അടുത്ത കാലത്തായി മാധ്യമങ്ങളുടെ സജീവ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള വിഷയമാണ് കേരളത്തില്‍ നാളികേരകൃഷി നേരിടുന്ന പരിതാപകരമായ അവസ്ഥ. നാളികേരക്കൃഷിയുടെ നിലനില്‍പ്പിനേയും ഭാവിയേയും ആശങ്കയോടെ നോക്കിക്കാണുന്ന കേരകര്‍ഷകരുടെയും കേരസ്നേഹികളുടെയും ആത്മാര്‍ത്ഥതയുടെ ഒരു ശതമാനമെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്കും ചുമതലപ്പെട്ടവര്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍ നിശ്ചയമായും കേരളത്തിലെ നാളികേരകൃഷി ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തുക ഇല്ലായിരുന്നു.
നമ്മുടെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നാളികേരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റപ്പെട്ടാല്‍ മാത്രമേ നാളികേരത്തിന് വിപണിയില്‍ ആവശ്യക്കാരുണ്ടാകൂ, മെച്ചപ്പെട്ട വില ലഭിക്കൂ. അതിന് സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന്റെ പുറത്തുമുള്ള ഉപഭോക്താക്കളുടെ രുചിക്കും താല്‍പ്പര്യത്തിനും അനുസൃതമായ കേരഉല്പ്പന്നങ്ങള്, അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷ നിബന്ധനകള്‍ക്കനുസൃതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ക്കരണശാലകളുമുണ്ടാകണം, ചെറുകിട ഇടത്തരം മേഖലയില്‍ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നല്ല നിലയില്‍ മൂലധനം ആവശ്യമുണ്ട്. കേരളത്തില്‍ ഇത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തയ്യാറായി മുന്നോട്ട് വരുന്ന സംരംഭകരോട് തികച്ചും നിഷേധാത്മക നിലപാടാണ് കാര്‍ഷിക വ്യാവസായിക വികസനത്തിന് ബാധ്യതപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്ത് നാളികേരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് അത്യന്തം സഹായകരമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടുള്ള നയം അനുവര്‍ത്തിക്കുന്ന അതേ ബാങ്കുകള്‍ കേരളത്തില്‍ സ്വീകരിക്കുന്നത് തികച്ചും നിഷേധാത്മകവും വ്യത്യസ്തവുമായ നിലപാടാണ്.
2008ല്‍ പ്രതിദിനം നാല്‍പ്പതിനായിരം നാളികേര സംസ്ക്കരണശേഷി എന്ന പദ്ധതി ലക്ഷ്യവുമായി പാലക്കാട് ജില്ലയില്‍ ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ കുളപ്പുള്ളിയിലുള്ള സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള വ്യവസായ പാര്‍ക്കില്‍ 100 ശതമാനം പാട്ടത്തുകയും ഒന്നിച്ചടച്ച് വ്യവസായ പ്ലോട്ട് ഏറ്റെടുത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് നാളികേരാധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിന് ഇറങ്ങി തിരിച്ച് ഇരുപത് ലക്ഷത്തോളം ഉറുപ്പികയും നാലുവര്‍ഷവും ചെലവഴിച്ചതിനുശേഷം ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ സാധിക്കാതെ കോടതിവരാന്തയിലേക്ക് നടക്കുന്ന ഒരു വ്യവസായ സംരംഭകനാണ് ഞാന്‍. പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നതുമൂലം ഈ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നാളികേരം അന്നന്ന് തന്നെ ഇവിടെ എത്തിച്ച് സംസ്കരിക്കുകയായിരുന്നു ലക്ഷ്യം, ഇന്നത്തെ “തെങ്ങിന്റെ ചങ്ങാതി കൂട്ടം” മാതൃകയില്‍ 400 ഓളം തെങ്ങുകയറ്റ ചെറുകിടനാളികേര കച്ചവടക്കാരുമായി സ്ഥിരമായി നാളികേര സംഭരണത്തിനുള്ള ധാരണയിലെത്തുകയും ചെയ്തിരുന്നു.
പ്രതിദിനം ഏകദേശം 400-500 രൂപ വരുമാനം ഓരോ കുടുംബത്തിനും ലഭിക്കുന്ന തരത്തില്‍ സ്വന്തം വീട്ടിലിരുന്ന് ചെയ്യാവുന്ന വിധം ചില തൊഴിലുകള്‍ ഇതുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ടം എന്നിവര്‍ക്കായി സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അന്തര്‍ദ്ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന എച്ച്എസിസിപി അംഗീകാരമുള്ള, നിലവാരമുള്ള പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ നാളികേര ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് വിദേശ രാജ്യങ്ങളായ കാനഡ, യുഎസ്എ, യുകെ, യുഎഇ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഇറക്കുമതിക്കാര്‍ അതീവ താല്‍പ്പര്യവും കാണിച്ചിരുന്നു. ആഭ്യന്തര വിപണിയിലും പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും പ്രോത്സാഹനവും. ഒരു വ്യവസായ, സംരംഭത്തിന്റെ നിലനില്‍പ്പിനും ഭാവിക്കും അത്യാവശ്യമായ എല്ലാ ഘടകങ്ങളും അനുകൂലമായി നിന്നിട്ടും എന്തുകൊണ്ട് ഇത് യാഥാര്‍ത്ഥ്യമായില്ല എന്ന ചോദ്യം തികച്ചും ന്യായമാണ്.
വളരെ ചെറിയ മുതല്‍മുടക്കില്‍ അത്യാവശ്യം യന്ത്ര സാമഗ്രികളുമായി ഒരു നാളികേര സംസ്ക്കരണ കേന്ദ്രമായിരുന്നു ആദ്യം വിഭാവനം ചെയ്തത്. എന്നാല്‍ അത്തരം ഒരു വ്യവസായ സ്ഥാപനത്തിന് ഭാവിയില്‍ ഈ രംഗത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുകയില്ല എന്നും അതിന് ഭാവി ഉണ്ടാവുക പ്രയാസമാണ് എന്നും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമാനമായ സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ പര്യാപ്തമായ തലത്തില്‍ അത്യന്താധുനിക യന്ത്രസംവിധാനങ്ങളുമായി കയറ്റുമതി ആവശ്യങ്ങളെ നേരിടാന്‍ പര്യാപ്തമായ സംവിധാനങ്ങളോടെ സ്ഥാപിക്കുന്ന ഒരു നാളികേര സംസ്ക്കരണ കേന്ദ്രത്തിന് മാത്രമേ ഭാവിയില്‍ പിടിച്ചുനില്ക്കാന് സാധിക്കൂ എന്ന ഈ രംഗത്തെ വിദഗ്ധരുടെ ഉപദേശം പദ്ധതിയില്‍ ഒരു പൊളിച്ചെഴുത്തിന് നിര്‍ബന്ധിതമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പുതിയ പദ്ധതി രേഖപ്രകാരം മൊത്തം പദ്ധതി അടങ്കല്‍ തുക രണ്ട് കോടിയായി ഉയര്‍ത്തപ്പെട്ടു. അതില്‍ സംരംഭകവിഹിതമായി 50 ലക്ഷവും, ബാങ്കുകളില്‍നിന്നും വായ്പയായി ഒരുകോടി അമ്പത് ലക്ഷം രൂപയുമാണ്. നാളികേര വികസന ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ടിഎംഒസി (ടെക്നോളജി മിഷന് ഓണ്‍ കോക്കനട്ട്)ല്‍ ഉള്‍പ്പെട്ടതിനാല്‍ 25 ശതമാനം വരുന്ന തുകയായ ഏകദേശം അമ്പത് ലക്ഷത്തോളം ഉറുപ്പിക വായ്പാധിഷ്ഠിത സബ്സിഡിക്കും ഈ പദ്ധതി അര്‍ഹത നേടിയിരുന്നു. പദ്ധതി പൂര്‍ത്തീകരിച്ച് ഉല്പ്പാദക്ഷമമാകുമ്പോള് ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത ഏകദേശം ഒരുകോടി ഉറുപ്പിക മാത്രമായിരിക്കും. ചുരുക്കത്തില്‍ ഒരുകോടി ഉറുപ്പിക വായ്പ നല്‍കുന്നതിന് ബാങ്കിന് അതിന്റെ ഇരട്ടി മൂല്യമുള്ള സ്ഥാവരവസ്തുക്കള്‍ ഇൗടായി ലഭിക്കുന്നതിന് പുറമെ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഗ്യാരണ്ടി നല്കുന്ന കേന്ദ്രപദ്ധതിയായ സിജിടിഎസ്എംഇ (CREDIT GUARANTEE TRUST FOR SMALL & MEDIUM ENTERPRISE)-ല്‍ നിന്നുള്ള ഗ്യാരണ്ടിയും. ഇതിലേക്കായി നിലവിലുള്ള പലിശക്ക് പുറമെ ഒന്നര ശതമാനം നിരക്കില്‍ ഗ്യാരണ്ടി തുകയും സംരംഭകന് അടക്കേണ്ടതുണ്ട്.
ഒരുപ്രദേശത്തെ മുഴുവന്‍ കേരകര്‍ഷകര്‍ക്കും, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശ്വാസം പകരുമായിരുന്ന, അനുഗ്രഹമായിരുന്ന ഈ പദ്ധതിയുമായി പാലക്കാടും ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ശാഖകള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ കയറിയിറങ്ങി. അടിസ്ഥാനരഹിതമായ നിസ്സാരമായ ഒഴിവുകഴിവുകള്‍ പറഞ്ഞ് അവര്‍ കൈമലര്‍ത്തി. ഒരു ബാങ്ക് ഒരുവര്‍ഷം നടത്തിയതിനുശേഷം ഈടിനായി കിടപ്പാടത്തിന്റെ പ്രമാണംവരെ വാങ്ങി. നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ‘സോറി’ എന്ന ഒറ്റവാക്ക് പറഞ്ഞ് പ്രമാണം തിരികെ തന്നു. ഒരു ബാങ്ക് വായ്പ തത്വത്തില്‍ അനുവദിച്ചുകൊണ്ട് കത്ത് തന്നു. രണ്ട് ഉപാധികളോടെ (1) ഈ പദ്ധതിക്ക് നാളികേര വികസനബോര്‍ഡിന്റെ അംഗീകാരം. (2) ചെറുകിട കര്‍ഷക കാര്‍ഷിക വാണിജ്യ സംഘടന (എസ്എഫ്എസി)യുടെ പദ്ധതി അംഗീകാരം എന്നിവ സംഘടിപ്പിക്കുക, ആറുമാസക്കാലത്തെ പ്രാബല്യമായിരുന്നു ഇതിന് നല്‍കിയിരുന്നത്.
രാജ്യത്തെ കേരകൃഷിയുടെ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടി രൂപീകൃതമായ നാളികേര വികസനബോര്‍ഡ് ആണ് രാജ്യത്തെ നാളികേര സംബന്ധമായ മുഴുവന്‍ കാര്‍ഷിക വാണിജ്യ സംരംഭങ്ങളുടെയും സാമ്പത്തികാനുകൂല്യങ്ങളും മറ്റ് വിവിധതരം പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത്. ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന് 2009-11 കാലഘട്ടങ്ങളില്‍ കൊച്ചിയിലുള്ള കേന്ദ്രകാര്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുഴുവന്‍ സമയ ചെയര്മാന് പോലും ഇല്ലായിരുന്നുവെന്നാണ് വസ്തുത. പിന്നീട് പദ്ധതി അംഗീകരിച്ചുകൊണ്ട് നാളികേര വികസനബോര്ഡില്നിന്നും കത്ത് ലഭിച്ചപ്പോഴേക്കും ബാങ്കിന്റെ കാലാവധി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഇത്തരം ഒരു അവസ്ഥയില്‍ മുന്‍കാല പ്രാബല്യത്തോടെ വായ്പ അനുവദിക്കുന്നതില്‍നിന്നും ബാങ്ക് പിന്മാറി. ഇപ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വ്യവസായസംരംഭം ആരംഭിക്കാതെ വെറുതെ ഇട്ടിരിക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളുമായി കേരള സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനും മുന്നോട്ടുവരുന്നു. ഒരു കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വരുകൂട്ടിയതുമായ ഇരുപത് ലക്ഷത്തില്‍പ്പരം ഉറുപ്പികയും ജീവിതത്തിലെ വിലപ്പെട്ട നാലുവര്‍ഷവും നഷ്ടപ്പെടുത്തിയതിന് പുറമെ ഉണ്ടായ മാനഹാനിയും പേരുദോഷവും വേറെ.
ഈ നാട്ടിലെ കേരകര്‍ഷകര്‍ക്കും കേരകൃഷിക്കും ഗുണകരമായി ഭവിക്കുമായിരുന്ന എന്റെ ഈ സ്വപ്നസാഫല്യത്തിനായുള്ള പ്രയാണത്തിനിടയില്‍ വളരെയധികം വ്യക്തികളുമായി ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുംപെട്ട അവരില്‍ ജനപ്രതിനിധികളുണ്ടായിരുന്നു, ബാങ്കുകളുടെ ഉയര്‍ന്ന തലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരുണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു. നാളികേര കൃഷിയുടെയും കേരകര്ഷകന്റെയും പരിതാപകരമായ അവസ്ഥയെപ്പറ്റി വിലപിക്കുന്നവരുണ്ടായിരുന്നു, രാജ്യത്തെ കാര്‍ഷിക വ്യവസായ വികസനത്തിന് ബാധ്യതപ്പെട്ടവരുണ്ടായിരുന്നു. ചിലര്‍ സഹതപിച്ചു, ചിലര്‍ പരിഹസിച്ചു, ചിലര്‍ കയ്യൊഴിഞ്ഞു, ചിലര്‍ വാശി പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നെ ക്രിയാത്മകമായി സഹായിക്കാന്‍ മുന്നോട്ടുവന്ന ഒരേയൊരു വ്യക്തിത്വം നാളികേര വികസനബോര്‍ഡിന്റെ ഇപ്പോഴത്തെ ചെയര്മാന് ടി.കെ.ജോസ് ഐഎഎസ് മാത്രമായിരുന്നു. പക്ഷേ വായ്പ അനുവദിക്കുക എന്നത് അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളില്‍ അല്ലല്ലോ?
എന്നോടൊപ്പം സമാനമായ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ച തമിഴ്നാട്ടിലേയും കര്‍ണ്ണാടകത്തിലേയും ആന്ധ്രയിലേയും വ്യവസായ സംരംഭകര്‍, എനിക്ക് നാളികേരാധിഷ്ഠിത വ്യവസായത്തിന്റെ വിജയസാധ്യതയുടെ സംശയം മൂലം വായ്പ നിഷേധിച്ച അതേ ബാങ്കുകളില്‍നിന്നും അനുവദിച്ച വായ്പകൊണ്ട് വ്യവസായം ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് ഏറ്റവും രസകരം. അവര്‍ സംസ്ക്കരിക്കുന്ന നാളികേരത്തിന്റെ സിംഹഭാഗവും കേരളത്തിലെ കേരകര്ഷകരില്നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന നാളികേരവും.
ഒരുകാലത്ത് കേരളത്തിന്റെ മാത്രം കുത്തകയായിരുന്ന കേരകൃഷി ഇവിടെ നിലനില്ക്കണമെങ്കില് ഇവിടെ ഉല്പ്പാദിക്കപ്പെടുന്ന നാളികേരം മൂല്യവര്‍ധിത ഉല്‍പ്പന്നമായി മാറ്റുവാനുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും നമ്മുടെ സംസ്ഥാനത്തിനകത്ത് തന്നെ ഉണ്ടാകണം. അതിന് തയ്യാറായി മുന്നോട്ട് വരുന്ന സംരംഭകനെ മൂലധനത്തിന്റെ കാര്യത്തില്‍ കാലവിളംബം കൂടാതെ സഹായിക്കുവാനുള്ള ഇച്ഛാശക്തി ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പൗരന്റെ അവകാശമായ ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍നിന്നും ഒഴിഞ്ഞുമാറുന്ന ബാങ്കുകളെ ആധികാരികമായി നിര്‍ബന്ധിക്കുവാനുള്ള ആര്‍ജ്ജവം ജനപ്രതിനിധികളും ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും പ്രകടിപ്പിക്കണം. ഇല്ലെങ്കില്‍ കേരളത്തില്‍ ഒരു കാലത്ത് സമൃദ്ധമായി വളര്‍ന്നിരുന്നതും ഇന്ന് കേരളത്തിന്റെ ഭൂമുഖത്തുനിന്നും നാശോന്മുഖമായിക്കൊണ്ടിരിക്കുന്നതുമായ കല്പ്പകവൃക്ഷത്തിന്റെ കഥകള്‍ നമുക്ക് വരും തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടി വരും. ഒന്ന് കാണിച്ചുകൊടുക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പഠനയാത്ര പോകേണ്ടിയും വരും തീര്‍ച്ച. ഒരു വാണിജ്യ ഉല്‍പ്പന്നമായ നാളികേരത്തിന്റെ നിലവിലുള്ള സാധ്യതകളെ ക്രിയാത്മകമായും വിജയകരമായും പ്രയോജനപ്പെടുത്തുന്നതിന് പകരം അത്യന്തം വിവാദപരമായ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്ക് സാധ്യതയുള്ള, നിയമഭേദഗതികള്പോലും ആവശ്യമായ ചില ചുവടുവെയ്പുകള്കൊണ്ട് സാധിക്കാമെന്ന് കരുതുന്നത് അടിയന്തര സാഹചര്യത്തെ നേരിടാന്‍ പര്യാപ്തമായ ഒന്നല്ല. അടുത്ത കാലത്ത് വളരെയേറെ കൊട്ടിഘോഷിച്ച് നടത്തിയ എമെര്‍ജിങ് കേരളയിലൂടെ നാളികേര സംസ്ക്കരണത്തിനായുള്ള എത്ര നിക്ഷേപം എത്ര പദ്ധതികളിലൂടെ കേരളത്തിലേക്ക് വന്നുവെന്ന് പരിശോധിക്കുക, വന്‍കിട വിദേശ നിക്ഷേപകര്‍ക്ക് നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കേരളത്തിനേക്കാള്‍ അഭികാമ്യം തായ്ലാന്റ്, ഇന്‍ഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രങ്ങളാണ്. മാത്രവുമല്ല വളരെ വലിയ തോതിലുള്ള മുതല്‍മുടക്ക് ഈ രംഗത്ത് പ്രായോഗികവുമല്ല. തദ്ദേശീയരായ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുക എന്നതാണ് പ്രായോഗികമായ ഏറ്റവും നല്ല വഴി.
പ്രദീപ് ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: