദര്‍ശനം.
ജനനം മുതല്‍ മരണം വരെയുള്ള ശരീരത്തിന്റെ എല്ലാ അവസ്ഥകളെയും അസുഖങ്ങളെയും അത്യപൂര്‍വ്വ മാതൃകകളിലൂടെ അവതരിപ്പിക്കും. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളാണ് കാര്യങ്ങള്‍ വിശദീകരിക്കുക. വിദഗ്ദ്ധരുമായി സംശയനിവാരണത്തിന് അവസരങ്ങള്‍, ആരോഗ്യസെമിനാറുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ലഭ്യമാകുന്ന നൂതന ചികിത്സാ സൗകര്യങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പ്, അത്യാഹിത പരിചരണ പരിശീലനം, രക്തദാന അവയവദാന ക്യാംപയിനുകള്‍, ലഘുലേഖകളുടെയും ബുക്കുലൈറ്റുകളുടെയും വിതരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഈ മെഡക്സിനോടനുബന്ധിച്ചുണ്ടാകും.
സാധാരണക്കാരന് വൈദ്യശാസ്ത്രത്തെയും അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളെയും അടുത്തറിയാനുള്ള അവസരം മെഡക്സ് ഒരുക്കും. പ്രവേശനം ടിക്കറ്റ് മുഖേനയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്ത്ഥികളോടൊപ്പമെത്തുന്ന അധ്യാപകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
സ്കൂളുകള്‍ക്ക് പ്രീ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് മുന്‍കൂട്ടി ദിവസവും സമയവും ബുക്ക് ചെയ്യാം.
പ്രീ ബുക്കിംഗിന് 9656427586, 9745849986 ഈ നമ്പരുകളില്‍ ബന്ധപ്പെടണം. രാവിലെ 8മണിക്കാരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 6 മണിവരെ നീളും. ഉച്ചയ്ക്ക് 2 മണിവരെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും.
പത്രസമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.റംലബീവി, ഡോ.റ്റിജി തോമസ് ജേക്കബ്, ഡോ.ഷാജഹാന് പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: