തൃപ്പൂണിത്തുറ: പാചകവാതക നിയന്ത്രണവും വില വര്‍ധനവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ രാജനഗരി യൂണിയന് ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ ശനിയാഴ്ച വൈകിട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ധര്‍ണ ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് ഉദ്ഘാടനം ചെയ്യും.
എല്ലാ വീടുകള്‍ക്കും സബ്സിഡി നിരക്കിലുള്ള 9 സിലിണ്ടറുകള്‍ അനുവദിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഇരട്ടത്താപ്പാണ്. മുന്‍വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടറുകള്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നതെന്ന് പറയുമ്പോള്‍ പരമാവധി 9 സിലിണ്ടര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്കും മാത്രമാകും ഈ ആനുകൂല്യം കിട്ടുന്നത്. മുന്‍വര്‍ഷം അഞ്ചും ആറും ഏഴും എട്ടും വരെ സിലിണ്ടറുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഒമ്പത് സിലിണ്ടറുകള്‍ കിട്ടില്ലെന്നാണ് ഇതിനര്‍ത്ഥം.
അതേസമയം വീടുകള്‍ക്ക് കിട്ടാതെ വരുന്ന അധിക സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കാന്‍ വിതരണ ഏജന്‍സികള്‍ക്ക് ഇത് സൗകര്യമൊരുക്കും.
പലവിധ കാരണങ്ങള്‍കൊണ്ട് മുന്‍വര്‍ഷം ഉപയോഗിച്ച സിലിണ്ടറുകളില്‍ കുറവും കൂടുതലും ഉണ്ടാവും. പരമാവധി ഒമ്പതെണ്ണമായി നിശ്ചയിച്ചിരിക്കെ ഒരു വീടിന് മറ്റ് ഉപാധികള്‍ ഇല്ലാതെ തന്നെ സബ്സിഡി നിരക്കില്‍ 9 സിലിണ്ടറുകള്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. മുന്‍വര്‍ഷ ഉപയോഗം മാനദണ്ഡമാക്കുമ്പോള്‍ 9 സിലിണ്ടറുകള്‍ കിട്ടുന്നവരുടെ എണ്ണം വളരെയേറെ കുറയുന്നതാണ്. 9 സിലിണ്ടറുകള്‍ നല്‍കുമെന്ന് പറയുന്നതിലെ തുല്യ നീതിയാണ് ഇതുവഴി നിഷേധിക്കപ്പെടുകയെന്ന് ട്രൂറ ചെയര്മാന് വി.പി.പ്രസാദ്, കണ്‍വീനര്‍ വി.സി.ജയദേവന് എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഉപാധികളില്ലാതെ എല്ലാ വീടുകള്‍ക്കും 9 സിലിണ്ടറുകള്‍ നല്‍കണമെന്ന് ‘ട്രൂറ’ ആവശ്യപ്പെട്ടു. സാമ്പത്തികവര്‍ഷം കണക്കാക്കുന്നതിന് പകരം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഉപയോഗം പരിഗണിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്നും ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: