സംസ്ഥാനത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ് കൊച്ചി മെട്രോ. അതിനെ തുരങ്കം വയ്ക്കാന്‍ ആസൂത്രണ നീക്കം നടന്നതായി വ്യക്തമായിരിക്കുന്നു. ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി മറ്റാരൊക്കെയോ അണിയറയില്‍ ഭംഗിയായി കളിക്കുന്നു. അതാരൊക്കെ എന്ന് കണ്ടുപിടിക്കുകതന്നെ വേണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നയപരമായ തീരുമാനങ്ങളൊന്നും സ്വീകരിക്കാന്‍ അധികാരമില്ല. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തെപ്പോലും തൃണവല്‍ഗണിച്ച് സര്‍ക്കാര്‍ സര്‍വീസിലെ വെറുമൊരു ഗുമസ്തന് എങ്ങിനെ ഇത്രയും ആശയക്കുഴപ്പങ്ങളുണ്ടാക്കി. കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസാണ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്. ടോം ജോസ് ഡിഎംആര്‍സിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ മെട്രോ റെയില്‍ നിര്മ്മാണച്ചുമതലയില്നിന്ന് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തി എന്നാണ് വ്യക്തമാകുന്നത്. ഇ. ശ്രീധരനെ ഒഴിവാക്കേണ്ടത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം ആഗ്രഹമല്ലെന്നുവേണം അനുമാനിക്കാന്‍. മറ്റാരൊക്കെയോ ഇതിന്റെ പിന്നിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ തോളത്തിരുന്ന് ചെവി തിന്നുന്ന ചിലരും അക്കൂട്ടത്തിലില്ലേ എന്ന സംശയവും ഉയരുകയാണ്. ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടോം ജോസ് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണക്കയച്ച കത്ത് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി. രാജീവ് എം പിയാണ് പുറത്തുവിട്ടത്. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പൂര്‍ണ അധികാരം ഇ. ശ്രീധരന് നല്‍കിക്കൊണ്ട് ഡിഎംആര്‍സി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഇറക്കിയ ഉത്തരവിന്റെ കോപ്പിയും പുറത്തുവന്നു. ടോംജോസ് എഴുതിയ കത്തില്‍ ശ്രീധരനെ വളരെ മോശക്കാരനാക്കാനുള്ള ശ്രമവും നടന്നിരിക്കുന്നു.
ഡി എം ആര് സി മാനേജിംഗ് ഡയറക്ടറുടെ ചുമതലകിട്ടിയപ്പോള്ത്തന്നെ ടോംജോസ് നടത്തിയ ഇടപെടലുകള്‍ ദുരൂഹമായിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് എംഡിസ്ഥാനം നഷ്ടമാക്കിയത്. മാനേജിംഗ് ഡയറക്ടര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കിയ ടോം ജോസ് കഴിഞ്ഞ സെപ്തംബര്‍ 26നാണ് കൊച്ചി മെട്രോയില്‍ ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ഡി എം ആര് സിയുടെയും കെ എം ആര് എല്ലിന്റെയും ചെയര്‍മാനായ കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത്. ഡിഎംആര്‍സിയുടെ എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച ഇ.ശ്രീധരന് ഇപ്പോള്‍ കേരളത്തില്‍ താമസമാക്കിയിരിക്കയാണൈന്നും കൊച്ചി മെട്രോ റെയില്‍ പദ്ധതിയടക്കം കേരളത്തിലെ നിരവധി പദ്ധതികള്‍ അദ്ദേഹം ഡിഎംആര്‍സിയുടെ പേരില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നുണ്ടെന്നും കത്തില്‍ ആമുഖമായി പറയുന്നു. ഡിഎംആര്‍സി സംവിധാനം മുഴവന്‍ തന്റെ പിന്നിലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് താരതമ്യേന ചെറിയ പാലത്തിന്റെ പണികള്‍ പോലും ഇ.ശ്രീധരന് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവഹേളനം കലര്‍ന്ന ഭാഷയില്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രീധരനെ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നാണ് കത്ത് തുടര്‍ന്ന് ആരായുന്നത്. മെട്രോ റെയില്‍, മോണോ റെയില്‍, പാലം നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ ശ്രീധരന് നടത്തുന്ന ഇടപെടലുകള്‍ക്ക് ഡിഎംആര്‍സിയുടെ പിന്തുണയുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. ശ്രീധരന്റെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കേരള സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഏറ്റെടുത്ത പദ്ധതികള്‍ക്ക് ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരമുണ്ടോയെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കുന്നത് കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സഹായകമാവുമെന്നും ടോം ജോസ് സൂചിപ്പിച്ചിരിക്കുകയാണ്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മെട്രോ റെയില്സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തത്. കൊട്ടിഘോഷിച്ച് തറക്കല്ലുമിട്ടു. ഡിഎംആര്‍സിയും ഇ. ശ്രീധരനും ഒരുപാട് ജോലി ഇതിനകം ചെയ്തുകഴിഞ്ഞു. അതിനിടയില്‍ പല പാരവയ്പുകള്‍ നടന്നെങ്കിലും അതെല്ലാം ഒഴിവാക്കി മൂന്നോട്ടുപോകുമ്പോഴാണ് ടോം ജോസിന്റെ രൂപത്തില്‍ പുതിയ കുതന്ത്രങ്ങള്‍. ടോംജോസ് കത്തെഴുതിയത് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിപ്രസ്താവിച്ചിട്ടുണ്ട്. ഇങ്ങിനെ ഒരു കത്തെഴുതാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പടുത്തിയിട്ടില്ലെന്ന് വകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞും പറയുന്നു. പിന്നെ എങ്ങിനെ ഇത്തരത്തില്‍ പെരുമാറാന്‍ ഒരു ഉദ്യോഗസ്ഥന് സാധിച്ചു. ഒരുകാര്യം ഉറപ്പാണ് തന്റെ സങ്കുചിത താല്പര്യങ്ങള്ക്ക് ഇ.ശ്രീധരന് ഒരു വിലങ്ങുതടിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ആ കൊതിക്കെറുവില്‍ നിന്നാണ് ഇങ്ങിനെ ഒരു കത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്രയും പകയും മുഷ്കുമുള്ള ഒരു ഉദ്യോഗസ്ഥന് തന്ത്രപ്രധാനമായ പദവിയില്‍ ഇരുന്നാല്‍ കൊച്ചിമെട്രോ എന്നല്ല സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പദ്ധതിയും നേരാംവണ്ണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇയാളോട് വിശദീകരണം തേടി സംതൃപ്തി അടയുകയല്ല വേണ്ടത്. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചുകയറാന്‍ പറ്റാത്തവിധമുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും തയ്യാറാകുമോ? അതിനുള്ള ആര്‍ജ്ജവവും കാണിക്കുമോ? ജനങ്ങള്‍ ഉറ്റുനോക്കുന്നത് അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: