കേന്ദ്രത്തില്‍ പ്രവാസികാര്യത്തിന് ഒരു മന്ത്രിയുണ്ട്. അത് ഒരു മലയാളിയായപ്പോള്‍ കേരളീയര്‍ പ്രത്യേകിച്ച് പ്രവാസികള്‍ തെല്ലൊന്നുമല്ല ആഹ്ലാദിച്ചത്. എന്നാല്‍ എന്നൊക്കെ പ്രവാസികള്‍ക്ക് പ്രയാസം നേരിട്ടോ അന്നൊന്നും പ്രവാസകാര്യമന്ത്രിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. ഏറ്റവും ഒടുവില്‍ എയര്‍ഇന്ത്യ ഒരുദിവസം ഇരുന്നൂറോളം യാത്രക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത സമ്മര്‍ദ്ദത്തിലും മനപ്രയാസത്തിലും ആക്കിയപ്പോഴും സ്ഥിതി മറിച്ചായില്ല. അബുദാബിയില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തിറങ്ങി. എട്ടുമണിക്കൂറോളം അവിടെ ആടിയ നാടകത്തിനൊടുവില്‍ യാത്രക്കാരെ വിമാനക്കൊള്ളക്കാരാക്കി ചിത്രീകരിച്ച് പോലീസ് കേസെടുത്തു. അതിന്റെ അന്വേഷണവും വിശദീകരണവും തുടരുകയാണ്. വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെത്തുടര്ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും നടത്തി. വിമാനം തട്ടിയെടുക്കുവാനുള്ള ശ്രമം ആരോപിച്ച് ആറ് യാത്രക്കാര്‍ക്കെതിരെയാണ് പെയിലറ്റ് പരാതി നല്‍കിയിരുന്നത്.എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിവാദ ഫ്ലൈറ്റ് അബുദാബിയില്‍നിന്നും പുറപ്പെട്ടതു മുതല്‍ കൊച്ചിയില്‍ എത്തിയതുവരെയുള്ള എല്ലാ സംഭവങ്ങളും യാത്രക്കാരായിരുന്നവര്‍ വിശദീകരിച്ചിട്ടുണ്ട്.
തങ്ങള്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയിട്ടില്ലെന്ന് നാലുപേരും മൊഴിയില്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയിട്ടില്ല. ഒന്നും നശിപ്പിച്ചിട്ടുമില്ല. തങ്ങളുടെ കൈവശം ആയുധവും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തവും വീഴുകയുണ്ടായില്ല. വിമാനം റാഞ്ചാനുള്ള ശ്രമം നടത്തിയെന്നത് ഒരു കെട്ടുകഥ മാത്രമാണ്. തങ്ങളെ പെരുവഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ പ്രതിഷേധിക്കുക മാത്രമാണുണ്ടായത്. യാത്രക്കാര്‍ ഒന്നടങ്കം തങ്ങളോടൊപ്പമായിരുന്നു എന്ന് മൊഴിയില്‍ വ്യക്തമാക്കി. ശക്തമായ നിലപാട് എടുത്തതുകൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് ഇറക്കി വിടാതെ തങ്ങളെ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ നിര്‍ബന്ധിതരായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേവലം 6 മാസം മാത്രം പ്രായമുളള കുഞ്ഞിന് വേണ്ടി ദാഹജലത്തിന് ചോദിച്ചപ്പോള്‍ ഇതിന് നേതൃത്വം നല്കിയ വ്യക്തിയെ പോലീസ് വയറ്റത്തടിച്ചാണ് പ്രതികരിച്ചത്. യാത്രക്കാരെ പെരുവഴിയിലിറക്കി വിടുന്ന ഏക വിമാനക്കമ്പനി എയര്‍ ഇന്ത്യ മാത്രമാണെന്ന് 22 വര്‍ഷത്തെ തന്റെ അനുഭവം മുന്‍നിര്‍ത്തി അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരന് പറയുന്നു. സംസ്ഥാനസര്‍ക്കാരും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും പ്രശ്നത്തില്‍ ശക്തമായി ഇടപെടണമെന്നവര് ആഗ്രഹിക്കുന്നു. വിവാദപട്ടികയില്പ്പെട്ട ആറ് പേരും അബുദാബിയില്‍നിന്നും 7 ദിവസത്തെ അവധിക്കാണ് നാട്ടില്‍ വന്നിട്ടുള്ളത്.
സ്വന്തം നാട്ടില്‍ വന്നപ്പോള്‍ ഏതാനും ദിവസം ശാന്തമായി കുടുംബത്തോടൊപ്പം കഴിയാന്‍ വന്ന തങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതില്‍ അവര്‍ക്ക് വൈഷമ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന് പരിഹാരം നിര്ദ്ദേശിക്കേണ്ടവരാണ് കുറ്റകരമായ മൗനം നടിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതും നിയന്ത്രിക്കുന്നതും പ്രവാസി മലയാളികളാണെന്ന് വിശേഷിപ്പിക്കാറുമുണ്ട്. അവരുടെ പണവും പദവിയും പരമാവധി പ്രയോജനപ്പെടുത്താന്‍ പറന്നുപോകുന്നവരാണ് രാഷ്ട്രീയനേതാക്കളും മന്ത്രിമാരുമെല്ലാം. പ്രവാസികളെന്നു പറഞ്ഞാല്‍ എല്ലാവരും കോടീശ്വരന്മാരോ പണം കായ്ക്കുന്ന മരങ്ങള്‍ സ്വന്തമായുള്ളവരോ അല്ല. രണ്ടും മൂന്നും വര്‍ഷം കഠിനാദ്ധ്വാനംചെയ്ത് ഏതാനും ദിവസത്തെ അവധി സംഘടിപ്പിച്ച് നാട്ടിലെത്താന്‍ ദാഹിച്ച് മോഹിച്ച് വിമാനം കയറുന്നവരാണ് വട്ടംകറക്കുന്നതിന് നമ്മുടെ വിമാനക്കമ്പനിക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. തങ്ങളോടാരും ചോദിക്കാനില്ല. ഉത്തരം നല്കാന് തങ്ങള്‍ ബാദ്ധ്യസ്ഥരുമല്ലെന്ന ധിക്കാരമാണ് സേവനം നടത്താന്‍ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥര്‍ക്ക്. അത് മാറ്റിയെടുക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരും മന്ത്രിമാരുമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആട്ടുകല്ലിന് കാറ്റേശാതെ പോലെ നില്‍ക്കുന്നത്. പ്രവാസികളുടെ പ്രയാസം ദൂരീകരിക്കാന്‍ കഴിവും കരുത്തുമില്ലാത്ത പ്രവാസകാര്യമന്ത്രി നമുക്കുവേണോ എന്ന ചോദ്യമുയരുന്നത് ഇത്തരം സന്ദര്‍ഭത്തിലാണ്.
അയ്യപ്പനെ തൊഴാനും
കേന്ദ്രാനുമതിയോ!
കോടാനുകോടി ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്. അതിന് പ്രത്യേക സൗജന്യമൊന്നും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ചെയ്തുകൊടുക്കണമെന്നാരും ആവശ്യപ്പെടുന്നില്ല. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നേ പ്രാര്‍ത്ഥനയുള്ളു. എന്നാല്‍ കോടിക്കണക്കിനാളുകള്‍ വന്നുപോകുന്ന തീര്‍ത്ഥാടനകേന്ദ്രത്തിലും യാത്രാമാര്‍ഗത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും ബാധ്യതയാണ്. അത് നിറവേറ്റുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്. വീണ്ടുമൊരു തീര്‍ത്ഥാടനം തുടങ്ങിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. അതിനിടയിലാണ് തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ വഴിവയ്ക്കും വിധം കേന്ദ്രമന്ത്രിയുടേതായുള്ള പ്രസ്താവന.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെവേണം ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കാനെന്നാണ് കേന്ദ്രമന്ത്രി ജയന്തിനടരാജന് പ്രസ്താവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന്റെ മാര്‍ഗരേഖകള്‍ അപ്പടി അനുസരിക്കണമെന്നുമാണ് മന്ത്രിയുടെ നിലപാട്. ശബരിമലയില്‍ പോകാനും അയ്യപ്പനെ തൊഴാനും കേന്ദ്രാനുമതി വേണമെന്ന് പറയാന്‍ തോന്നിയ ധാര്‍ഷ്ട്യത്തെ ഏതുശൈലിയില് അപലപിച്ചാലും അധികപ്പറ്റാവില്ല. പരിസ്ഥിതി നന്നായി അറിയുന്നവരാണ് അയ്യപ്പനും ഭക്തജനകോടികളും .കേന്ദ്രത്തിന്റെ അനുമതിയോ അംഗീകാരമോ അയ്യപ്പനെ തൊഴാന്‍ ആവശ്യമില്ല. ശബരിമല തീര്‍ത്ഥാടനത്തിന് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് മോഹിക്കുന്നതെങ്കില്‍ അത് നടക്കാന്‍പോകുന്നില്ലെന്ന് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താന്‍ ഒരു തീര്‍ത്ഥാടനകാലം തന്നെ ധാരാളമാണ്. ഹൈന്ദവ സ്ഥാപനങ്ങളോടും ആരാധനാ സമ്പ്രദായങ്ങളോടും എന്തുമാകാമെന്നാണ് ധാരണയെങ്കില്‍ അത് എത്രയുംവേഗം മാറ്റുന്നതാണ് നല്ലതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: